ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റ ആദ്യ ഘട്ടത്തിലെ സ്ഥാനാർഥികൾ അന്തിമമായി. 1314 പേരാണ് ആദ്യ ഘട്ടത്തിൽ മത്സരത്തിനിറങ്ങുന്നത്. സൂക്ഷ്‌മ പരിശോധന, നാമനിർദേശ പത്രിക പിൻവലിക്കൽ, നിരസിക്കൽ എന്നിവയ്‌ക്ക് പിന്നാലെയാണ് ഔദ്യോഗിക അന്തിമ സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടത്.
ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ഉള്‍പ്പെടുന്ന 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായി ആകെ 1690 പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ 315 പേരുടെ നാമനിർദേശ പത്രിക വിവിധ കാരണങ്ങളാൽ നിരസിക്കപ്പെട്ടു. 61 പേർ പത്രിക പിൻവലിച്ചു. ആകെ 38 ജില്ലകള്‍ ഉള്ളതിൽ 18 ജില്ലകളിലാണ് ആദ്യഘട്ടത്തിൽ ജനം വിധിയെഴുതുന്നത്.
“നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി തിങ്കളാഴ്‌ച അവസാനിച്ചു. 1314 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. ഒക്ടോബർ 10 മുതൽ 17 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ നടന്നു. ഒക്ടോബർ 18ന് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടത്തി” – തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്‌താവനയിൽ പറഞ്ഞു.
പട്‌ന ജില്ലയിലെ പാലിഗഞ്ച് നിയമസഭാ മണ്ഡലത്തിൽ സമർപ്പിച്ച 29 പത്രികകളിൽ 15 എണ്ണം തള്ളി. എറ്റവുമധികം പത്രിക തള്ളിയ മണ്ഡലമാണ് പാലിഗഞ്ച്. 21 പത്രികകളിൽ ഒൻപതെണ്ണം തള്ളിയ വൈശാലി ജില്ലയിലെ ഹാജിപൂർ മണ്ഡലമാണ് രണ്ടാം സ്ഥാനത്ത്. ഭോജ്‌പൂർ ജില്ലയിലെ ജഗദീഷ്‌പൂർ, നളന്ദ ജില്ലയിലെ ബിഹാർ ഷരീഫ്, ഗോപാൽഗഞ്ച് ജില്ലയിലെ ബറൗളി എന്നീ മണ്ഡലങ്ങളാണ് പത്രിക തള്ളിയതിൽ മൂന്നാം സ്ഥാനത്തുള്ളത്.
സരൺ ജില്ലയിലെ മർഹൗറ മണ്ഡലത്തിൽ നിന്നുള്ള ലോക് ജനശക്തി പാർട്ടിയുടെ സീമ സിങ്, സമസ്‌തീപൂർ ജില്ലയിലെ റൊസേര മണ്ഡലത്തിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) ലക്ഷ്‌മൺ പാസ്വാൻ, ആം ആദ്‌മി പാർട്ടിയുടെ പ്രേം പ്രതാപ് സിങ് എന്നിവരാണ് തള്ളിയ പത്രികയിലെ പ്രമുഖർ.
ഗോപാൽഗഞ്ചിലേക്ക് മത്സരിക്കുന്ന ജനശക്തി ജനതാദൾ സ്ഥാനാർഥി ധർമ്മേന്ദ്ര ക്രാന്തികാരി കനത്ത സുരക്ഷയിൽ ജയിലിൽ നിന്ന് എത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. സത്യവാങ്മൂലത്തിൽ ജയിലിലടച്ചതിൻ്റെ കാരണം വ്യക്തമാക്കിയിരുന്നില്ല. ഇതോടെ പത്രിക തള്ളുകയായിരുന്നു.
ഗോപാൽഗഞ്ച് ജില്ലയിലെ ബറൗളിയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മുകേഷ് പണ്ഡിറ്റ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ സ്‌പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്‌ഐആർ) പൂർത്തിയാക്കിയ ശേഷം പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ പേരിൽ വ്യത്യാസം കണ്ടതിനാൽ പത്രിക തള്ളി.
നവംബർ ആറിനാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. തുടർന്ന് നവംബർ 11ന് രണ്ടാം ഘട്ടവും നവംബർ 14ന് വോട്ടെണ്ണലും നടക്കും. ബിഹാർ നിയമസഭയിൽ ആകെ 243 സീറ്റുകളാണുള്ളത്. 122 മണ്ഡലങ്ങൾ ഉൾപ്പെടുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധിയും തിങ്കളാഴ്‌ച അവസാനിച്ചിരുന്നു.
ഇന്ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടക്കും, ഒക്ടോബർ 23 വരെ സ്ഥാനാർഥിത്വം പിൻവലിക്കാൻ അവസരമുണ്ടാകും. അതേസമയം, തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ കർശന പരിശോധനയിൽ 4.2 കോടിയിലധികം രൂപയുടെ കള്ളപ്പണവും 23.4 കോടി രൂപയുടെ മദ്യവും 17 കോടി രൂപയുടെ മയക്കുമരുന്നും 5.5 കോടി രൂപയുടെ വിലയേറിയ ലോഹങ്ങളും സംസ്ഥാനത്ത് നിന്ന് എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികൾ പിടിച്ചെടുത്തിട്ടുണ്ട്.





