ദേശീയ സുരക്ഷാ നിയമ പ്രകാരം കരുതൽ തടങ്കലിലായിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ മോചിപ്പിച്ച് കേന്ദ്രം. 2025ൽ സെപ്തംബറിൽ ലേയിൽ നടന്ന പ്രക്ഷോഭത്തെ തുടർന്നാണ് വാങ്ചുകിനെ കരുതൽ തടങ്കലിലാക്കിയത്.
നിയമപ്രകാരമുള്ള തടങ്കൽ കാലയളവിൻ്റെ പകുതിയോളം വാങ്ചുക് അനുഭവിച്ചു കഴിഞ്ഞുവെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. തുടക്കത്തിൽ, നാലുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ലേയിലെ സംഘർഷത്തിന് പ്രകോപനം നൽകിയത് വാങ്ചുക് ആണെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. വാങ്ചുകിനെ കസ്റ്റഡിയിലെടുത്ത ശേഷം ലേയിലെ സ്ഥിതിഗതികൾ ശാന്തമായെന്ന് കേന്ദ്രം പറഞ്ഞു.
ബന്ദും പ്രതിഷേധങ്ങളും ലഡാക്കിലെ സമാധാന അന്തരീക്ഷം തകർക്കുകയും ടൂറിസം, വ്യാപാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ലഡാക്കിൽ സമാധാനവും സുസ്ഥിരതയും പരസ്പര വിശ്വാസവും കെട്ടിപ്പടുക്കുന്നതിന് സർക്കാർ പ്രതിജ്ഞാബന്ധരാണെന്നും ഈ ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടിയാണ് ചർച്ചകൾക്ക് ശേഷം വാങ്ചുകിൻ്റെ കരുതൽ തടങ്കൽ പിൻവലിക്കാൻ തീരുമാനിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.







