മുംബൈയ്ക്ക് വേണ്ടി കളിക്കുന്നതിനിടെ നിരവധി താരങ്ങള്‍ ഇന്ത്യന്‍ സീനിയർ ടീമിലും ഇടംനേടി.
ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്‌എൽ) ഏറ്റവും വിജയകരമായ ടീമുകളിൽ ഒന്നാണ് മുംബൈ സിറ്റി എഫ്‌സി. ഐഎസ്‌എല്ലിലെ നാല് പ്രധാന കിരീടങ്ങൾ സ്വന്തമാക്കിയ ടീം സ്ഥിരതയാർന്ന ശക്തിയായി തുടരുകയാണ്. നഗരത്തിന്‍റെ അതിരുകൾക്കപ്പുറത്ത് നിരവധി ആരാധകരെ നേടിയെടുത്ത ടീമിന് ഒരു പ്രത്യേക ഐഡന്‍റിറ്റി കെട്ടിപ്പടുക്കാനും കഴിഞ്ഞിട്ടുണ്ട്. പ്രകടനത്തിന്‍റേയും ശൈലിയുടെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ മികച്ച ക്ലബ്ബുകളിലൊന്നാണ് മുംബൈ. യുവ പ്രതിഭകളെ കൊണ്ടുവന്ന് മികച്ച പ്രൊഫഷണലുകളാക്കി മാറ്റുന്നതില്‍ ക്ലബ്ബിന്‍റെ പ്രതിബദ്ധത ശ്രദ്ധേയമാണ്.
സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ക്ലബ് കളിക്കാരെ മെച്ചപ്പെടുത്തുന്നതിലും അവരെ ഇന്ത്യൻ ദേശീയ ടീമിന്‍റെ ഉന്നതിയിലെത്തിക്കുന്നതിലും ഏറെ പ്രശസ്‌തി നേടിയിട്ടുണ്ട്. മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിൽ ആദ്യമായി കയറിയ പ്രതിഭകളെ മുംബൈ സിറ്റി വളർത്തിയെടുത്തിട്ടുണ്ട്. ക്ലബ്ബിന്‍റെ തന്ത്രപരമായ ഘടന, ഉന്നത പരിശീലനം, ലോകപരിചയം എന്നിവ വളർന്നുവരുന്ന, നിലവിലുള്ള ഇന്ത്യൻ കളിക്കാർക്ക് അഭിവൃദ്ധി പ്രാപിക്കാൻ അനുയോജ്യമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.
യുവ പ്രതിഭകൾക്കുള്ള ഒരു ലോഞ്ച്പാഡ്
മുംബൈ സിറ്റി എഫ്‌സിക്ക് വേണ്ടി കളിക്കുന്നതിനിടെ നിരവധി കളിക്കാർ ഇന്ത്യ സീനിയർ ടീമിലും ഇടംനേടി. 2020 ൽ ക്ലബ്ബിൽ ചേർന്ന മെഹ്താബ് സിംഗ് 2023 മാർച്ചിൽ മ്യാൻമറിനെതിരെ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും സ്‌ക്വാഡില്‍ സ്ഥിരമായി ഉള്‍പ്പെടുകയും ചെയ്‌തു. 2020 ഒക്ടോബറിൽ ടീമിൽ ചേർന്ന വിക്രം പ്രതാപ് സിംഗ് 2024 ജനുവരിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ എ.എഫ്.സി ഏഷ്യൻ കപ്പില്‍ അരങ്ങേറ്റം കുറിച്ചു. മുംബൈ സിറ്റിയിലെ തന്ത്രങ്ങള്‍ മെഹ്താബിനും വിക്രമിനും ആഭ്യന്തര പ്രകടനങ്ങളെ അന്താരാഷ്ട്ര അവസരങ്ങളാക്കി മാറ്റാൻ കഴിഞ്ഞു.
2024 നവംബറിൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച വാൽപുയയാണ് പട്ടികയിലെ മറ്റൊരു പേര്. 2023 അവസാനത്തോടെ മുംബൈ നിരയിൽ സ്ഥിരമായി കയറിയ താരത്തിനു അതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2020 ൽ ചേർന്ന ഫുർബ ലാച്ചെൻപയ്ക്ക് 2023 മാർച്ചിൽ സീനിയർ ഇന്ത്യയിലേക്ക് കോൾ ലഭിച്ചു. ഐഎസ്‌എല്ലിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളെന്ന അംഗീകാരം നേടിയ താരമാണ്. 2022 ൽ ചേർന്ന ഗുർകിരത് സിംഗ് മുംബൈ സിറ്റിയിൽ ആയിരിക്കുമ്പോൾ തന്‍റെ ആദ്യത്തെ സീനിയർ ടീമിലേക്കുള്ള വിളി സ്വന്തമാക്കി.
2022 ൽ ചേർന്ന ലാലിയൻസുവാല ചാങ്‌ടെ , 2022-23 ഐഎസ്‌എൽ സീസണിൽ പത്ത് ഗോളുകൾ നേടുകയും ആറ് അസിസ്റ്റുകളും നൽകുകയും ചെയ്‌തു. നിലവില്‍ താരം ഇന്ത്യയ്‌ക്കൊപ്പം ഒരു സ്ഥിരം കളിക്കാരനാണ്, കൂടാതെ മികച്ച ഇന്ത്യൻ ഫോർവേഡുകളിൽ ഒരാളായും താരത്തെ കണക്കാക്കുന്നു. 2021 മുതൽ 2024 വരെ ക്ലബ്ബിൽ പ്രവർത്തിച്ച രാഹുൽ ഭെകെ തന്‍റെ പ്രതിരോധ കഴിവുകളും നേതൃത്വവും ശക്തിപ്പെടുത്തി. 35-ലധികം തവണ സീനിയർ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങി. അവയിൽ പലതും മുംബൈ സിറ്റി എഫ്‌സിയുടെ കാലത്താണ്. മുംബൈയിലുള്ള കാലത്താണ് ഇന്ത്യൻ ദേശീയ ടീമിൽ തന്‍റെ സ്ഥാനം ഉറപ്പിക്കാൻ താരത്തിനു കഴിഞ്ഞത്.
2021 ഓഗസ്റ്റിൽ മുംബൈ സിറ്റി എഫ്‌സിയിൽ ഒപ്പുവച്ച അപുയ ഇന്ത്യയ്ക്കായി സ്ഥിരം മിഡ്‌ഫീൽഡ് റോളിൽ തിളങ്ങി. മുംബൈ സിറ്റിയുടെ ദീർഘകാല കളിക്കാരനായ ബിപിൻ സിംഗ് ബ്ലൂ ടൈഗേഴ്‌സിനായി ഏഴ് മത്സരങ്ങൾ കളിച്ചു. 2016 മുതൽ 2021 വരെയുള്ള മുംബൈ സിറ്റി എഫ്‌സി കാലയളവിൽ, ഗുർപ്രീത് സിംഗ് സന്ധു ഐഎസ്‌എല്ലിലും കോണ്ടിനെന്‍റല്‍ പ്രകടനങ്ങളിലും തിളങ്ങിയിരുന്നു. മുംബൈയ്ക്ക് വേണ്ടിയുള്ള അമരീന്ദര്‍ സിങ്ങിന്‍റെ സ്ഥിരതയാണ് അക്കാലത്ത് ദേശീയ ടീമില്‍ അദ്ദേഹത്തെ ഉറപ്പിച്ചു നിർത്തിയത്.






