അലർജിയുടെ മരുന്നടക്കം വ്യാജം, പിടിച്ചെടുത്തത് കോടികള്‍ വിലമതിക്കുന്ന വ്യാജ മരുന്നുകൾ;

0
35

ഗുണനിലവാര നിയന്ത്രണത്തിലെ പരാജയങ്ങളും കുട്ടികളുടെ മരണത്തിലേക്ക് നയിച്ച ചുമ സിറപ്പുകളുടെ വിതരണവുമാണ് ഓപ്പറേഷന് പിന്നില്‍. കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു.

ജയ്‌പൂര്‍: രാജസ്ഥനിലെ ജയ്‌പൂരില്‍ നിന്ന് 3.73 കോടി രൂപയുടെ വ്യാജ മരുന്നുകള്‍ ഭക്ഷ്യ സുരക്ഷാ, മയക്കുമരുന്ന് നിയന്ത്രണ ഡയറക്‌ടറേറ്റ് പിടിച്ചെടുത്തു. ഇന്നലെ രാത്രി ഏറെ വൈകി നടത്തിയ ഓപ്പറേഷനിലാണ് പിടിച്ചെടുത്തത്.

ജയ്‌പൂരില്‍ സ്ഥിതി ചെയ്യുന്ന ജികെ എൻ്റർപ്രൈസസിൽ നിന്നാണ് വ്യാജ മരുന്ന് പിടിച്ചെടുത്തതെന്ന് രാജസ്ഥാൻ ഭക്ഷ്യ സുരക്ഷാ കമ്മിഷണർ ടി. ശുഭമംഗള അറിയിച്ചു. രാജസ്ഥാൻ മെഡിക്കൽ ആൻഡ് ഹെൽത്ത് വകുപ്പ് സംസ്ഥാനത്തെ വ്യാജ മരുന്ന് നിർമാണത്തിനും വിതരണത്തിനുമെതിരെ കർശന നടപടികൾ സ്വീകരിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അലർജിക്ക് ഉപയോഗിക്കുന്ന വിൻസെറ്റ്-എൽ, ആൽഗിവിൻ-എം ടാബ്‌ലെറ്റുകൾ ഉൾപ്പെടെയുള്ള വ്യാജവും നിലവാരമില്ലാത്തതുമായ മരുന്നുകളുടെ വിൽപ്പനയിൽ ജികെ എൻ്റർപ്രൈസ് കമ്പനി പങ്കാളിയാണെന്ന് കണ്ടെത്തിയതായി ഡ്രഗ് കൺട്രോളർ അജയ് പഥക് പറഞ്ഞു. എന്നാല്‍ പരിശോധനയ്ക്കിടെ കമ്പനി പങ്കാളിയായ ഗിരിരാജ് 2019 ൽ പങ്കാളിത്തത്തിൽ നിന്ന് പിന്മാറിയതായി ഡ്രഗ് കൺട്രോൾ ഓഫിസർ (ഡിസിഒ) കോമൾ രൂപ്‌ ചന്ദാനി സ്ഥിരീകരിച്ചു.

1940 ലെ ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്‌സ് ആക്‌ട്, 1945 ലെ നിയമങ്ങൾ എന്നിവ പ്രകാരം പങ്കാളത്തില്‍ മാറ്റങ്ങള്‍ വന്നാല്‍ പുതിയ ലൈസന്‍സിന് അപേക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ ശേഷിക്കുന്ന പങ്കാളിയായ ഖേംചന്ദ് നിർബന്ധിത ലൈസൻസ് നേടാതെ പ്രവർത്തനങ്ങൾ തുടർന്നതായണ് റിപ്പോർട്ട്.

കണ്ടെത്തലുകളെത്തുടർന്ന് അനുമതിയില്ലാതെ ഫാർമസ്യൂട്ടിക്കൽ പ്രവർത്തനങ്ങൾ നടത്തിയതിന് ഖേംചന്ദിനെതിരെ ഡിസിഒമാരായ കോമൾ രൂപ്‌ ചന്ദാനിയും അശോക് കുമാർ മീണയും കേസ് രജിസ്റ്റർ ചെയ്‌തു. നിയമനടപടികളും കൂടുതൽ അന്വേഷണവും നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

രാജസ്ഥാൻ സർക്കാർ അടുത്തിടെ (2025 അവസാനത്തോടെ) നിലവാരമില്ലാത്ത ഏകദേശം 40 നിർദിഷ്‌ട മരുന്നുകൾ നിരോധിക്കുകയും കെയ്‌സൺസ് ഫാർമയിൽ നിന്നുള്ള 19 മരുന്നുകളുടെ വിതരണം നിർത്തലാക്കുകയും ചെയ്‌തിരുന്നു. ഗുണനിലവാര നിയന്ത്രണത്തിലെ പരാജയങ്ങളും കുട്ടികളുടെ മരണത്തിലേക്ക് നയിച്ച ചുമ സിറപ്പുകൾ ഉൾപ്പെട്ട സംഭവങ്ങളുമാണ് ഈ നടപടികളിലേക്ക് നയിച്ച പ്രധാന കാരണം. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് രാജസ്ഥാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (ആർ‌എം‌എസ്‌സി) ഈ വർഷം ഏഴ് സ്ഥാപനങ്ങളെയും 40 മരുന്നുകളെയും ഡീബാർ ചെയ്‌തു.

കോർപ്പറേഷൻ സ്ഥാപിതമായതിനു ശേഷമുള്ള ഏറ്റവും വലിയ നടപടിയാണിതെന്ന് ഈ വർഷം നവംബറിൽ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. സൗജന്യ മരുന്ന് പദ്ധതിയുടെ സുഗമമായ പ്രവർത്തനം പ്രധാനമാണെങ്കിലും, നിലവാരമുള്ള മരുന്നുകൾ മാത്രം വിതരണം ചെയ്യുക എന്നതാണ് മുൻ‌ഗണനയെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി ഗജേന്ദ്ര സിങ് ഖിൻ‌വ്‌സർ പറഞ്ഞു.

ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. അതിൻ്റെ ഫലമായി 2025 ൽ ഏഴ് സ്ഥാപനങ്ങളും 40 ഉത്‌പന്നങ്ങളും നിരോധിക്കപ്പെട്ടുവെന്നും, കോർപ്പറേഷൻ ആരംഭിച്ചതിനുശേഷമുള്ള ഒരു റെക്കോർഡാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here