നാടെങ്ങും പ്രാർഥനാ സംഗമങ്ങൾ, പശ്ചിമേഷ്യയിൽ സമാധാനം തേടി പ്രാർഥന

0
3

എറണാകുളം: വ്രതവിശുദ്ധിയോടെ റമദാനിലെ 26 ദിനങ്ങൾ പിന്നിട്ട് വിശ്വാസികൾ 27-ാം രാവിൻ്റെ പുണ്യങ്ങളിലേക്ക് പ്രവേശിച്ചു. 1000 മാസങ്ങളെക്കാൾ പുണ്യമേറിയതും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ടതുമായ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന സുപ്രധാന രാവുകളിലൊന്നാണിത്. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ലോക സമാധാനത്തിനായുള്ള പ്രത്യേക പ്രാർഥനകളും പള്ളികൾ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.

ലൈലത്തുൽ ഖദ്റും ഖുർആൻ്റെ അവതരണവും

ലൈലത്തുൽ ഖദ്ർ അഥവാ നിർണയത്തിൻ്റെ രാത്രി എന്നാണ് റമദാനിലെ ഈ പുണ്യരാവിനെ വിശേഷിപ്പിക്കുന്നത്. ഖുർആനിലെ 97-ാമത്തെ അധ്യായമായ സൂറത്തുൽ ഖദ്റിലാണ് ഇതിൻ്റെ മഹത്വം വ്യക്തമാക്കുന്നത്. 1000 മാസങ്ങളെക്കാൾ ഈ രാവിന് ശ്രേഷ്ഠതയുണ്ടെന്നും അല്ലാഹുവിൻ്റെ അനുമതിയോടെ ജിബ്‌രീൽ എന്ന മലക്കും മറ്റ് മലക്കുകളും എല്ലാ കാര്യങ്ങളുമായി ഈ രാത്രിയിൽ ഭൂമിയിലേക്ക് ഇറങ്ങിവരുമെന്നും ഖുർആൻ വ്യക്തമാക്കുന്നു. പ്രഭാതം വരെ ഈ രാത്രി സമാധാനപൂർണമായിരിക്കുമെന്നും ഖുർആൻ സൂചിപ്പിക്കുന്നു.

വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ടുവെന്നതാണ് ഈ രാവിൻ്റെ ഏറ്റവും വലിയ പ്രത്യേകത. റമദാനിലെ അവസാനത്തെ 10 ദിനങ്ങളിലെ ഒറ്റയായ രാവുകളിൽ ലൈലത്തുൽ ഖദ്റിനെ അന്വേഷിക്കാനാണ് പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചിട്ടുള്ളത്. വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ആരെങ്കിലും ഈ രാവിൽ പ്രാർഥനകളിൽ മുഴുകിയാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുമെന്ന് പ്രവാചകൻ പറഞ്ഞതായി ഹദീസുകളിൽ (പ്രവാചക അധ്യാപനങ്ങൾ) കാണാം. ഇതിൽ തന്നെ കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത് 27-ാം രാവിനാണെന്ന് ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. അതുകൊണ്ടാണ് വിശ്വാസികൾ 27-ാം രാവിന് ഇത്രയധികം പ്രാധാന്യം നൽകുന്നത്.

പ്രാർഥനാ നിർഭരമായി 27-ാം രാവ്

റമദാനിലെ 27-ാം രാവിൽ പള്ളികളിലും വീടുകളിലുമായി ഖുർആൻ പാരായണം, തസ്ബീഹ് നമസ്കാരം, തറാവീഹ് നമസ്കാരം, വിത്ർ നമസ്കാരം, അസ്മാഉൽ ഹുസ്ന, തൗബ തുടങ്ങി നേരം പുലരുവോളമുള്ള പ്രാർഥനാ ചടങ്ങുകൾ നടക്കും. നോമ്പുതുറയ്ക്ക് ശേഷം തുടങ്ങുന്ന ഈ ആരാധനാ കർമങ്ങളിലൂടെ വിശ്വാസികൾ ചെയ്തുപോയ പാപങ്ങൾ അല്ലാഹുവോട് ഏറ്റുപറഞ്ഞ് പാപമോചനം തേടുമെന്ന് എറണാകുളം തോട്ടത്തുംപടി ജുമുഅമസ്ജിദ് ഇമാം ഹാഫിസ് ത്വാഹാ അസ്ഹരി ഇടിവി ഭാരതിനോട് പറഞ്ഞു.

മഹല്ലുകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ആയിരങ്ങൾ ഒത്തുചേരുന്ന പ്രാർഥനാ സംഗമങ്ങൾ പള്ളികൾ കേന്ദ്രീകരിച്ച് വിപുലമായി സംഘടിപ്പിക്കുന്നുണ്ട്. മലപ്പുറം മഅ്ദിൻ അക്കാദമിയിലാണ് ഏറ്റവും വിപുലമായ പ്രാർഥനാ സമ്മേളനം നടക്കുന്നത്. ഇസ്രയേൽ – പലസ്തീനി സംഘർഷമുൾപ്പെടെ പശ്ചിമേഷ്യയിൽ തുടരുന്ന അശാന്തിയുടെ പശ്ചാത്തലത്തിൽ ലോക സമാധാനത്തിനായുള്ള പ്രത്യേക പ്രാർഥനയ്ക്ക് ഇവിടെ സയ്യിദ് ഇബ്റാഹിം ഖലീൽ ബുഖാരി നേതൃത്വം നൽകും. ഈ പുണ്യരാവ് പിന്നിടുന്നതോടെ വിശ്വാസികൾ ഈദ് ആഘോഷത്തിനായുള്ള തയാറെടുപ്പുകളിലേക്ക് കടക്കും.

ആത്മസംസ്കരണത്തിൻ്റെ നാളുകൾ

അന്നപാനീയങ്ങൾ പൂർണമായും ഉപേക്ഷിച്ച് 30 ദിനങ്ങളാണ് വിശ്വാസികൾ വ്രതം അനുഷ്ഠിക്കുന്നത്. സംസാരവും പ്രവർത്തനങ്ങളും വികാരവിചാരങ്ങളും സ്രഷ്ടാവിൻ്റെ പ്രീതിക്കായി സമർപ്പിച്ച് ആത്മാവിൻ്റെ സംസ്കരണം സാധ്യമാക്കുന്ന പരിശീലന പ്രക്രിയ കൂടിയാണ് വ്രതനാളുകൾ. എല്ലാം വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിനിടയിലും പാവപ്പെട്ടവൻ്റെ വിശപ്പിൻ്റെ വിളി തിരിച്ചറിയാൻ ഓരോ മനുഷ്യനും റമദാനിലൂടെ സാധിക്കുന്നു.

സഹജീവി സ്നേഹത്തിൻ്റെയും കരുണയുടെയും ചിന്തകൾ മനുഷ്യ മനസുകൾക്ക് ഇത് പകർന്നുനൽകുന്നു. കരിച്ചുകളയുന്നത് എന്ന് അർഥമുള്ള റമദാൻ എന്ന പദം സൂചിപ്പിക്കുന്നത് തന്നെ പാപമോചനത്തെയാണ്. കഠിനമായ പരിശ്രമത്തിലൂടെ ആത്മസംസ്കരണം നേടിയാൽ മാത്രമേ റമദാനിൻ്റെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയുകയുള്ളൂവെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങൾ വ്യക്തമാക്കുന്നത്. ഒരു വ്യക്തിയിൽ യാതൊരു പരിവർത്തനവും സൃഷ്ടിക്കാത്ത റമദാൻ കേവലം പട്ടിണികിടക്കൽ മാത്രമായി അവശേഷിക്കുമെന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ വചനം ഇതിൻ്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ്.

വ്രതവും ശാസ്ത്രീയ ക്രമീകരണവും

റമദാനിലെ ആദ്യത്തെ 10 ദിനങ്ങൾ അനുഗ്രഹത്തിൻ്റെ ദിനങ്ങളായാണ് കണക്കാക്കുന്നത്. രണ്ടാമത്തെ 10 ദിനങ്ങൾ പാപമോചനത്തിനായും അവസാനത്തെ 10 ദിനങ്ങൾ നരക മോചനത്തിന് വേണ്ടിയുള്ളതുമായാണ് വിശ്വാസം. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ഹിജ്റ കലണ്ടർ പ്രകാരമാണ് വ്രതം നിശ്ചയിച്ചിരിക്കുന്നത്. ഇത് ഒരോ വർഷവും വ്യത്യസ്ത കാലാവസ്ഥകളിൽ വ്രതം അനുഷ്ഠിക്കാനുള്ള അവസരമാണ് നൽകുന്നത്. 36 വർഷം ജീവിക്കുന്ന ഒരാൾക്ക് എല്ലാ കാലാവസ്ഥയിലും വ്രതത്തെ അനുഭവിക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.

സാമാന്യം ചൂടേറിയ കാലാവസ്ഥയിലൂടെയാണ് കേരളത്തിലെ ഇത്തവണത്തെ റമദാൻ കടന്നുപോകുന്നത്. റമദാനിലെ അവസാന ദിവസമാണ് ശരീരത്തിൻ്റെ സക്കാത്ത് എന്ന് അറിയപ്പെടുന്ന ഫിത്ർ സക്കാത്ത് അർഹരായവർക്ക് വിതരണം ചെയ്യുന്നത്. എല്ലാവർക്കും സുഭിക്ഷമായ ഈദ് ആഘോഷത്തിന് അവസരമൊരുക്കുകയാണ് നിർബന്ധ ദാനമായ ഫിത്ർ സക്കാത്തിൻ്റെ പ്രധാന താത്പര്യം.

LEAVE A REPLY

Please enter your comment!
Please enter your name here