സമാധാന നീക്കങ്ങൾ ശക്തമാക്കി പാകിസ്ഥാനും ഇറാനും;

0
34

ഇസ്‌ലാമാബാദ്: അമേരിക്ക – ഇസ്രയേൽ- ഇറാൻ സംഘർഷത്തൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ സത്യസന്ധവും ആത്മാർഥവുമായ ശ്രമം തുടരുമെന്ന് പാകിസ്ഥാൻ. പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫും ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഞായറാഴ്ച ഏകദേശം 45 മിനിറ്റ് ഇരുവരും സംസാരിച്ചു. മേഖലയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ്റെയും ഇറാൻ്റെയും ഇടപെടലുകൾക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അമേരിക്ക ഉൾപ്പെടെയുള്ള വൻകിട രാജ്യങ്ങൾ ഈ ചർച്ചകളെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

യുഎസ്-ഇറാൻ ചർച്ച
ഏപ്രിൽ 11, 12 തീയതികളിൽ സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ ഇസ്‌ലാമാബാദിലേക്ക് അയച്ചതിന് ഇറാൻ നേതൃത്വത്തോട് ഷെഹ്ബാസ് ഷെരീഫ് നന്ദി അറിയിച്ചു. ഇസ്‌ലാബാദ് വേദിയായി അമേരിക്കയും ഇറാനും തമ്മിൽ അപൂർവമായ നേരിട്ടുള്ള ചർച്ചകൾ നടന്നിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കുക ലക്ഷ്യമിട്ടാണ് ഏപ്രിൽ 11നും 12നും യോഗം ചേർന്നത്. എന്നാൽ കാര്യമായ ധാരണകളൊന്നുമില്ലാതെയാണ് ഈ ചർച്ചകൾ അവസാനിച്ചത്.

ബുധനാഴ്ച അവസാനിക്കുന്ന രണ്ടാഴ്ചത്തെ വെടിനിർത്തൽ നീട്ടാൻ ലക്ഷ്യമിട്ട് പുതിയ ചർച്ചകൾ തുടങ്ങുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ തിങ്കളാഴ്ച ഇസ്‌ലാമാബാദിൽ എത്തുമെന്നും ട്രംപ് ഞായറാഴ്ച അറിയിച്ചു. എന്നാൽ രണ്ടാംവട്ട ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യം ഇറാൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ കൂടിയാണ് ഇറാൻ പ്രസിഡൻ്റുമായി പാക് പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്. സമാധാന നീക്കങ്ങൾക്കായി ഏത് വിട്ടുവീഴ്ചയ്ക്കും പാകിസ്ഥാൻ തയാറാണെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. അയൽരാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിലൂടെ മാത്രമേ പശ്ചിമേഷ്യയിലെ പ്രതിസന്ധികൾക്ക് ശാശ്വതമായ പരിഹാരം കാണാൻ സാധിക്കൂ എന്ന് ഇരുനേതാക്കളും വിലയിരുത്തി.

സമാധാന നീക്കങ്ങൾ
സൗദി അറേബ്യ, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ ലോകനേതാക്കളുമായി താൻ നടത്തിയ ആശയവിനിമയങ്ങളെക്കുറിച്ച് ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡൻ്റിനെ ധരിപ്പിച്ചു. യുദ്ധക്കെടുതികൾ നേരിടുന്ന മേഖലയിൽ ശാശ്വതമായ സമാധാനം കൊണ്ടുവരുന്നതിന് ഈ ഇടപെടലുകൾ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നയതന്ത്രത്തിലൂടെയും നിരന്തരമായ സംഭാഷണങ്ങളിലൂടെയും സമാധാനം പുനഃസ്ഥാപിക്കാനാണ് പാകിസ്ഥാൻ ലക്ഷ്യമിടുന്നത്. ഇതിനായി മേഖലയിൽ സമവായം ഉണ്ടാക്കാൻ മറ്റ് ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കിയതായും പ്രധാനമന്ത്രി അറിയിച്ചു. പ്രാദേശിക സമാധാനവും സുരക്ഷയും വർധിപ്പിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും പാകിസ്ഥാൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

കഴിഞ്ഞ ദിവസം പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീർ ടെഹ്റാൻ സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിൽ അദ്ദേഹവുമായി നടത്തിയ ക്രിയാത്മകമായ ചർച്ചകൾക്ക് ഇറാൻ ഭരണകൂടത്തോട് ഷെരീഫ് നന്ദി പറഞ്ഞു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനിയെ പാക് പ്രധാനമന്ത്രി അഭിവാദ്യങ്ങൾ അറിയിച്ചു. സമാധാന ശ്രമങ്ങൾ വിജയത്തിലെത്തിക്കുന്നതിൽ പാകിസ്ഥാൻ കാണിക്കുന്ന ശക്തമായ പ്രതിബദ്ധതയ്ക്ക് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ നന്ദി രേഖപ്പെടുത്തി. വരുംദിവസങ്ങളിൽ ഇറാനും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക, സുരക്ഷ മേഖലകളിൽ കൂടുതൽ സഹകരിച്ച് മുന്നോട്ട് പോകാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here