പ്രാതല്‍ നേരത്തെ കഴിച്ചാല്‍ ഇത്രയേറെ ഗുണങ്ങളോ!

0
38

തിരക്കുപിടിച്ച ജീവിത ശൈലിയില്‍ പലരും പ്രാതലിനോട് വിമുഖത കാണിക്കാറുണ്ടല്ലേ. ചിലര്‍ക്ക് പ്രാതല്‍ ഉണ്ടാക്കാനുള്ള മടിയായിരിക്കും. ഇനി മടിയില്ലെങ്കിലും ചിലര്‍ക്ക് കഴിക്കാനുള്ള സമയക്കുറവായിരിക്കും. എന്നാല്‍ സ്ഥിരമായി പ്രാതൽ ഒഴിവാക്കുന്നതുമൂലം വലിയ വിപത്താണ് നമ്മെ കാത്തിരിക്കുന്നത്.

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍. എല്ലാ ജീവിതശൈലീ രോഗങ്ങളും തടയാൻ കൃത്യസമയത്ത്, കൃത്യ അളവിൽ, സമീകൃത പ്രഭാത ഭക്ഷണം ശീലിക്കണമെന്നു ആരോഗ്യ വിദഗ്‌ധർ പറയുന്നു. പ്രഭാത ഭക്ഷണം മുടങ്ങാതെ കൃത്യസമയത്ത് കഴിച്ചാല്‍ മെറ്റബോളിസം വര്‍ധിപ്പിക്കുകയും ഒരു ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ സഹായിക്കുകയും ചെയ്യും. മാത്രമല്ല ആയുസ് വര്‍ധിപ്പിക്കാനും സഹായിക്കും. വിട്ടുമാറാത്ത രോഗങ്ങള്‍ കുറയ്ക്കുമെന്നും നിരവധി പഠനങ്ങള്‍ പറയുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണം കഴിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് വെറുമൊരു ശീലമല്ല, മറിച്ച് നിങ്ങളുടെ ദീർഘകാല ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടിയാണ്.

കമ്മ്യൂണിക്കേഷൻസ് മെഡിസിനിൽ പ്രസിദ്ധീകരിച്ച മാസ് ജനറൽ ബ്രിഗാം നടത്തിയ ഒരു സമീപകാല പഠനത്തില്‍ പറയുന്നത് ഇങ്ങനെയാണ്. പ്രായമായവരില്‍ ഭക്ഷണ സമയത്തിലെ മാറ്റങ്ങളെ കുറിച്ചാണ് പഠനം നടത്തിയത്. പ്രായമാകുമ്പോള്‍ ആളുകള്‍ക്ക് ക്രമേണ ഭക്ഷണ കാര്യത്തില്‍ മാറ്റങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്ന് കണ്ടെത്തി. പ്രഭാത ഭക്ഷണത്തിന്‍റെ സമയത്തിലുണ്ടാകുന്ന മാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. നേരത്തെയുള്ള മരണവുമായി ബന്ധപ്പെട്ട മാറ്റങ്ങളും പഠനത്തില്‍ പറയുന്നുണ്ട്.

പ്രഭാതഭക്ഷണം കൃത്യസമയത്ത് കഴിക്കാത്തതിലൂടെ ഉണ്ടാകുന്ന ഒന്നാണ് പൊണ്ണത്തടി. പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ശരീരഭാരം 30% വരെ കൂടും. 80% ടൈപ്പ് 2 പ്രമേഹവും അമിതവണ്ണം മൂലമാണ്. ഹൃദയ സംബന്ധമായ രോഗങ്ങളാണ് മറ്റൊന്ന്. കൃത്യമായി പ്രഭാത ഭക്ഷണം കഴിക്കുന്നവരിൽ ഹൃദ്‍രോഗത്തിനുള്ള സാധ്യത കുറവാണ്. മൈഗ്രൈൻ അടക്കമുള്ള മറ്റു രോഗങ്ങളും പ്രാതൽ വേണ്ടാത്തവരിൽ കൂടുതലായി കാണുന്നു. അതുപോലെ ശരീരത്തിലെ സമ്മർദങ്ങൾ ഒഴിവാക്കുന്നതിലും മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിലും പ്രാതലിന് വലിയ പങ്കുണ്ട്.

“പ്രായമായ ആളുകൾ ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ, പ്രത്യേകിച്ച് പ്രഭാതഭക്ഷണത്തിന്‍റെ സമയം, അവരുടെ മൊത്തത്തിലുള്ള ആരോഗ്യസ്ഥിതി എന്നിവയാണ് പഠനത്തില്‍ സൂചിപ്പിക്കുന്നത്. ഹാർവാർഡ്-അഫിലിയേറ്റഡ് മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിലെ ന്യൂട്രീഷനും സർക്കാഡിയൻ ബയോളജിസ്റ്റും ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ അനസ്തേഷ്യ അസിസ്റ്റന്റ് പ്രൊഫസറുമായ പ്രധാന എഴുത്തുകാരനുമായ ഹസ്സൻ ദഷ്തിയാണ് മാറ്റത്തെ കുറിച്ച് പറഞ്ഞത്.

ആരോഗ്യകരമായ വാര്‍ധക്യത്തിനും ദീര്‍ഘായുസിനും നിലനിര്‍ത്താന്‍ പ്രായമായവരെ സ്ഥിരമായ ഭക്ഷണക്രമം പിന്തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നത് നല്ലതാണ്. വിഷാദം, ക്ഷീണം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവും ശാരീരികവും മാനസികവുമായ ഉന്മേഷത്തിനും പ്രഭാത ഭക്ഷണം കൃത്യസയമത്ത് കഴിക്കുന്നതാണ് ഉത്തമം.

പ്രായമായവര്‍ പലപ്പോഴും പ്രാതലും അത്താഴവുമൊക്കെ കഴിക്കുന്നത് പല സമയങ്ങളിലാണ്. ഇത് ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വൈകി ഭക്ഷണം കഴിക്കുന്നത് വിഷാദം, ഉത്കണ്‌ഠ, ക്ഷീണം മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം തയാറാക്കുന്നതിലെ ബുദ്ധിമുട്ടും ഉറക്കക്കുറവുമൊക്കെ പ്രാതലിന്‍റെ സമയത്തേയും ബാധിക്കുന്നുണ്ട്. എന്നാല്‍ പ്രഭാത ഭക്ഷണത്തിന്‍റെ സമയം മാറുന്നത് മരണ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. രാത്രി വൈകി ഭക്ഷണം കഴിക്കുകയും രാവിലെ വൈകി എഴുന്നേല്‍ക്കുകയും വൈകി ഭക്ഷണം കഴിക്കുന്നത് തന്നെയാണ് പ്രധാന പ്രശ്‌നം.

കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം പറയുന്നു. നേരത്തെ പ്രഭാത ഭക്ഷണം കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നുവെന്ന് ഈ ഗവേഷണത്തില്‍ പറയുന്നുണ്ട്. ആളുകളുടെ ആരോഗ്യ നിലനിര്‍ത്താന്‍ ഒരു പരിധിവരെ പ്രഭാത ഭക്ഷണം കൃത്യസമയത്ത് കഴിക്കണമെന്ന് മുംബൈയിലെ പരേലിലുള്ള ഗ്ലെനീഗിൾസ് ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്‍റ് ഡോ. മഞ്ജുഷ അഗർവാൾ പറയുന്നു.

ഉണര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ പ്രഭാത ഭക്ഷണം കഴിക്കണം. ഇത് ഒരു ദിവസം മുഴുവന്‍ നിങ്ങളെ ഉന്മേഷത്തോടെയിരിക്കാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും സഹായിക്കും. മാത്രമല്ല ഊര്‍ജ്ജം ലഭിക്കുകയും അമിത ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കപ്പെടുകയും ചെയ്യും ഡോ. അഗർവാൾ ഇടിവി ഭാരതിനോട് പറഞ്ഞു.

ഹൃദയാരോഗ്യത്തിനും പ്രഭാത ഭക്ഷണം കൃത്യസമയത്ത് കഴിക്കുന്നത് നല്ലതാണ്. ശരീര ഭാരം നിയന്ത്രിക്കുവാനും പ്രമേഹ സാധ്യത കുറയ്ക്കുവാനും സഹായിക്കും.

രാവിലെ പഴങ്ങൾ, ധാന്യങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒരു ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ തുടരാൻ സഹായിക്കും. “പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കുന്നതാണ് ഉചിതം. പ്രഭാതഭക്ഷണത്തിന് എന്ത് കഴിക്കണം, എന്ത് ഒഴിവാക്കണം എന്ന കാര്യത്തിൽ ആവശ്യമെങ്കിൽ ഒരു വിദഗ്ദ്ധന്റെ സഹായം തേടാവുന്നതാണ്,” ഡോ. അഗർവാൾ നിർദ്ദേശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here