സെറിബ്രം : സെറിബ്രമാണ് ഏറ്റവും വലിയ മസ്തിഷ്ക്കഭാഗം. സുബോധം ഉളവാക്കുന്ന മസ്തിഷ്ക ഭാഗമാണിത്. സെറിബ്രത്തിന്റെ മുൻഭാഗം(frontal lobe) ആണ് സംസാരം, വിചാരം, വികാരം, വൈദഗ്ദ്ധ്യമാർന്ന ചലനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട മസ്തിഷ്ക്കഭാഗം. സ്പർശം ചൂട് വേദന തുടങ്ങിയവ തിരിച്ചറിയാനും മനസ്സിലാക്കാനും സഹായിക്കുന്നത് ,സെറിബ്രത്തിന്റെ മുൻ ഭാഗത്തിനു തൊട്ടു മുൻപിലുള്ള ഭാഗം(parietal lobe) ആണ്. സെറിബ്രത്തിന്റെ പിൻ ഭാഗത്തെ മധ്യമേഖലയിലാണ്(occipital lobe} ദൃശ്യബിംബങ്ങളെ തിരിച്ചറിയുകയും വിശകലനം ചെയ്യുകയും ചെയ്യുന്നത്.സെറിബ്രത്തിന്റെ രണ്ടു വശങ്ങളും(temporal lobes) കേൾവിയെ നിയന്ത്രിക്കുന്നു.കൂടാതെ ഓർമ്മകൾ സംഭരിച്ചു വയ്ക്കുന്നത് സെറിബ്രത്തിന്റെ പ്രധാന ധർമ്മമാണ്. സെറിബ്രത്തിന്റെ രണ്ട് അർദ്ധഗോളങ്ങളെ ബന്ധിപ്പിക്കുന്ന ഭാഗത്തിന് കോർപ്പസ് കൊളോസം എന്നു പറയുന്നു.
സെറിബല്ലം : സെറിബ്രം കഴിഞ്ഞാൽ എറ്റവും പ്രധാനപ്പെട്ട മസ്തിഷ്ക്ക ഭാഗമാണ്, സെറിബല്ലം അഥവാ അനുമസ്തിഷ്കം. സെറിബ്രത്തിനു പുറകിൽ അടിയിലായി ഇതു കാണപ്പെടുന്നു. പേശികളുടെ ചലനങ്ങൾ ഏകോപിപ്പിക്കുകയും ശരീരത്തിന്റെ തുലനനില കാത്തുസൂക്ഷിക്കുകയുമാണിതിന്റെ ധർമ്മം.
ഡയെൻസിഫലോൺ : സെറിബ്രത്തിനു നടുവിലും ബ്രയിൻസ്റ്റെമിനു മുകളിലായും ഈ മസ്തിഷ്ക്ക ഭാഗം സ്ഥിതിചെയ്യുന്നു. ഇത് തലാമസ്, ഹൈപ്പോ തലാമസ് എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു.ഇന്ദ്രിയങ്ങൾ വഴിയെത്തുന്ന സിരാസ്പന്ദനങ്ങളെ സ്വീകരിച്ച് അനുയോജ്യമായ മസ്തിഷ്കഭാഗത്തേക്ക് അയക്കുകയെന്നതാണ് തലാമസിന്റെ ധർമ്മം. ശരീരത്തിനു പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഒരു വ്യക്തി അറിയുന്നത് തലാമസിന്റെ പ്രവർത്തനം മൂലമാണ്. ശരീര ഊഷ്മാവ് നിയന്ത്രിക്കുക വിശപ്പും ദാഹവും ക്രമീകരിക്കുക എന്നതാണ് ഹൈപ്പോ തലാമസിന്റെ ധർമ്മം. പീയൂഷഗ്രന്ഥിയിൽ (En: Pituitary Gland) നിന്നുള്ള ഹോർമോൺ ഉല്പാദനം നിയന്ത്രിക്കുന്നതും ഈ മസ്തിഷ്ക ഭാഗം തന്നെ.
ബ്രെയിൻ സ്റ്റെം : ഹൃദയമിടിപ്പ് രക്തസമ്മർദ്ദം , ദഹനം, ശ്വസനം , എന്നിങ്ങനെയുള്ള ജീവൽ രക്ഷാപ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നത് ബ്രെയിൻ സ്റ്റെമിന്റെ കർത്തവ്യമാണ്. ഉറക്കവും ഉണരലും നിയന്ത്രിക്കുന്നതും ഈഭാഗമാണ്.
മെഡുല്ല ഒബ്ലാംഗേറ്റ : ബ്രെയിൻ സ്റ്റെമിന്റെ താഴേപകുതിയിലായി കാണപ്പെടുന്ന ഭാഗമാണിത്. അനൈശ്ചിക ജീവൽ പ്രവർത്തനങ്ങളായ ശ്വസനം , ഛർദ്ദിൽ,എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളെ ഈ ഭാഗം നിയന്ത്രിക്കുന്നു. ഹൃദയസ്പന്ദന നിരക്ക് ക്രമീകരിക്കുന്നതും മെഡുല്ലയാണ്. ഈ മസ്തിഷ്ക ഭാഗമാണ് സെറിബ്രോ സ്പൈനൽ ദ്രവം സ്രവിപ്പിക്കുന്നത്. സുഷുമ്‌ന നാഡി ബന്ധിപ്പിച്ചിരിക്കുന്നത് മെഡുല്ലയുമായിട്ടാണ്. റിഫ്ലക്സ് ആക്ഷൻ കയ്യിൽ മുള്ളുകൊള്ളുമ്പോഴോ പൊള്ളലേൽക്കുമ്പോഴോ അതിവേഗം നാം കൈവലിക്കുന്നു. നമ്മൾ ആലോചിച്ച്, എന്തുചെയ്യണമെന്ന് തീരുമാനിച്ച് ഉറപ്പിച്ച് വരുന്നതിന് മുമ്പ് ഈ പ്രതിപ്രവർത്തനം നടന്നിരിക്കും. ഉദ്ദീപനങ്ങൾക്കനുസരിച്ച് അനൈച്ഛികവും ആകസ്മികവുമായി ഉണ്ടാക്കുന്ന അതിവേഗ പ്രതികരണമാണ് റിഫ്ളക്സ് പ്രവർത്തനം. ഈ പ്രവർത്തനങ്ങൾ മെഡുല ഒബ്ലാo ഗേറ്റയിലും സുഷുമ്നയിലും വച്ചാണ് നിർവഹിക്കുന്നത്. ആകസ്മികമായി പ്രതികരിക്കേണ്ടി വരുമ്പോൾ സുഷുമ്നയിൽ വച്ചു തന്നെ പ്രതികരണത്തിന്നുള്ള നിർദ്ദേശങ്ങൾ നൽകപ്പെടുന്നു . അതിനുശേഷമായിരിക്കും ആ വേഗങ്ങൾ തലച്ചോറിൽ എത്തിച്ചേരുന്നത് ഇതേ തുടർന്നായിരിക്കും ബോധപൂർവ്വമായ പ്രതികരണം
രസകരമായ വിവരങ്ങൾ:
-
ശരീരഭാരത്തിന്റെ 2% മാത്രമെ തലച്ചോറിനുള്ളുവെങ്കിലും മൊത്തം ഉപയോഗിക്കുന്ന ഓക്സിജന്റെ 20% തലച്ചോറ് ഉപയോഗിക്കുന്നു.
-
വളരെ താഴ്ന്ന ഊഷ്മാവിൽ തലച്ചോറ് വളരെ സമയം ഓക്സിജൻ ഇല്ലാതെ അതിജീവിക്കും.
-
തലച്ചോറിന്റെ വലത്തെ പകുതി ശരീരത്തിന്റെ ഇടതുഭാഗത്തെ പ്രവർത്തനങ്ങളേയും ഇടതു പകുതി ശരീരത്തിന്റെ വലതുഭാഗത്തെ പ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്നു.
-
ഐൻസ്റ്റീന്റെ തലച്ചോരിന്റെ തൂക്കം 1250 ഗ്രാമായിരുന്നു. മനുഷ്യമസ്തിഷ്കത്തിന്റെ ശരാശരി തൂക്കം 1300 മുതൽ 1400ഗ്രാം വരെയാണ്. ശരാശരിയേക്കാൾ കുറവായിരുന്നു ഐൻസ്റ്റീന്റെ തലച്ചോറിന്റെ തൂക്കം.
-
മനുഷ്യ ലൈംഗികതയെ നിയന്ത്രിക്കുന്ന പ്രധാന അവയവം തലച്ചോർ ആണെന്ന് ശാസ്ത്രം തെളിയിക്കുന്നു. സെക്ഷുവൽ ഓറിയന്റേഷൻ, രതിമൂർച്ഛ തുടങ്ങിയവ പ്രധാനമായും മസ്തിഷ്ക്കത്തിന്റെ ധർമ്മം ആണെന്ന് ശാസ്ത്രലോകം പറയുന്നു. അതിനാൽ ഏറ്റവും വലിയ ലൈംഗികാവയവം എന്ന വിശേഷണവും തലച്ചോറിന് സ്വന്തം.






