വാഷിങ്ടണ്‍: യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിന് ആഗ്രഹമുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ ട്രംപ് പറഞ്ഞു. യുക്രെയ്‌ന്‍ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട് പുടിനും യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും സംഘവും നടത്തിയ ചര്‍ച്ചയ്‌ക്ക് പിന്നാലെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പുടിനുമായി മോസ്‌കോയില്‍ അഞ്ച് മണിക്കൂർ നീണ്ട ചര്‍ച്ചയാണ് നടത്തിയത്.
“പുടിൻ ഇന്നലെ ജാരെഡ് കുഷ്‌നറുമായും സ്റ്റീവ് വിറ്റ്‌കോഫുമായും കൂടിക്കാഴ്‌ച നടത്തി. പുടിൻ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. അക്കാര്യം കൂടിക്കാഴ്‌ചയില്‍ സൂചിപ്പിച്ചു” ട്രംപ് പറഞ്ഞു. ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിലായിരുന്നു ചർച്ചകൾ കേന്ദ്രീകരിച്ചത്. എന്നിരുന്നാലും സംഘർഷം ആരംഭിച്ചതിന് ശേഷം വാഷിങ്ടണും മോസ്കോയും തമ്മിലുള്ള നിര്‍ണായകമായ കൂടിക്കാഴ്‌ചയാണിതെന്ന് ഉപദേഷ്‌ടാവ് യൂറി ഉഷാക്കോവ് പറഞ്ഞു. പ്രദേശിക വിഷയങ്ങളിൽ ഒരു വിട്ടുവീഴ്‌ചയും പുടിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്‌നിലെ പ്രതിസന്ധി പരിഹരിക്കുന്നതിലേക്ക് ഞങ്ങൾ ഇതുവരെ എത്തിയിട്ടില്ല. ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്. ചർച്ചകൾ രാത്രി വൈകിയും തുടർന്നു. അമേരിക്കൻ പക്ഷം പുതിയ നിർദ്ദേശങ്ങൾ അവതരിപ്പിച്ചെങ്കിലും യുക്രേനിയൻ പ്രദേശത്തെ ചുറ്റിപ്പറ്റിയുള്ള പ്രധാന തർക്കങ്ങൾ നിലനിന്നിരുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ശത്രുത അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ റഷ്യയുടെ സോവറിന്‍റെ വെല്‍ത്ത് ഫണ്ടിന്‍റെ തലവന്‍ കിറിൽ ദിമിട്രിവ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തതായി ഉഷാകോവ് പറഞ്ഞു. ചർച്ചകൾ സ്വകാര്യമായി തുടരും. ചർച്ച രഹസ്യമായിരുന്നുവെന്നും ഉഷാകോവ് പറഞ്ഞു.
നയതന്ത്ര ഇടപെടലും തുടരുന്നുണ്ട്. പ്രധാനപ്പെട്ട നിരവധി രാഷ്ട്രീയ കാര്യങ്ങള്‍ ട്രംപിനോട് നേരിട്ട് പറയണമെന്ന് പുടിൻ വിറ്റ്‌കോഫിനോട് ആവശ്യപ്പെട്ടതായും ക്രെംലിൻ വ്യക്തമാക്കി. അവർ തങ്ങളുടെ കണ്ടെത്തലുകൾ ട്രംപിന് മുന്നിൽ അവതരിപ്പിക്കുകയും ഞങ്ങളെ ബന്ധപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് സർക്കാരുകൾ തമ്മിലുള്ള കൂടുതൽ ആശയവിനിമയം ആസൂത്രണം ചെയ്‌തിട്ടുണ്ടെന്ന സൂചനയും അദ്ദേഹം നല്‍കി.
യുഎസ് പ്രതിനിധി സംഘത്തെ കാണുന്നതിന് മുമ്പേ സമാധാന പ്രക്രിയയിൽ യൂറോപ്യൻ പങ്കാളിത്തത്തെ പുടിൻ വിമർശിച്ചു. യുറോപ്യന്‍ യൂണിയനുകള്‍ “ഒരേയൊരു കാര്യം മാത്രം ലക്ഷ്യം വച്ചുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു. മുഴുവൻ സമാധാന പ്രക്രിയയെയും മൊത്തത്തിൽ തടയുക എന്നതാണ്” പുടിന്‍ പറഞ്ഞു.






