കേരളത്തിൽ മഴ തുടരും

0
74

ഇരട്ട ന്യൂനമർദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് വർധിച്ചതിനെത്തുടർന്ന് ഷട്ടറുകൾ ഉയർത്തിയ നിലയിൽ തന്നെയാണ്.

തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അറബിക്കടലിൽ ഉയർന്ന ലെവലിൽ കേരള തീരത്തിന് സമീപം ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂന മർദ സാധ്യതയും നിലനിൽക്കുന്നുണ്ട്.ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി വരും മണിക്കൂറുകളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യുനമർദമായി ശക്തി പ്രാപിക്കും.

തുടർന്നുള്ള 48 മണിക്കൂറിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യത.അറബിക്കടൽ ന്യൂനമർദത്തിൽ നിന്നും കേരള തീരത്തിനു സമീപം തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിലൂടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ വരെ ന്യൂനമർദ പാത്തിയും സ്ഥിതി ചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 20 മുതൽ 24 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, ഒക്ടോബർ 22, 23, 24 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. അടുത്ത 5 ദിവസം ഇടി മിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഓറഞ്ച് അലേർട്ട്

  • 22/10/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
  • 23/10/2025: കോഴിക്കോട്, വയനാട്
  • 24/10/2025: കണ്ണൂർ, കാസർകോട്

യെല്ലോ അലർട്ട്

  • 21/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
  • 22/10/2025: തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
  • 23/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ, കാസർകോട്
  • 24/10/2025: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

LEAVE A REPLY

Please enter your comment!
Please enter your name here