രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വാഹന നിയന്ത്രണം. ഉച്ചയ്‌ക്ക് 2 മണി മുതലാണ് നിയന്ത്രണം.
തിരുവനന്തപുരം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഇന്നും (ഡിസംബർ 3) നാളെയും (ഡിസംബർ 4) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണി മുതൽ രാത്രി 9 മണി വരെയും നാളെ രാവിലെ 6 മണി മുതൽ 11 മണി വരെയുമാണ് ഗതാഗതം നിയന്ത്രണം.
ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെ ശംഖുമുഖം ഡെമസ്‌റ്റിക് എയർപോർട്ട് വരെയുള്ള റോഡിലും എയർ പോര്‍ട്ട് ആറാട്ട് ഗേറ്റ്, വള്ളകടവ്, ഈഞ്ചയ്ക്കല്‍ മിത്രാനന്ദപുരം എസ്‌പി ഫോര്‍ട്ട്, ശ്രീകണ്‌ഠേശ്വരം പാര്‍ക്ക്, തകരപ്പറമ്പ് മേല്‍പ്പാലം, ചൂരക്കാട്ടുപാളയം തമ്പാനൂര്‍ ഫ്ലൈഓവര്‍ തൈയ്ക്കാട്, വഴുതയ്ക്കാട്, വെള്ളയമ്പലം, കവടിയാര്‍ എന്നീ റോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി അനിൽകുമാർ പറഞ്ഞു.
അതേസമയം നാളെ രാവിലെ 6 മണി മുതൽ 11 മണി വരെ കവടിയാര്‍, വെള്ളയമ്പലം, മ്യൂസിയം-വേള്‍ഡ്‌വാർ, വിജെറ്റി-ആശാന്‍ സ്‌ക്വയര്‍, ജനറല്‍ ആശുപത്രി, പാറ്റൂര്‍, പേട്ട, ചാക്ക, ആള്‍സെയിൻ്റ്സ് ശംഖുംമുഖം എന്നിവിടങ്ങളിലെ റോഡുകളിലും പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്.
ഇന്ന് ശംഖുംമുഖം, വലിയതുറ, പൊന്നറ, കല്ലുംമൂട്, ഈഞ്ചക്കയ്‌ൽ വരെയും നാളെ വെള്ളയമ്പലം, വഴുതക്കാട്, തൈക്കാട്, തമ്പാനൂർ, ഫ്ലൈഓവർ, ചൂരക്കാട്ട് പാളയം, തകരപറമ്പ് മേൽ പാലം, ശ്രീകണ്‌ഠശ്വരം പാർക്ക്, എസ്‌പി ഫോർട്ട് മിത്രാനന്ദപുരം ഇഞ്ചയ്‌ക്കൽ കല്ലുംമൂട് പൊന്നറ പാലം, വലിയതുറ ഡൊമസ്‌റ്റിക് എയർപോർട്ട് റോഡ് എന്നിവിടങ്ങളിലും വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് നീക്കം ചെയത് നിയമ നടപടികൾ സ്വീകരിക്കുമെന്ന് കമ്മിഷണർ പറഞ്ഞു. വിമാനത്താവളത്തിലേക്കും റെയിൽവേ സ്‌റ്റേഷനുകളിലേക്കും പോകുന്ന യാത്രക്കാർ യാത്ര മൂൻകൂട്ടി ക്രമീകരിക്കണമെന്നും കമ്മിഷണർ പറഞ്ഞു.
54ാമത് നാവിക ദിനാഘോഷ പരിപാടികളുടെ ഭാഗമായുള്ള ഇന്ത്യന്‍ നേവിയുടെ ശക്തിപ്രകടനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് രാഷ്‌ട്രപതി തിരുവനന്തപുരത്ത് എത്തുന്നത്. ഇന്ന് വൈകുന്നേരം 4.20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും.
തുടർന്ന് നേവി ഡേ ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് നാവിക സേന അഭ്യാസങ്ങൾ വീക്ഷിക്കും. നാവിക സേന തയാറാക്കിയ രണ്ട് ടെലിഫിലിമുകൾ രാഷ്ട്രപതിക്ക് മുന്നിൽ പ്രദർശിപ്പിക്കും. തുടർന്ന് രാഷ്ട്രപതി ലോക് ഭവനിലെത്തിച്ചേരും. നാളെ രാവിലെ 9.45ന് രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങും.








