കുതിച്ചുയർന്ന് രാജ്യത്തെ മുട്ട ഉത്‌പാദനം, ഉപയോഗത്തിലും വൻ വർധന;

0
42

ഹൈദരാബാദ് : രാജ്യത്ത് മുട്ട ഉത്‌പാദനത്തില്‍ വൻ വർധനവ്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളാണ് മുട്ട ഉത്‌പാദനത്തില്‍ മുന്നിലുള്ളത്. കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം പുറത്തിറക്കിയ ‘ബേസിക് ആനിമൽ ഹസ്ബൻഡറി സ്റ്റാറ്റിസ്റ്റിക്‌സ്-2025’ റിപ്പോർട്ട് അനുസരിച്ച്, 2024-25 വർഷത്തില്‍ രാജ്യത്തെ മൊത്തം മുട്ട ഉത്പാദനം 14,911 കോടി യൂണിറ്റിലെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 4.44% വർധനവാണിത്.

ആഗോളതലത്തിൽ, ഇന്ത്യ മുട്ട ഉത്‌പാദനത്തിൽ നിലവില്‍ രണ്ടാം സ്ഥാനത്താണ്, ചൈന ആണ് ഒന്നാമത്. ഉപയോഗ കണക്കാണെങ്കില്‍, വാർഷിക ആളോഹരി ഉപയോഗം 106 (മുട്ടകളുടെ എണ്ണം) ആയി ഉയർന്നു. 2023-24 ൽ ഇത് 103 ആയിരുന്നു. മുട്ടയുടെ ഉപയോഗ കണക്ക് പോഷകാഹാരത്തെ കുറിച്ചുള്ള വർധിച്ച് വരുന്ന അവബോധത്തെ സൂചിപ്പിക്കുന്നു. കൂടാതെ വില താങ്ങാവുന്നതായതും മുട്ടയുടെ ഉപയോഗം വർധിപ്പിച്ചു.

മുട്ട ഉത്‌പാദനത്തില്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ മുന്നില്‍

മുട്ട ഉത്‌പാദനത്തില്‍ ഒന്നാം സ്ഥാനത്ത് ആന്ധ്രപ്രദേശ് ആണ്. 18.37 ശതമാനമാണ് ആന്ധ്ര ഇന്ത്യയുടെ മുട്ട ഉത്‌പാദനത്തിലേക്ക് സംഭാവന ചെയ്യുന്നത്. രണ്ടാമത് തമിഴ്‌നാട് ആണ്. 15.63 ശതമാനമാണ് തമിഴ്‌നാടിന്‍റെ വിഹിതം. 12.98 ശതമാനവുമായി തെലങ്കാന മൂന്നാമതുണ്ട്. രാജ്യത്തിന്‍റെ മൊത്തം ഉത്‌പാദനത്തിന്‍റെ 64% ത്തിലധികം സംഭാവന ചെയ്യുന്നത് ഈ സംസ്ഥാനങ്ങളാണ്. ചുരുക്കി പറഞ്ഞാല്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് രാജ്യത്ത് മുട്ട ഉത്‌പാദനത്തില്‍ മുന്നില്‍.

2018-19 നും 2024-25 നും ഇടയിൽ, ഇന്ത്യയുടെ മുട്ട ഉത്‌പാദനം ഏകദേശം 44% വർധിച്ച് 10,380 കോടിയിൽ നിന്ന് 14,911 കോടി യൂണിറ്റായി ഉയർന്നു. ഇതിൽ വാണിജ്യ പൗള്‍ട്രി ഫാമുകൾ 12,598 കോടി മുട്ടകൾ ആണ് സംഭാവന ചെയ്‌തത്. അതേസമയം, ബാക്ക്‌യാർഡ് പൗള്‍ട്രി 2,313 കോടി മുട്ടകള്‍ സംഭാവന ചെയ്‌തു.

കുത്തനെ കൂടിയ മുട്ട ഉപയോഗം

മുട്ട ഉപയോഗത്തിലും ശ്രദ്ധേയമായ വളർച്ചയുണ്ടായി. 2018-19 ൽ പ്രതിവർഷം ഒരാൾ 79 മുട്ടകൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് 2024-25 ൽ 106 ആയി ഉയർന്നു. പ്രധാനമായും എട്ട് സംസ്ഥാനങ്ങൾ മാത്രമാണ് ദേശീയ ശരാശരിയെ മറികടന്നത്. ആന്ധ്രപ്രദേശ് (516 പ്രതിശീർഷ യൂണിറ്റ്), തെലങ്കാന (510 പ്രതിശീർഷ യൂണിറ്റ്), തമിഴ്‌നാട് (302 പ്രതിശീർഷ യൂണിറ്റ്), ഹരിയാന (299 പ്രതിശീർഷ യൂണിറ്റ്), പഞ്ചാബ് (164 പ്രതിശീർഷ യൂണിറ്റ്) എന്നിവയാണ് പട്ടികയിൽ മുന്നിൽ.

മുട്ട ഉപയോഗം വിരല്‍ ചൂണ്ടുന്നതെങ്ങോട്ട്?

മുട്ട ഉപയോഗത്തിലെ ഈ വർധനവിന് ഒന്നിലധികം ഘടകങ്ങള്‍ കാരണമായതായി വിദഗ്‌ധർ പറയുന്നു. മുട്ടകളുടെ പോഷക മൂല്യത്തെക്കുറിച്ചുള്ള അവബോധം, ശാസ്ത്രീയമായ തീറ്റ-വാക്‌സിനേഷൻ പോലുള്ള മെച്ചപ്പെട്ട കോഴി വളർത്തൽ രീതികൾ, മറ്റ് പ്രോട്ടീൻ സ്രോതസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മുട്ടയുടെ താങ്ങാനാവുന്ന വില എന്നിവയെല്ലാം ഉപയോഗത്തിലെ വർധനവിന് കാരണമായി.

സർക്കാർ സംരംഭങ്ങളും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതികളിൽ മുട്ട ഉൾപ്പെടുത്തുന്നതും അങ്കണവാടി കേന്ദ്രങ്ങൾ വഴി കുട്ടികൾക്കും ഗർഭിണികൾക്കും മുട്ട വിതരണം ചെയ്യുന്നതും ഉപഭോഗത്തെ ഗണ്യമായി വർധിപ്പിച്ചു. മുട്ടയുടെ വർധിച്ചുവരുന്ന ആവശ്യകതയും ശക്തമായ ഉത്‌പാദന ശേഷിയും ഉള്ളതിനാൽ, ഇന്ത്യയിലെ കോഴി മേഖല സുസ്ഥിര വളർച്ചയ്ക്ക് കുതിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here