വോട്ടർ ഐഡി ഇല്ലെങ്കിലും വോട്ട് ചെയ്യാം; കൈയിൽ കരുതേണ്ടത് ഈ രേഖകൾ;

0
26

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ വോട്ടെടുപ്പ്. പോളിങ് സാമഗ്രികൾ ബൂത്തുകളിലെത്തി. 2,535 ഇടത്ത് വെബ് കാസ്റ്റിങ്. കനത്ത സുരക്ഷ

തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ടുനിന്ന വാശിയേറിയ പ്രചാരണത്തിനൊടുവിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ (ഡിസംബർ 9) നടക്കും. രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 1.32 കോടി വോട്ടർമാരാണ് ഒന്നാംഘട്ടത്തിൽ ജനവിധി എഴുതുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാംഘട്ടത്തിൽ ഏഴ് ജില്ലകളിലായി 62.51 ലക്ഷം പുരുഷന്മാരും 70.32 ലക്ഷം സ്ത്രീകളും 126 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ 1.32 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 3,293 പ്രവാസി വോട്ടർമാരും നാളെ വോട്ട് ചെയ്യും. വോട്ടെടുപ്പിനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. ഉദ്യോഗസ്ഥർ സാമഗ്രികൾ ഏറ്റുവാങ്ങി വോട്ടെടുപ്പ് കേന്ദ്രങ്ങളിലേക്ക് തിരിച്ചു.

സജ്ജീകരണങ്ങൾ

ഏഴ് ജില്ലകളിലായി 15,432 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. പോളിങ് സ്റ്റേഷനുകളിൽ വൈദ്യുതി, കുടിവെള്ളം, വിശ്രമിക്കാനുള്ള സൗകര്യം, റാമ്പ്, ക്യൂ സൗകര്യം തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും ശാരീരിക അവശതയുള്ളവർക്കും ക്യൂ ഇല്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള പ്രത്യേക സൗകര്യമുണ്ടായിരിക്കും. സംസ്ഥാനത്താകെ പ്രശ്നബാധിത ബൂത്തുകളായി ജില്ലാ കലക്ടർമാർ കണ്ടെത്തിയ 2,535 ബൂത്തുകളിൽ വെബ് കാസ്റ്റിങ്ങിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സ്ഥാനാർഥികളുടെ ചെലവിൽ ആവശ്യമായ ബൂത്തുകളിൽ വിഡിയോഗ്രഫിയും അനുവദിക്കും.

വോട്ടിങ് രീതി

ഗ്രാമപഞ്ചായത്തുകളിലെ വോട്ടർമാർക്ക് പോളിങ്ങിന് അൽപം സമയക്കൂടുതലെടുക്കും. ഇവിടെ ഇവിഎമ്മിൻ്റെ മൂന്ന് ബാലറ്റ് യൂണിറ്റുകളാണ് വോട്ടിങ് കമ്പാർട്ട്മെൻ്റിൽ ഉണ്ടാവുക. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് വോട്ടർമാർ വോട്ട് രേഖപ്പെടുത്തണം. ഇവിടെ ഇവിഎമ്മിന് കൺട്രോൾ യൂണിറ്റ് ഒന്നു മാത്രമേ കാണൂ. കോർപ്പറേഷനിലും നഗരസഭകളിലും വോട്ടർമാർക്ക് ഒറ്റ വോട്ട് മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളൂ.

തിരിച്ചറിയൽ രേഖകൾ

വോട്ട് രേഖപ്പെടുത്തുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട്, പാൻകാർഡ്, ആറു മാസത്തിനുമുമ്പ് ദേശസാൽകൃത ബാങ്കുകൾ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വോട്ടർ സ്ലിപ്പ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. പ്രവാസി വോട്ടർമാർ പോളിങ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി പാസ്‌പോർട്ടിൻ്റെ ഒറിജിനൽ കാണിച്ചാൽ മാത്രമേ വോട്ട് രേഖപ്പെടുത്താൻ അനുവദിക്കുകയുള്ളൂ.

സുരക്ഷാക്രമീകരണങ്ങൾ

സമാധാനപരമായി വോട്ടെടുപ്പും വോട്ടെണ്ണലും നടത്തുന്നതിന് വേണ്ട എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു. എല്ലാ പോളിങ് സ്റ്റേഷനുകളിലും പൊലീസ് സുരക്ഷയുണ്ടാകും. വെബ് കാസ്റ്റിങ്ങും വിഡിയോഗ്രഫിയും ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നാംഘട്ടത്തിൽ 471 ഗ്രാമപഞ്ചായത്തുകളിലെ 8,310 വാർഡുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകളിലെ 1090 ബ്ലോക്ക് ഡിവിഷനുകൾ, ഏഴ് ജില്ലാ പഞ്ചായത്തുകളിലെ 164 ഡിവിഷനുകൾ, 39 മുനിസിപ്പാലിറ്റികളിലെ 1371 വാർഡുകൾ, മൂന്ന് കോർപ്പറേഷനുകളിലെ 233 വാർഡുകൾ എന്നിങ്ങനെ ആകെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് വോട്ടെടുപ്പ്.

സ്ഥാനാർഥികൾ

സംസ്ഥാനത്താകെ 75,643 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 36,034 പുരുഷന്മാരും 39,609 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറും ഇതിൽ ഉൾപ്പെടുന്നു. കണ്ണൂർ ജില്ലയിലെ 14ഉം കാസർകോട് ജില്ലയിലെ രണ്ടും വാർഡുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലെ പേട്ട വാർഡിലാണ് കൂടുതൽ സ്ഥാനാർഥികൾ.

11 പേർ മത്സരിക്കുന്ന ഇവിടെ ഒറ്റ ബാലറ്റ് യൂണിറ്റ് ഉപയോഗിച്ചുതന്നെയാണ് വോട്ടെടുപ്പ്. 15 സ്ഥാനാർഥികളെ വരെ ഒരു ബാലറ്റ് യൂണിറ്റിൽ ക്രമീകരിക്കാമെന്നതിനാൽ സംസ്ഥാനത്തൊരിടത്തും തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരട്ട ബാലറ്റ് യൂണിറ്റ് ഉപയോഗിക്കേണ്ടി വന്നിട്ടില്ല. തിരുവനന്തപുരം കോർപ്പറേഷനിലെ തന്നെ വിഴിഞ്ഞം വാർഡിൽ 10ഉം കഴക്കൂട്ടം, ബീമാപള്ളി, കണ്ണമ്മൂല, കൊച്ചി കോർപ്പറേഷനിലെ തൃക്കണ്ണാർവട്ടം വാർഡുകളിൽ ഒമ്പതും സ്ഥാനാർഥികൾ വീതമുണ്ട്.

ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ഏറ്റവുമധികം സ്ഥാനാർഥികളുള്ളത് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പഞ്ചായത്തിലെ കോളജ് വാർഡാണ് (ഒമ്പത് സ്ഥാനാർഥികൾ). കണ്ണൂർ ജില്ലയിലെ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലേക്ക് 102 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. മലപ്പട്ടം പഞ്ചായത്തിലെ 14 വാർഡുകളിലേക്ക് മത്സരിക്കാനുള്ളത് വെറും 25 പേരാണ്.

മൂന്നു വാർഡുകളിൽ സിപിഎം എതിരില്ലാതെ ജയിച്ച പഞ്ചായത്താണ് മലപ്പട്ടം. 21 വയസ്സും ഒരു ദിവസവും പ്രായമുള്ളപ്പോൾ മത്സരിച്ച നിഹാല ഒലീദാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മന്ദലാംകുന്ന് ഡിവിഷനിലെ എസ്ഡിപിഐ സ്ഥാനാർഥിയാണ് നിഹാല. വോട്ടെണ്ണൽ ഡിസംബർ 13ന് രാവിലെ എട്ടിന് ആരംഭിക്കും. വോട്ടെണ്ണൽ തത്സമയം TREND സോഫ്റ്റ്‌വെയറിലൂടെ ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here