പ്രകൃതിയുടെ വശ്യതയും ഗ്രാമീണഭംഗിയും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ഉറപ്പായും കണ്ടിരിക്കേണ്ട ഒരിടമാണ് തൃശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന വാഴാലിക്കാവ്.
പച്ചപരവതാനി വിരിച്ചതുപോലെ പരന്നു കിടക്കുന്ന വയലേലകള്‍… ആലിലകള്‍ കിന്നാരം പറയുന്ന മർമര ശബ്‌ദം… നല്ല കുളിർക്കാറ്റും ഇളം വെയിലും… പ്രകൃതിയുടെ ക്യാൻവാസിൽ വിരിഞ്ഞ ചിത്രം പോലെ മനോഹരമായ വാഴാലിക്കാവ് ഗ്രാമം.
ആരുടേയും മനം മയക്കുന്നതാണ് വള്ളുവനാടൻ ഗ്രാമീണഭംഗിക്ക് മാറ്റുകൂട്ടുന്ന നിളാ തീരത്തെ ഈ കൊച്ചുഗ്രാമത്തിലെ കാഴ്‌ചകള്‍. ദൂരേക്ക് നോക്കിയാൽ കുന്നിൻ ചെരിവുകളും ചുറ്റോടുചുറ്റും പച്ചപ്പട്ടണിഞ്ഞ വയലുകളും കളകളാരവത്തോടെ ഒഴുകും നിളാനദിയും ഒപ്പം അനുഷ്‌ഠാന പാരമ്പര്യത്തിൻ്റെ പെരുമയേറും കൂത്തുമാടവും ഇവിടുത്തെ കാഴ്‌ചകളെ സ്വർഗതുല്യമാക്കുന്നു.
തൃശൂർ ജില്ലയിലെ പൈങ്കുളം ഗ്രാമത്തിലാണ് പ്രകൃതിയുടെ പ്രഭാവലയം അണിഞ്ഞ വാഴാലിക്കാവ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. കേരളത്തനിമ നിലനിൽക്കുന്ന ചില പൗരാണിക ഇടങ്ങളിലൊന്നാണ് വാഴാലിക്കാവ്. ഒട്ടുമിക്ക പ്രകൃതി ആസ്വാദകരുടെയും പ്രിയപ്പെട്ട ലൊക്കേഷനുകളിൽ ഒന്ന്. മലയാളികളുടെ മനസിൽ മാത്രമല്ല, ഇവിടെയെത്തുന്ന വിദേശ സഞ്ചാരികളുടെ പോലും മനം നിറക്കുകയാണ് ഈ ഉൾഗ്രാമം ഒരുക്കിയ ദൃശ്യവിരുന്നിൻ്റെ വശ്യത.
നേരിട്ടുകണ്ടില്ലെങ്കിലും, മലയാളികളുടെ മനസിൽ പതിഞ്ഞ പല സിനിമകളുടേയും പശ്ചാത്തലം മനോഹരമാക്കിയ വാഴാലിക്കാവിനെ സ്‌ക്രീനിലെങ്കിലും കാണാത്തവർ വിരളമായിരിക്കും. ചിറക്കൽ ശ്രീഹരിയുടെ പ്രണയത്തെ അനശ്വരമാക്കിയ ചന്ദ്രോത്സവം വാഴാലിക്കാവിൻ്റെ ദൃശ്യഭംഗിയെ അഭ്രപാളിയിൽ നിറച്ചു. കാവിൻ്റെ പരിസരത്ത് ചിത്രീകരിച്ച സീനുകൾ ഇന്നും റീലുകളിലൂടെയും സേവ് ദ ഡേറ്റുകളിലൂടെയും വ്‌ളോഗുകളിലൂടെയും സമൂഹമാധ്യമങ്ങളിൽ ട്രെൻ്റിങ് ആണ്.
ഫോട്ടോ ഷൂട്ടുകാരുടെയും വ്‌ളോഗർമാരുടെയും ലിസ്‌റ്റിൽ ഒരു പ്രധാന ഇടമായിമാറിയിട്ടുണ്ട് ഇന്നിവിടം. വാഴാലിക്കാവ് ഒരിക്കൽ പോലും സന്ദർശിച്ചിട്ടില്ലാത്തവരിൽ ഒരിക്കലെങ്കിലും കാണണം എന്ന മോഹവും ഇതിനോടകം തന്നെ ഉടലെടുത്തിട്ടുണ്ടാകണം.
വാഴാലിക്കാവും ഭാരതപ്പുഴയും
നെൽക്കതിരുകൾ നിറഞ്ഞ വയലുകളിലെ ചെറുവഴികളിലൂടെ നടന്നു വരുമ്പോൾ മറ്റെല്ലാം നമ്മൾ മറക്കും. ഇവിടെ എത്താൻ ആഗ്രഹിക്കുന്നവർ അതികാലത്ത് എത്തുന്നതാവും ഉചിതം. സൂര്യൻ ഉദിക്കുന്നതിന് മുൻപ് എത്തിയാൽ വാഴാലിക്കാവിൻ്റെ മനോഹാരിത ഒട്ടും ചോരാതെതന്നെ ആസ്വദിക്കാം.
സൂര്യോദയത്തിൻ്റെ ഭംഗിയും പുലർക്കാലത്തെ കോടയും ഇളം തണുപ്പും എല്ലാം ഇവിടുത്തെ മികച്ച യാത്രാനുഭവങ്ങളാണ്. താത്‌പര്യം ഉള്ളവർക്ക് വാഴാലിക്കാവിലമ്മയെയും തൊഴുതുമടങ്ങാം. ഇവിടെയെത്തുന്ന സഞ്ചാരികളുടെ പ്രധാന സ്‌പോട്ട് ദൂരെനിന്നുതന്നെ കണ്ണോടിയെത്തുന്ന ആൽത്തറയാണ്. ഫോട്ടോ പ്രേമികളുടെ ഇഷ്‌ട ലൊക്കേഷൻ.
അതിനോട് ചേർന്നൊരു പഴയ കൂത്തുമാടവും ഉണ്ട്. ഈ കൂത്തുമാടത്തിന് നാനൂറ് വർഷം പഴക്കം ഉണ്ടെന്നാണ് ചരിത്രം പറയുന്നത്. ദേവിക്ക് പാവക്കൂത്ത് കാണാനാണ് കൂത്തുമാടം ഒരുക്കിയത് എന്നാണ് പുരാതന സങ്കൽപം. പല ഫോട്ടോകളിലും നമ്മൾ കണ്ടിട്ടുണ്ടായിരിക്കും ഈ ആൽത്തറയും കൂത്തുമാടവും. ഓരോ ദിവസവും നിരവധി പേരാണ് ഇവിടെ എത്തുന്നത്. ഇവിടെയെത്തി ഒരു ഫോട്ടോ പോലും എടുക്കാതെ മടങ്ങുന്നവർ വിരളമാണ്.
നിളയുടെ തീരങ്ങൾ
1990കളിൽ മലയാള സിനിമയിൽ കണ്ടിരുന്ന ഗ്രാമീണഭംഗി ഇവിടെ ഇന്നും കാണാൻ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വാഴാലിക്കാവിൽ എത്തുന്നവർ ഉറപ്പായും ചെന്നെത്തുന്ന തൊട്ടടുത്തുള്ള കുളിരിടമാണ് നിളയുടെ കരകൾ. ആറാം തമ്പുരാൻ, കിളിച്ചുണ്ടൻ മാമ്പഴം, ദേവാസുരം, മാടമ്പി, ദ്രോണ, വല്ല്യേട്ടൻ, രാപ്പകൽ എന്നിങ്ങനെ നിളയുടെ സൗന്ദര്യത്തെ എടുത്തുകാട്ടുന്ന ചിത്രങ്ങളുടെ ഒരു നിര തന്നെയുണ്ട്.
കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിൽ തന്നെ നിളയെ ഒരു പുഴയായും അതേ സമയം നിളയുടെ തീരത്തെ ഒരു മണലാരണ്യമായും ചിട്ടപ്പെടുത്തിയ സീനും കാണാൻ കഴിയും. നിളയുടെ കടവിൽ ഇവിടുത്തെ പ്രദേശവാസികൾ അലക്കാനും കുളിക്കാനുമൊക്കെയായി ഒത്തുകൂടുമായിരുന്നു. എന്നാലിന്ന് പുഴയുടെ അവസ്ഥ അൽപം ശോചനീയമാണ്. ഇന്നിവിടെ എത്തിയാൽ മെലിഞ്ഞ നിളയെയാണ് കാണാൻ കഴിയുന്നത്.
എന്നാൽ ഓരോ വട്ടവും ഋതുക്കൾ മാറുന്നതനുസരിച്ച് പുഴയുടെയും വാഴാലിക്കാവിൻ്റെയും ഭംഗിയും മാറും. മാത്രമല്ല, പല പ്രദേശങ്ങളിലും ചെറുതും വലുതുമായ വികസനങ്ങൾ വന്നിട്ടുണ്ടെങ്കിലും എൺപതുകളിലെയും തൊണ്ണൂറുകളിലെയും കാലഘട്ടത്തിൻ്റെ ഗൃഹാതുരത്വം ഇന്നും പ്രതിഫലിപ്പിക്കുന്നുണ്ട് വാഴാലിക്കാവ്.
വാഴാലിക്കാവിലേക്ക് പോകാൻ
പ്രകൃതിയെ ഇഷ്‌ടപ്പെടുന്നവർക്കും ഫോട്ടോഗ്രാഫർമാർക്കും സിനിമ ലൊക്കേഷനുകൾ തേടിപ്പോകുന്നവർക്കും എല്ലാം ആവശ്യത്തിലധികം കൗതുകം പകരുന്ന വൈവിധ്യങ്ങളാണ് വാഴാലിക്കാവ് ഒരുക്കിയിരിക്കുന്നത്. ഗ്രാമത്തിൻ്റെ വിശുദ്ധിയും മമതയും നിലനിൽക്കുന്നിടത്തോളം കാലം വാഴാലിക്കാവും ചുറ്റുവട്ടവുമെല്ലാം സഞ്ചാരികളെ ആകർഷിച്ചുകൊണ്ടിരിക്കും.
വാഴാലിക്കാലിലേക്ക് പോകാൻ ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണെങ്കിൽ ഏതാണ്ട് ഒൻപത് കിലോമീറ്റർ ദൂരമുണ്ട്. ഒറ്റപ്പാലം റെയിൽവേ സ്‌റ്റേഷനിൽ നിന്നാണെങ്കിൽ മായന്നൂർ പാലം വഴി വാഴാലിക്കാവിൽ എത്താം. പാലക്കാട് കോട്ട മൈതാനത്തുനിന്നാണെങ്കിൽ നാൽപത്തഞ്ച് കിലോമീറ്ററും തൃശൂരിൽ നിന്ന് മുപ്പത്തഞ്ച് കിലോമീറ്ററും സഞ്ചരിക്കണം.





