തമിഴ് സിനിമയ്ക്ക് തീരാനഷ്‌ടം; വിഖ്യാത നിര്‍മാതാവ് എവിഎം ശരവണന്‍ അന്തരിച്ചു

0
48

ചെന്നൈ: തമിഴിലെ പ്രശസ്‌ത നിര്‍മാതാവും എ.വി.എം. പ്രൊഡക്ഷന്‍സിന്‍റെ ഉടമയുമായ ശരവണന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അന്ത്യം. കഴിഞ്ഞ രണ്ടു വര്‍ഷമായി നടക്കാന്‍ ബുദ്ധിമുട്ടിയിരുന്ന ശരവണനെ കഴിഞ്ഞ മാസം ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ 86-ാം പിറന്നാള്‍.

എവിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തമിഴിലെ ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. എം ജി ആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയ മുന്‍നിര താരങ്ങളുടയുള്‍പ്പെടെ ഒട്ടേറെ സിനിമകൾ എ വി എം ശരവണന്‍ നിര്‍മ്മിച്ചിട്ടുണ്ട്. എ വി എം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നൂറോളം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.

രജനീകാന്ത് നായകനായി എത്തിയ ശിവാജി: ദ ബോസ്, വിജയ്‌യുടെ വേട്ടൈക്കാരന്‍, അരവിന്ദ് സാമി, കജോള്‍, പ്രഭുദേവ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ മിന്‍സാരക്കനവ്, സൂര്യ പ്രധാന വേഷത്തില്‍ എത്തിയ അയന്‍, ജമിനി, പ്രിയമാന തോഴി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് ശരവണന്‍.

നാനും ഒരു പെണ്‍, സംസാരം അത് മിന്‍സാരം എന്നീ ചിത്രങ്ങള്‍ക്ക് ഫിലിംഫെയര്‍ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1986 ൽ മദ്രാസ് നഗരത്തിന്‍റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. തമിഴ്‌നാട് സർക്കാരിന്‍റെ കലൈമാമണി അവാർഡ്, പുതുച്ചേരി സർക്കാരിന്‍റെ സിഗരം അവാർഡ് തുടങ്ങിയ അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

തമിഴ് സിനിമാ ലോകത്തേക്ക് ഒട്ടേറെ സൂപ്പര്‍സ്റ്റാറുകളെ പരിചയപ്പെടുത്തിയ എവിഎം കമ്പനി നിലവില്‍ അദ്ദേഹത്തിന്‍റെ മകന്‍ എം എസ് ഗുഹനാണ് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. ലീഡർ, എവരൈന കുംകും, ജെമിനി, ആ ഒക്കത്തി അടക്കു, സംസാരം ഒക്ക ചദരം, ശിക്ഷ, നാഗു, മൂടു മുള്ള തുടങ്ങി ഒട്ടേറെ തെലുങ്ക് സിനിമകളും നിർമിച്ചിട്ടുണ്ട്. മലയാളത്തില്‍ ടിവി പരമ്പരകളും നിര്‍മിച്ചിട്ടുണ്ട്. കന്നഡ, ഹിന്ദി ഭാഷകളിലെ പ്രമുഖ സംവിധായകരുടെയും നടന്മാരുടെയും ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു.

എവിഎം പ്രൊഡക്ഷന്‍സിന്‍റെയും സ്റ്റുഡിയോയുടേയും ഉടമയായ എവി മെയ്യപ്പന്‍റെ മകനായി 1939-ലാണ് ജനനം. പിതാവിന്‍റെ പാത പിന്തുടര്‍ന്ന് സഹോദരന്‍ എം. ബാലസുബ്രഹ്‌മണ്യത്തിനൊപ്പം സിനിമാ നിര്‍മാണ ലോകത്തേക്ക് ചുവടുവെച്ചു.

1950 മുതല്‍ സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന എ.വി. ശരവണന്‍, 1979-ല്‍ പിതാവിന്‍റെ മരണശേഷം എ.വി. പ്രൊഡക്ഷന്‍സിന്‍റെ അമരക്കാരനായി.

മൃതദേഹം വൈകീട്ട് മൂന്നരവരെ വടപളനി എവിഎം സ്റ്റുഡിയോസില്‍ പൊതുദര്‍ശനത്തിനുവെക്കും.

LEAVE A REPLY

Please enter your comment!
Please enter your name here