പൊന്നിൻ വിലയുള്ള കുങ്കുമപ്പൂവ് കശ്‌മീർ താഴ്വരയിൽ മാത്രമല്ല തൃശൂരിലും

0
27

തൃശൂർ: പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ വന്ന പുത്തുർ സ്വദേശി ജെയിംസ് കാപ്പാനിക്ക് എന്തെങ്കിലും വ്യത്യസ്‌തമായി ചെയ്യാമെന്നൊരു ആഗ്രഹം തോന്നി. ആദ്യം വിദേശ രാജ്യങ്ങളിലേയ്‌ക്ക് പച്ചക്കറിയും മറ്റും കയറ്റുമതി ചെയ്‌തായിരുന്നു തുടക്കം. പിന്നാലെയാണ് സൗദി ഡിഫൻസിൽ ജോലി ചെയ്‌തിരുന്ന ജെയിംസ് പരീക്ഷണാർഥത്തിൽ കുങ്കുമപ്പൂവ് കൃഷിയിലേയ്‌ക്ക് കടക്കുന്നത്. എന്നാല്‍ ഇതിനെ കുറിച്ച് ജെയിംസിന് വലിയ ധാരണ ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവുമധികം കുങ്കുമപ്പൂ വിരിയുന്ന കശ്‌മീരിലേക്കായിരുന്നു അദ്ദേഹത്തിൻ്റെ നോട്ടം.

കശ്‌മീരിന്‍റെ ഹൃദയത്തിലും ചരിത്രത്തിലും ഒരു പ്രത്യേക സ്ഥാനം തന്നെ കുങ്കുമപ്പൂക്കൾക്കുണ്ട്. ഏറ്റവുമധികം വില കൂടുതലും ഡിമാൻ്റുമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കുങ്കുമപ്പൂവ്. എന്തിന് പറയണം പാശ്ചാത്യ സുന്ദരി ക്ലിയോപാട്രയുടെ സൗന്ദര്യ രഹസ്യം കുങ്കുമപ്പൂവായിരുന്നത്രേ. ഇതെല്ലാം മനസ്സിലാക്കിയ ജെയിംസ് കശ്‌മീരിലേയ്‌ക്ക് വണ്ടികയറി, അവിടെ ഒരാഴ്‌ച താമസിച്ചു കുങ്കുമപ്പൂവ് കൃഷിയെ കുറിച്ചും മറ്റും കൃത്യമായും വ്യക്തമായും പഠിച്ചു.

സുഗന്ധവ്യഞ്ജന വിപണിയിൽ പൊന്നിൻ വിലയുള്ള കുങ്കുമപ്പൂവ് കശ്‌മീർ താഴ്വരയിൽ മാത്രമല്ല കേരളത്തിൻ്റെ സാംസ്‌കാരിക നഗരിയിലും വിരിയിപ്പിക്കാൻ സാധിക്കുമെന്ന് ജെയിംസ് മനസിലാക്കി. അങ്ങിനെ കശ്‌മീരിൽ നിന്ന് നാട്ടിലേക്ക് വിത്തുകളെത്തിച്ച് കൃഷിക്ക് തുടക്കം കുറിച്ചു. കൃഷിഭവൻ്റെയും പഞ്ചായത്തിൻ്റേയും അനുമതി നേടിയാണ് ജെയിംസ് കാപ്പാനി കൃഷി ആരംഭിച്ചത്. വീടിനുള്ളില്‍ തന്നെ കൃഷി ആരംഭിക്കുകയും ചെയ്‌തു.

കൃഷി രീതി

തണുപ്പ് കാലാവസ്ഥയിലാണ് കുങ്കുമപ്പൂവ് വളരുന്നത്. ആ ഒരു അന്തരീക്ഷമാണ് ജെയിംസ് തൻ്റെ കുഞ്ഞ് മുറിയിൽ സജ്ജീകരിച്ചത്. 150 അടി വിസ്‌തീർണമുള്ള ചെറിയ ഒരു മുറി. അതിൽ വെർട്ടിക്കൽ ഫാംമിങ്. എയർ കണ്ടിഷൻ ചെയ്‌ത റൂമിനുള്ളിലാണ് വിത്തുകൾ കൃഷി ചെയ്യുന്നത്. തമാശയായി പറഞ്ഞാൽ കുങ്കുമപ്പൂവിനെ കശ്‌മീരാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം ആ ചെറിയ റൂമില്‍ നിലമൊരുക്കി.

വീടിൻ്റെ മുകൾ നിലയിൽ പോളി എത്തിലിൻ ഫോമുകൾ കൊണ്ട് മറച്ച ശേഷം ശീചീകരിച്ച മുറിയിലാണ് കൃഷി. സൂര്യപ്രകാശം നേരിട്ട് ഏൽക്കാതെ പകരം അൾട്രാവയലറ്റ് ലൈറ്റുകളിൽ നിന്നുള്ള പ്രകാശമാണ് ചെടികൾക്ക് ക്രമീകരിച്ചിരിക്കുന്നത്.

വീടിൻ്റെ മുകൾ നിലയിൽ പോളി എത്തിലിൻ ഫോമുകൾ കൊണ്ട് മറച്ച ശേഷം ശീചീകരിച്ച മുറിയിലാണ് കൃഷി. സൂര്യപ്രകാശം നേരിട്ട് ഏൽക്കാതെ പകരം അൾട്രാവയലറ്റ് ലൈറ്റുകളിൽ നിന്നുള്ള പ്രകാശമാണ് ചെടികൾക്ക് ക്രമീകരിച്ചിരിക്കുന്നത്.

കൃഷി വൻ വിജയമായി മാറുകയും ചെയ്‌തതോടെ നിരവധി ആളുകളാണ് കൃഷിയെ പറ്റി അറിയാൻ ജെയിംസ് കാപ്പാനിയെ സമീപിക്കുന്നത്. ഏതൊരു കൃഷിയും പോലെ കൃത്യമായ അറിവും പരിചരണവും ഉണ്ടെങ്കിൽ മാത്രമേ കുങ്കുമപ്പൂ കൃഷിയിൽ വിജയം കണ്ടെത്താൻ ആവുകയുള്ളു എന്നാണ് ജെയിംസിൻ്റെ അഭിപ്രായം. പരീക്ഷണം വിജയം കണ്ടതിൻ്റെ സന്തോഷത്തിലാണ് ജെയിംസും കുടുംബവും. തൃശൂരിൽ മാത്രമല്ല ഇനി കേരളത്തിൽ പല സ്ഥലങ്ങളിലും യൂണിറ്റ് തുടങ്ങണം എന്നാണ് ജെയിംസ് പറഞ്ഞു.

കുങ്കുമപ്പൂവിൻ്റെ വിപണിയും പ്രത്യേകതകളും

മൂന്ന് മുതൽ ആറ് ലക്ഷം രുപ വരെയാണ് കുങ്കുമപ്പൂവിൻ്റെ വിപണി വില. സ്‌റ്റാർ ഹോട്ടലുകളിൽ വിളമ്പുന്ന വിലയേറിയ ഭക്ഷണ വിഭവങ്ങളിൽ എല്ലാം രുചിയും മണവും നൽകുന്നതിന് കുങ്കുമപ്പൂവ് ഒഴിച്ചുകൂടാനാകാത്ത ചേരുവകയാണ്. കൂടാതെ സൗന്ദര്യ വർദ്ധക വസ്‌തുക്കളുടേയും, ഔഷധ നിർമാണത്തിനും കുങ്കുമ പൂവ് ഉപയോഗിച്ചു വരുന്നുണ്ട്.

കുങ്കുമപ്പൂവില്‍ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി, ദഹനം എന്നിവ കൂട്ടാനും കുങ്കുമപ്പൂവ് നല്ലതാണ്. കുങ്കുമപ്പൂവിൽ എക്സ്ഫോളിയേറ്റിങ് ഗുണങ്ങളിള്ളതിനാൽ ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ ഇത് സഹായിക്കും. ചര്‍മത്തിലെ കറുത്തപാടുകള്‍, ചുളിവുകള്‍ എന്നിവ ഇല്ലാതാക്കാനും ഇത് ഉത്തമമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here