ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരമായ ഇറാൻ്റെ സൗത്ത് പാർസ് (South Pars) എണ്ണപ്പാടത്തിന് നേരെ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തിൽ പ്ലാൻ്റിന് കേടുപാടുകൾ സംഭവിക്കുകയും ഉത്പാദനം ഭാഗികമായി നിലയ്ക്കുകയും ചെയ്‌തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ പശ്ചിമേഷ്യൻ സംഘർഷം കനക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സംഭവം റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. യുദ്ധം 20-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ഇറാൻ്റെ പ്രധാന വാതക കേന്ദ്രത്തിന് നേരെ ഇസ്രയേൽ ആക്രമണം നടത്തിയത്. ഊർജ്ജ മേഖലയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആദ്യത്തെ പ്രധാന നീക്കമാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ആഗോള വിപണികളെ പിടിച്ചുകുലുക്കിയേക്കാമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. ഇതോടെ ആഗോള ഊർജ്ജ സുരക്ഷ ആശങ്കയിലായിരിക്കുകയാണ്.
അതേസമയം സൗത്ത് പാർസ് ഗ്യാസ് ഫീൽഡിൽ ഇസ്രയേൽ ആസൂത്രണം ചെയ്‌ത ആക്രമണത്തെക്കുറിച്ച് അമേരിക്കയെ അറിയിച്ചിരുന്നുവെങ്കിലും ഓപ്പറേഷനിൽ പങ്കെടുത്തില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗൾഫിലുടനീളമുള്ള ഊർജ്ജ മേഖലയെ ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്നും വലിയ നാശനഷ്‌ടങ്ങൾക്ക് കാരണമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ എണ്ണപ്പാടമായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇറാൻ മിസൈലാക്രമണം നടത്തിയതായി ഖത്തർ സ്ഥിരീകരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരം
ഇറാൻ-ഖത്തർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എണ്ണപ്പാടമാണ് സൗത്ത് പാർസ് ഗ്യാസ് ഫീൽഡിലെ ഫേസ്-14. ഈ പ്ലാൻ്റിന് നേരെയാണ് ഇസ്രയേൽ ഡ്രോൺ-മിസൈൽ ആക്രമണം നടത്തിയത്. സ്ഫോടനത്തെത്തുടർന്ന് പ്ലാൻ്റിൽ വൻ തീപിടുത്തമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ സുരക്ഷാ കാരണങ്ങളാലും മറ്റും പ്ലാൻ്റിലെ നാല് യൂണിറ്റുകളുടെ പ്രവർത്തനം നിർത്തിവച്ചതായി അസലൂയ ഗവർണർ അറിയിച്ചു. പ്രതിദിനം 12 ദശലക്ഷം ക്യുബിക് മീറ്റർ വാതക ഉത്പാദനമാണ് ഇതുമൂലം തടസപ്പെട്ടത്. ഇറാൻ്റെ ആഭ്യന്തര വാതക ആവശ്യത്തിൻ്റെ വലിയൊരു ഭാഗം നിറവേറ്റുന്ന കേന്ദ്രം കൂടിയാണിത്. പ്രകൃതി വാതക ഫീൽഡിൽ 1,800 ട്രില്യൺ ക്യുബിക് അടിയിലധികം ഇൻ-സിറ്റു വാതകം അടങ്ങിയിരിക്കുന്നു. ഇറാൻ്റെ വാതക ശേഖരത്തിൻ്റെ 40% ത്തിലധികവും ഇവിടെ നിന്നാണ്.
ആശങ്ക തുടരുന്നു
ഇറാൻ്റെ വാതക പ്ലാൻ്റിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ആഗോള തലത്തിൽ ഇന്ധനവില കുതിച്ചുയർന്നു. അതോടെ ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 108 ഡോളറിന് മുകളിലെത്തി. അതേസമയം ഹോർമുസ് കടലിടുക്ക് ഇറാൻ അടയ്ക്കുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ. ഖത്തറും ഈ ആക്രമണത്തെ അപലപിച്ച് രംഗത്ത് എത്തിയിരുന്നു. ‘അങ്ങേയറ്റം അപകടകരവും നിരുത്തരവാദപരവുമായ നടപടി’ എന്നാണ് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്‌ടാവും വിദേശകാര്യ മന്ത്രാലയ വക്താവുമായ മജീദ് അൽ- അൻസാരി വിമർശിച്ചത്.








