കുട്ടികളിലെ ചുമയുടെ ചികിത്സയും ചുമ മരുന്നുകളുടെ ഉപയോഗവും സംബന്ധിച്ച് ആരോഗ്യ വകുപ്പ് ടെക്നികൽ ഗൈഡ് ലൈൻ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിന് പുറത്ത് ചുമ മരുന്ന് കഴിച്ചതിനെ തുടർന്ന് നിരവധി കുട്ടികൾ മരണമടഞ്ഞുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇത് സംബന്ധിച്ച് പഠിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ വിദഗ്ധ സമിതി റിപ്പോർട്ട് ഉൾക്കൊള്ളിച്ചാണ് സംസ്ഥാനത്തിന് പ്രത്യേകം ഗൈഡ് ലൈൻ പുറത്തിറക്കിയത്.
ചികിത്സിക്കുന്ന ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ഫാർമസിസ്റ്റുകൾ, പൊതുജനങ്ങൾ എന്നിവർക്കായുള്ള സമഗ്ര മാർഗരേഖയാണ് പുറത്തിറക്കിയത്. ചുമയുടെ ക്ലിനിക്കൽ സമീപനവും മാനേജ്‌മൻ്റും, പലതരം ചുമകളും രോഗ ലക്ഷണങ്ങളും, വിട്ടുമാറാത്ത, തുടർച്ചയായുള്ള ചുമയ്ക്കുള്ള സമീപനം, ചുമയുള്ള കുട്ടിയുൻ്റെ ക്ലിനിക്കൽ പരിശോധന എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചുമയുമായി എത്തുന്ന കുട്ടികൾക്കുള്ള പരിശോധന, കുട്ടികളിലെ ചുമയുൻ്റെ നിയന്ത്രണം, ചുമ ചികിത്സിക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ എന്നിവയും ഗൈഡ് ലൈൻ്റ ഭാഗമാണ്.
ഔഷധേതര പ്രാഥമിക നടപടികൾ, ഡോസേജും സുരക്ഷാ പരിഗണനകളും, കേരള ഡ്രഗ്സ് കൺട്രോളർ പുറപ്പെടുവിച്ച സർക്കുലർ (04.10.2025) വഴിയുള്ള പ്രധാന നിർദേശങ്ങൾ, ഫാർമസിസ്റ്റുകൾക്കുള്ള നിർദേശങ്ങൾ, പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ എന്നിവയും ടെക്നികൽ ഗൈഡ് ലൈനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മാതാപിതാക്കളും പരിചരിക്കുന്നവരും കുട്ടികൾക്ക് സ്വയം ചികിത്സ നിശ്ചയിക്കരുത്. ഓരോ കുഞ്ഞിൻ്റെയും പ്രായവും തൂക്കവും നോക്കിയാണ് ഡോക്ടർമാർ മരുന്ന് കുറിക്കുന്നത്. അംഗീകൃത ഡോക്ടറുൻ്റെ കുറിപ്പടികൾ പ്രകാരമുള്ള മരുന്നുകൾ യോഗ്യതയുള്ള ഒരു ആരോഗ്യ സംരക്ഷണ ദാതാവിൻ്റെ മേൽനോട്ടത്തിലായിരിക്കണം നൽകേണ്ടത്.
ഡോസേജ് കൂടാൻ പാടില്ല. ചില മരുന്നുകളുൻ്റെ അനുചിതമായ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ ശ്രദ്ധിക്കണം. ആരോഗ്യ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്ന എല്ലാ കഫ് സിറപ്പ് ഉത്പന്നങ്ങളും ശരിയായ നിർമാണ മാനദണ്ഡങ്ങൾ പാലിക്കുകയും ഡൈഎത്തിലീൻ ഗ്ലൈകോൾ (ഡിഇജി), എഥിലീൻ ഗ്ലൈകോൾ (ഇജി) പോലുള്ള ദോഷകരമായ മാലിന്യങ്ങൾ ഇല്ലാത്തതുമായിരിക്കണം. 2 വയസിന് താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുത്. കഫ് സിറപ്പ് അത്യാവശ്യമാണെങ്കിൽ പ്രത്യേകം വിലയിരുത്തിയതിന് ശേഷം നൽകുക. 2 വയസ് മുതൽ 5 വയസുവരെ പൊതുവിൽ ഒഴിവാക്കുന്നതാണ് നല്ലത്.
ക്ലിനിക്കൽ വിലയിരുത്തലിന് ശേഷം പ്രത്യേക നിരീക്ഷണത്തോടെ നൽകുക. 5 വയസിന് ശേഷമുള്ള കുട്ടികൾക്ക് പ്രത്യേകം വിലയിരുത്തലിന് ശേഷം നൽകുക. ചെറിയ കാലയളവിൽ ചെറിയ ഡോസിൽ മാത്രം നൽകുക. ഡ്രഗ്സ് കൺട്രോളറുൻ്റെ നിർദേശങ്ങൾ ഫാർമസിസ്റ്റുകൾ കൃത്യമായി പാലിക്കണം. കുട്ടികൾക്കുള്ള മരുന്ന് നൽകുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. കാലവധി തീർന്ന മരുന്നല്ലെന്ന് ഉറപ്പാക്കണം. ഗുണനിലവാരമുള്ള മരുന്നുകളുൻ്റെ സർട്ടിഫിക്കറ്റുള്ള നിർമാതാക്കളിൽ നിന്ന് മാത്രമേ മരുന്നുകൾ ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം.
പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ ഇവയാണ്: ചുമ ഒരു രോഗമല്ല, ഒരു ലക്ഷണമാണ്, അതിനാൽ സ്വയം മരുന്ന് കഴിക്കരുത്. ചുമ സിറപ്പുകളോ ഫോർമുലേഷനുകളോ ആവശ്യപ്പെടരുത്. ശിശുരോഗവിദഗ്ധൻ്റെ നിർദേശങ്ങൾക്കനുസൃതമായി മാത്രം അവ ഉപയോഗിക്കുക. ബാക്കി വരുന്ന മരുന്നുകളും കാലഹരണപ്പെട്ട കുറിപ്പടികളും ഉപയോഗിക്കരുത്. ഒരു കുട്ടിക്ക് നിർദേശിക്കുന്ന മരുന്ന് ശിശുരോഗ വിദഗ്ധനെ സമീപിക്കാതെ മറ്റൊരു കുട്ടിക്ക് കൊടുക്കരുത്.
ചുമയുള്ള കുട്ടികളിൽ നെഞ്ചുവേദന, ശ്വാസതടസം, ചുമയ്ക്കുമ്പോൾ രക്തം വരിക, അമിതമായ ക്ഷീണം, അപസ്മാരം, സയനോസിസ് അല്ലെങ്കിൽ സെൻസോറിയത്തിൽ മാറ്റം വന്നാൽ, ഉടൻ തന്നെ ഒരു ശിശുരോഗവിദഗ്ധനെ ബന്ധപ്പെടുക. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ നിർദിഷ്ട കാലയളവിൽ നിർദിഷ്ട അളവിൽ മാത്രം ഉപയോഗിക്കണം. എല്ലാവരും ഈ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.







