ഇനിമുതൽ ആയുർവേദ സംരംഭകർക്ക് വെബ്‌സൈറ്റ് വഴി പരമ്പരാഗത ആയുർവേദ ഭക്ഷണങ്ങൾ ഉത്പാദിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള ലൈസൻസുകൾ സ്വന്തമാക്കാം.
ന്യൂഡൽഹി: ആയുർവേദ ഭക്ഷണ ഉത്പന്നങ്ങളുടെ രജിസ്‌ട്രേഷനായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) വെബ് പോർട്ടലിൽ പ്രത്യേക ലൈസൻസിങ്, രജിസ്ട്രേഷൻ വിൻഡോ ആരംഭിച്ചു. ഇനിമുതൽ ആയുർവേദ സംരംഭകർക്ക് വെബ്‌സൈറ്റ് വഴി പരമ്പരാഗത ആയുർവേദ ഭക്ഷണങ്ങൾ ഉത്പാദിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള ലൈസൻസുകൾ സ്വന്തമാക്കാം.
ഇന്ത്യയിലുടനീളമുള്ള ആയുർവേദ ഭക്ഷ്യ ഉത്പന്ന സംരംഭകർക്ക് തടസമില്ലാത്ത സേവനങ്ങള്‍ ലഭ്യമാകുമെന്ന് എഫ്എസ്എസ്എഐ അധികൃതർ ഇടിവി ഭാരതിനോട് പറഞ്ഞു. ‘ആധികാരിക ആയുർവേദ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന, പരമ്പരാഗത രീതികള്‍ പാലിക്കുന്ന സംരംഭങ്ങളെ കാര്യക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച് ആയുർവേദ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുക എന്നതും പ്രധാനമാണ്’- മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
‘2025 ജൂലൈ 25-ലെ എഫ്എസ്എസ്എഐ ഉത്തരവ് പ്രകാരം 91 അംഗീകൃത ആയുർവേദ ഭക്ഷണ പാചകക്കുറിപ്പുകളുടെ ഒരു പട്ടിക വെബ്‌സൈറ്റിൽ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വിഭാഗത്തിന് കീഴിലുള്ള ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള വ്യക്തമായ നിർദേശങ്ങളും സംരംഭകർക്ക് നൽകുന്നു. ഇതിലൂടെ സംരംഭങ്ങളുടെയും ഉത്പന്നങ്ങളുടെയും ആധികാരികതയും ഉറപ്പാക്കുന്നു’- അധികൃതർ വ്യക്തമാക്കി
ആയുർവേദ ഭക്ഷണമെന്നാൽ ‘ഷെഡ്യൂൾ എ’ പ്രകാരം പട്ടികപ്പെടുത്തിയിരിക്കുന്നവയാണ്. ആയുർവേദത്തിൻ്റെ ആധികാരിക ഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്ന രീതി അനുസരിച്ച് തയാറാക്കിയ ഭക്ഷണമാണ് ഇവ. ആയുർവേദ ഭക്ഷണമെന്ന ആശയത്തിന് അനുസൃതമായി മാത്രമേ ഇത്തരം ഉത്പന്നങ്ങള്‍ വിൽപന നടത്താൻ സാധിക്കുകയുള്ളൂ. ആയുർവേദ മരുന്നുകളോ ഔഷധ ഉത്പന്നങ്ങളോ, സൗന്ദര്യവർധക വസ്‌തുക്കളോ, മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് വസ്‌തുക്കളോ ചേർക്കാൻ പാടുള്ളതല്ല.
പോഷകാഹാരങ്ങളുടെ അടിസ്ഥാന ആയുർവേദ തത്വത്തിൽ വേരൂന്നിയതാണ് ഷെഡ്യൂൾ എ പ്രകാരം പട്ടികപ്പെടുത്തിയിരിക്കുന്ന ആയുർവേദ ഭക്ഷ്യ ഉത്പന്നങ്ങള്‍. ആയുർവേദ വ്യവസായങ്ങളുടെ വളർച്ചയെ പിന്തുണയ്‌ക്കുക എന്നതാണ് എഫ്എസ്എസ്എഐയുടെ പ്രധാന ലക്ഷ്യം. കൂടാതെ, ആധികാരികവും നിയന്ത്രിതവുമായ ആയുർവേദ ഭക്ഷണത്തിൻ്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
എഫ്എസ്എസ്എഐ എന്നത് ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനുള്ള സർക്കാർ സ്ഥാപനമാണ്. സുരക്ഷിതമായതും ഉയർന്ന നിലവാരമുള്ളതുമായ ഭക്ഷ്യവസ്‌തുക്കളുടെ ലഭ്യത ഉറപ്പാക്കുക, ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപന, ഇറക്കുമതി എന്നിവ നിയന്ത്രിക്കുക എന്നിവയാണ് ഇതിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. ഇന്ത്യയിൽ ഭക്ഷ്യവസ്‌തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ബിസിനസുകൾക്കും എഫ്എസ്എസ്എഐ ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.






