തെലങ്കാന മുനിസിപ്പൽ തെരഞ്ഞെടുപ്പ്: പട്ടിക പുറത്തിറക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മിഷൻ,

0
38

ഹൈദരാബാദ്: തെലങ്കാനയിലെ ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും 116 മുനിസിപ്പാലിറ്റികളിലേക്കുമുള്ള തെരഞ്ഞെടുപ്പ് പട്ടിക പുറത്തിറക്കാനൊരുങ്ങി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. പട്ടിക പുറത്തിറക്കുന്നതിൻ്റെ ഭാഗമായി വിവിധ ജില്ലകളിലെ കലക്‌ടർമാർ, എസ്‌പിമാർ, പൊലീസ് കമ്മിഷണർമാർ എന്നിവരുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചേർന്നു. യോഗത്തിന് ശേഷം തെലങ്കാന സംസ്ഥാന ചീഫ് സെക്രട്ടറി രാമകൃഷ്‌ണ റാവുവുമായി തെരഞ്ഞെടുപ്പ് കമ്മിഷണർ ഉദ്യോഗസ്ഥർ കൂടിക്കാഴ്‌ച നടത്തും.

കൂടിക്കാഴ്‌ചയ്ക്ക് ഒടുവിൽ വൈകുന്നേരത്തോടെ പട്ടിക പുറത്തിറക്കാനാണ് സാധ്യതയെന്ന് വിവിധ വൃത്തങ്ങൾ അറിയിച്ചു. മറ്റ് തടസങ്ങൾ ഇല്ലെങ്കിൽ ഇന്ന് (ജനുവരി 27) തന്നെ തെരഞ്ഞെടുപ്പ് പട്ടിക പുറത്തിറക്കുമെന്നും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായെന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ വോട്ടർ പട്ടിക സംബന്ധിച്ച നടപടികളും പൂർത്തിയാക്കി. തെരഞ്ഞെടുപ്പിനായി പോളിങ് സ്റ്റേഷനുകളും ജനങ്ങളും തയാറാണ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും മാർഗ നിർദേശങ്ങളും പുറപ്പെടുവിപ്പിച്ചിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

2026 ഫെബ്രുവരി 15ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കണമെന്ന് തെലങ്കാന സംസ്ഥാന സർക്കാരിൻ്റെ നിർദേശമുണ്ടായിരുന്നു. ഫെബ്രുവരി 11ന് തെരഞ്ഞെടുപ്പിന് അനുയോജ്യമായ ദിനമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അഭിപ്രായപ്പെടുന്നു. ഫെബ്രുവരി 11ന് വോട്ടെടുപ്പ് പൂർത്തിയാക്കുകയാണെങ്കില്‍ അതേ മാസം 13-ാം തീയതിയാകും ഫലം അറിയുക.

സംസ്ഥാനത്തെ വിവിധ രാഷ്‌ട്രീയ പാർട്ടികൾ, മന്ത്രിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ തെരഞ്ഞെടുപ്പ് പ്രവൃത്തികൾ ദിവസങ്ങൾക്ക് മുൻപേ പൂർത്തിയാക്കിയിരുന്നു. പ്രക്രിയ പൂർത്തിയാക്കിയ ഉടൻ തന്നെ തെരഞ്ഞെടുപ്പിനുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് എഴുതിയിരുന്നു. 2026 ജനുവരി 19നായിരുന്നു അറിയിപ്പ് നൽകിയത്.

രണ്ട് ദിവസത്തിനകം നാമനിർദ്ദേശ പത്രിക

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് വിജ്ഞാപനം പുറത്തിറക്കിയാൽ, നാമനിർദ്ദേശ പത്രികാ സമർപ്പണം രണ്ട് ദിവസത്തിനകം ആരംഭിച്ചേക്കാമെന്ന് വിവിധ മാധ്യമങ്ങൾ അറിയിച്ചു. ഫെബ്രുവരി 14നാകും മുനിസിപ്പാലിറ്റികളിലെ മേയർ, ഡെപ്യൂട്ടി മേയർ, ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുണ്ടാകാൻ സാധ്യത. സംസ്ഥാനത്തെ 32 ജില്ലകളിലായി ഏഴ് കോർപ്പറേഷനുകൾ, 366 ഡിവിഷനുകൾ, 116 മുനിസിപ്പാലിറ്റികൾ, 2,630 വാർഡുകൾ എന്നിവിടങ്ങളിലെ വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയിരുന്നു.

26,80,014 സ്ത്രീ വോട്ടർമാരും 25,62,369 പുരുഷ വോട്ടർമാരും 640 ട്രാൻസ്ജെൻഡേഴ്‌സ് വോട്ടർമാരുമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലുമായി 8,195 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here