മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും ലോക്‌സഭാ സ്‌പീക്കറുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു

0
56

പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തിൽ, കേന്ദ്ര മന്ത്രിസഭയിൽ ഒട്ടേറെ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു.

മുംബൈ: മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ ചകുർക്കർ (90) അന്തരിച്ചു. ഇന്ന് പുലർച്ചെ മഹാരാഷ്ട്രയിലെ ഔദ്യാഗിക വസതിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതനായിരുന്നു അദ്ദേഹം. ജീവിതകാലം മുഴുവൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയത്.

മൃദുഭാഷിയായ ഒരു രാഷ്‌ട്രീയക്കാരൻ കൂടിയായിരുന്നു ശിവരാജ് പാട്ടീൽ. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തിൽ, കേന്ദ്ര മന്ത്രിസഭയിൽ ഒട്ടേറെ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. ലാത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ഏഴ് തവണ വിജയിച്ചു.

2004 മുതൽ 2008 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായി സേവനമനുഷ്‌ഠിച്ചു. അതിനുമുമ്പ്, 1991 മുതൽ 1996 വരെ ലോക്‌സഭയുടെ പത്താമത്തെ സ്‌പീക്കറായിചുമതലയേറ്റു. 2010 മുതൽ 2015 വരെ പഞ്ചാബ് ഗവർണറായും ചണ്ഡീഗഡ് കേന്ദ്രഭരണ പ്രദേശത്തിൻ്റെ അഡ്‌മിനിസ്‌ട്രേറ്ററായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി. ഏതാനും മാസങ്ങൾക്ക് മുമ്പ് ശിവരാജ്‌ പാട്ടീലുമായി നടത്തിയ കൂടിക്കാഴ്‌ചയെക്കുറിച്ചും അദ്ദേഹം അനുസ്‌മരിച്ചു.

“ശ്രീ ശിവരാജ് പാട്ടീലിൻ്റെ വിയോഗത്തിൽ ഞാൻ ദുഃഖിതനാണ്. പൊതുജീവിതത്തിൽ എംഎൽഎ, എംപി, കേന്ദ്രമന്ത്രി, മഹാരാഷ്ട്ര നിയമസഭാ സ്‌പീക്കർ, ലോക്‌സഭാ സ്‌പീക്കർ എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ച പരിചയസമ്പന്നനായ നേതാവായിരുന്നു അദ്ദേഹം. സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾ ചെയ്യാൻ അതിയായ താത്‌പര്യമുള്ള വ്യക്തി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹവുമായി നിരവധി ആശയവിനിമയങ്ങൾ നടത്തിയിട്ടുണ്ട്, ഏതാനും മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തിൻ്റെ വസതിയിൽ വച്ച് ഒരു കൂടിക്കാഴ്‌ച നടന്നത്” പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.

ശിവരാജ് പാട്ടീൽ ചകുർക്കർ

1935 ഒക്ടോബർ 12 ന് ജനിച്ച ശിവരാജ് പാട്ടീൽ ചകുർക്കർ, ലാത്തൂരിലെ മുനിസിപ്പൽ കൗൺസിൽ മേധാവിയായി രാഷ്ട്രീയ യാത്ര ആരംഭിച്ചു. 70 കളുടെ തുടക്കത്തിൽ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, ഏഴ് തവണ ലാത്തൂർ ലോക്‌സഭാ സീറ്റ് നേടി. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രൂപതായ് പാട്ടീൽ നിലങ്കേക്കറിനോട് പരാജയപ്പെട്ടു.

പൊതു പ്രസംഗങ്ങളിലോ സ്വകാര്യ സംഭാഷണങ്ങളിലോ ഒരിക്കലും വ്യക്തിപരമായ ആക്രമണങ്ങൾ നടത്താത്ത വ്യക്തി കൂടിയായിരുന്നു അദ്ദേഹം. വിശാലമായ വായന, സൂക്ഷ്‌മമായ പഠനം, വ്യക്തമായ അവതരണം തുടങ്ങിയവ അദ്ദേഹത്തിൻ്റെ പ്രത്യേകതകളാണ്. മറാത്തി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള അദ്ദേഹത്തിൻ്റെ പ്രാവീണ്യവും ഭരണഘടനാ കാര്യങ്ങളിലുള്ള അസാധാരണമായ ഗ്രാഹ്യവും അദ്ദേഹത്തെ അക്കാലത്തെ വളരെ ആദരണീയനായ ലോക്‌സഭാ നേതാവാക്കി മാറ്റി.

 

LEAVE A REPLY

Please enter your comment!
Please enter your name here