സാമ്പത്തിക ഇടപാടുകള്‍ക്ക് ഏറെ പ്രധാനപ്പെട്ട രേഖയാണ് നമ്മുടെ പാൻ കാർഡ്. പല ഘട്ടങ്ങളില്‍ പാൻ കാർഡ് നിർബന്ധമായും വരാറുണ്ട്. നികുതി അടയ്‌ക്കുന്നതിനും ഒഴിവാക്കുന്നതിനും തുടങ്ങി പല അവസരങ്ങളിലും പാൻ കാർഡ് തന്നെ വേണം. ഔദ്യോഗികമായ തിരിച്ചറിയല്‍ രേഖയായും പാൻ നമുക്ക് ഉപയോഗിക്കാവുന്നതാണ്.
എന്നാല്‍ പാൻ കാർഡ് സ്വന്തമാക്കുക എന്നാല്‍ ഒരു ബാലി കേറാ മലയായി കരുതുന്നവർ ഇപ്പോഴും നമക്കിടയിലുണ്ട്. അക്ഷയ കേന്ദ്രത്തിലോ ജനസേവാ കേന്ദ്രത്തിലോ പോയി പല രേഖകളും ഫോട്ടോയും സമർപ്പിച്ച് ദിവസങ്ങള്‍ കാത്തിരുന്നാലേ പാൻ കയ്യിലെത്തൂ എന്നാണ് പലരും കരുതുന്നത്. എന്നാല്‍ സാങ്കേതിക വിദ്യ അത്രകണ്ട് വളർന്ന ഇന്നത്തെ കാലത്ത് ഇതൊക്കെ എത്ര സിംപിളാണെന്ന് അറിയുമോ?.
അക്ഷയയിലും പോകേണ്ട ജനസേവാ കേന്ദ്രത്തിലും പോകേണ്ട. വീട്ടില്‍ ഇരുന്ന് തന്നെ പാൻ കാർഡിന് അപേക്ഷിക്കാം. നിങ്ങളുടെ ആധാർ, ഫോട്ടോ, ഒപ്പ് എന്നിവ മാത്രം മതി. ഫിസിക്കല്‍ പാൻ കാർഡ് നിങ്ങളുടെ കയ്യില്‍ കിട്ടും. എങ്ങനെ എന്നല്ലേ? വിശദമായി അറിയാം.
ചെയ്യേണ്ടത് ഇത്ര മാത്രം…
സ്റ്റെപ്പ് 1: ഗൂഗിള്‍ ക്രോമില്‍ Apply PAN Car online എന്ന് സെർച്ച് ചെയ്യുക. ഇപ്പോള്‍ തുറന്നു വരുന്ന വിൻഡോയില്‍ കാണുന്ന PAN Card service online| Apply for PAN Card| Easy PAN Card Application എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
സ്റ്റെപ്പ് 2: തുറന്ന് വരുന്ന വിൻഡോയില്‍ Application Type, Category, Applicant information എന്നിങ്ങനെ പൂരിപ്പിക്കേണ്ടതായി കാണാം. ഇതില്‍ ആപ്ലിക്കേഷൻ ടൈപ്പില്‍ New PAN – Indian Citizen (From 49A) എന്നത് വേണം തെരഞ്ഞെടുക്കാൻ. കാറ്റഗറി എന്നുള്ളതില്‍ INDIVIDAL എന്നത് തെരഞ്ഞെടുക്കുക. Applicant information എന്ന ഭാഗത്ത് നമ്മുടെ വിവരങ്ങളാണ് നല്‍കേണ്ടത്. വിവരങ്ങള്‍ നല്‍കുമ്പോള്‍ നമ്മുടെ എസ്‌എസ്‌എല്‍സി, ആധാർ തുടങ്ങിയ ഔദ്യോഗിക രേഖകളില്‍ നല്‍കിയിരിക്കുന്ന രീതിയില്‍ തന്നെ നല്‍കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആധാറുമായി ലിങ്ക് ചെയ്‌ത മൊബൈല്‍ നമ്പർ തന്നെ നല്‍കാൻ ശ്രദ്ധിക്കണം. നമ്മള്‍ നല്‍കുന്ന വിവരങ്ങളെല്ലാം കാപിറ്റല്‍ ലെറ്ററിലാണ് വരിക. അതില്‍ ആശങ്കപ്പെടേണ്ടതില്ല. വിവരങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ ശരിയാണോ എന്ന് ഉറപ്പ് വരുത്തണം. ശേഷം ചുവടെ കാണുന്ന ബോക്‌സില്‍ ടിക് ചെയ്യുക. ശേഷം കാണുന്ന കാപ്‌ച്ചയും നല്‍കി സബ്‌മിറ്റ് ക്ലിക് ചെയ്യുക.
സ്റ്റെപ്പ് 4: തുറന്ന് വരുന്ന ഇന്‍റർഫേസില്‍ രണ്ടാമത്തെ ഓപ്‌ഷൻ തെരഞ്ഞെടുക്കുക. ഇതില്‍ ആധാറിന്‍റെ അവസാന നാല് അക്കം നല്‍കുക. ശേഷം പേരും മറ്റ് വിവരങ്ങളും നല്‍കുക. ആധാറില്‍ നല്‍കിയിരിക്കുന്നതു പോലെ തന്നെ വേണം ഇവിടെ നല്‍കാൻ. ആവശ്യപ്പെട്ട വിവരങ്ങള്‍ മുഴുവൻ നല്‍കിയ ശേഷം Next എന്നതില്‍ ക്ലിക് ചെയ്യുക.
സ്റ്റെപ്പ് 5: തുറന്നു വരുന്ന ഇന്‍റർഫേസില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ നല്‍കുക. ഇവിടെയും ആധാറില്‍ നല്‍കിയിരിക്കുന്നത് പോലെ തന്നെ നല്‍കാൻ ശ്രദ്ധിക്കണം. താഴെയായി കാണുന്ന Representative Assessee എന്നതില്‍ No എന്ന് നല്‍കിയ ശേഷം Next ക്ലിക് ചെയ്യുക.
സ്റ്റെപ്പ് 6: നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ഇന്‍റർഫേസ് തുറന്നുവരും. ഇതും Next ക്ലിക് ചെയ്യുക. ശേഷം മറ്റൊരു ഇന്‍റർഫേസ് തുറന്നുവരും. ഇവിടെ നമ്മള്‍ പ്രൂഫായി നല്‍കുന്ന ഡോക്യുമെന്‍റാണ് നല്‍കേണ്ടത്. ഇവിടെ ആധാർ എന്ന് തെരഞ്ഞെടുക്കുന്നതാണ് എളുപ്പം. ഇവിടെ ആധാറും ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. നമ്മുടെ ഗാലറിയില്‍ നിന്ന് ഇവയുടെ ഫോട്ടോ ആവശ്യപ്പെട്ടിരിക്കുന്ന സൈസില്‍ അപ്‌ലോഡ് ചെയ്‌ത് നല്‍കുക. ഓരോന്നും അപ്‌ലോഡ് ചെയ്‌ത ശേഷം Upload ബട്ടണ്‍ ക്ലിക് ചെയ്യേണ്ടതുണ്ട്. എന്ത് വിവരങ്ങള്‍ നല്‍കിയാലും മുകളില്‍ കാണുന്ന സേവ് ഓപ്‌ഷൻ ക്ലിക് ചെയ്യുന്നത് ഉചിതമായിരിക്കും. നല്‍കിയ വിവരങ്ങള്‍ ഒരു കാരണവശാലും നഷ്‌ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും. ഫോട്ടോ, ആധാർ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്‌ത ശേഷം Submit ക്ലിക് ചെയ്യുക.
സ്റ്റെപ്പ് 7: തുറന്നു വന്നിരിക്കുന്ന ഇന്‍റർഫേസില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കുക. വിവരങ്ങള്‍ ശരിയാണോ എന്ന് ക്രോസ് ചെക്ക് ചെയ്‌ത് Proceed ക്ലിക് ചെയ്യുക.
സ്റ്റെപ്പ് 8: ഇപ്പോള്‍ തുറന്ന് വന്നിരിക്കുന്ന ഇന്‍റർഫേസില്‍ പേമെന്‍റ് ഓപ്‌ഷനാണ് ഉള്ളത്. ഇവിടെ പ്രൊസീഡ് കൊടുത്ത് Pay Confirm ക്ലിക് ചെയ്യുക. ഇപ്പോള്‍ പേമെന്‍റ് മെത്തേഡുകള്‍ കാണിക്കുന്ന വിൻഡോ തുറന്ന് വരും. തന്നിരിക്കുന്നതില്‍ നിങ്ങള്‍ക്ക് സൗകര്യപ്രദമായ പേമെന്‍റ് ഓപ്‌ഷൻ തെരഞ്ഞെടുക്കുക. അല്‍പം കാത്തിരുന്നാല്‍ പേമെന്‍റ് റസീപ്‌റ്റ് ലഭിക്കും. ഇതില്‍ Continue എന്ന് നല്‍കുക. ശേഷം ആധാർ ഒധന്‍റിക്കേഷൻ എന്ന വിൻഡോ തുറന്ന് വരും. ഇവിടെ ബോക്‌സില്‍ ടിക് നല്‍കിയ ശേഷം Authenticate എന്നത് ക്ലിക് ചെയ്യണം. ശേഷം OTP Confirmation വരും. ഇത് ക്ലിക് ചെയ്‌ത് OTP നല്‍കി Submit ക്ലിക് ചെയ്യുക. ഇപ്പോള്‍ വരുന്ന ആധാർ ഇ സൈൻ ഓപ്‌ഷനില്‍ ഭാഷ തെരഞ്ഞെടുക്കുക. ഇവിടെ ആധാർ നല്‍കിയ ശേഷം Send OTP നല്‍കുക. മൊബൈല്‍ നമ്പറിലേക്ക് വന്ന OTP നല്‍കുക. ശേഷം Verify OTP ക്ലിക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ അപേക്ഷ കാണാനാകും. ഇത് ഡൗണ്‍ലോഡ് ചെയ്യുകയോ പ്രിന്‍റ് എടുക്കുകയോ ചെയ്യാം.
ഇതോടെ നിങ്ങളുടെ അപേക്ഷ പൂർത്തിയായിട്ടുണ്ട്. ഒരാഴ്‌ചയോ ഒന്നര ആഴ്‌ചയോ കാത്തിരുന്നാല്‍ നിങ്ങളുടെ പാൻ കാർഡ് കയ്യില്‍ കിട്ടും.








