ഭക്തിയുടെ നിറക്കാഴ്‌ച്ചയായി ബൊമ്മക്കൊലു; ‘കൊലു’കളില്‍ അണിനിരന്ന് ‘ബൊമ്മകള്‍’

0
50

ബൊമ്മക്കൊലു ആഘോഷവുമായി തളി ബ്രാഹ്മണ സമൂഹ മഠം. പതിനൊന്ന് പടികളിലായി ബൊമ്മകള്‍ അണിനിരന്നു. ബൊമ്മക്കൊലു ആഘോഷിക്കുന്നത് ദക്ഷിണേന്ത്യയില്‍ നിന്നും കുടിയേറിയവരുടെ പുതുതലമുറ.

വിശ്വാസത്തിന്‍റെ നിറക്കാഴ്‌ച്ചയായി ബൊമ്മക്കൊലു ഒരുക്കി തളി ബ്രാഹ്മണ സമൂഹം. ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ പടികളില്‍ ബൊമ്മകള്‍ നിരക്കുമ്പോള്‍ അവയില്‍ നവരാത്രി സന്ദേശവും നിറഞ്ഞു. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നവരാത്രി കാലങ്ങളില്‍ ദേവീദേവന്മാരുടെ ബൊമ്മകള്‍ അണിനിരത്തുന്ന ആചാരമാണ് ബൊമ്മക്കൊലു.

കേരളത്തില്‍ ബ്രാഹ്മണ സമൂഹ മഠങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം ആചാരങ്ങള്‍ നടക്കുന്നത്. കോഴിക്കോട് തളി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ബ്രാഹ്മണ സമൂഹ മഠത്തിലെ ചടങ്ങില്‍ അണിനിരന്നത് നിരവധി ബൊമ്മകളാണ്. പതിനൊന്ന് പടികളിലായി വ്യത്യസ്‌ത വർണത്തിലും ആകൃതിയിലും വലിപ്പത്തിലുമുള്ള ബൊമ്മകളാണ് വിസ്‌മയമൊരുക്കിയത്. ഇതില്‍ ദേവി ദേവന്മാരുടെ ബൊമ്മകളാണ് പ്രധാനം.

ദേവീദേവന്മാര്‍ കൂടാതെ ഫലമൂലാധികളും മൃഗങ്ങളും മനുഷ്യരൂപങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതും കൂടുതല്‍ മനോഹരമായി. ബൊമ്മകള്‍ ഒരുക്കി വിശ്വാസികള്‍ അതിന് മുന്നില്‍ ഭക്തിനിര്‍ഭരരായി നിന്ന് മനസറിഞ്ഞ് തൊഴുത് പ്രാര്‍ഥിച്ചു.

ബൊമ്മകളെല്ലാം തമിഴ്‌നാട്ടില്‍ നിന്നാണ് എത്തിച്ചിട്ടുള്ളത്. രക്ത ചന്ദനത്തില്‍ തീര്‍ത്തിട്ടുള്ളതാണ് ഇതില്‍ പ്രധാനം. വൈകുന്നേരം അഞ്ച് മണി മുതല്‍ അവിടെയെത്തുന്ന മുഴുവന്‍ സുമംഗലികള്‍ക്കും വെറ്റിലും അടക്കയും നല്‍കും. അതോടൊപ്പം ചുണ്ടലും നല്‍കും. ഓരോ ദിവസം ഓരോ നൈവേദ്യമായിരിക്കും ഉണ്ടാകുക. ഇത്തവണത്തെ പ്രധാന ഹോമം അഷ്‌ട ലക്ഷ്‌മി ഹോമം ആണ്. അതിനോട് അനുബന്ധിച്ച് 36 കന്യാക്കുട്ടികളെ ഇരുത്തി പുതുവസ്‌ത്രങ്ങളെല്ലാം നല്‍കി അവര്‍ക്കായിട്ടുള്ള പൂജകളും ചെയ്യും. നാല്‌ സുഹാസിനിമാരുണ്ട്. അവര്‍ക്കും പുടവ നല്‍കി ആദരിക്കും.

ബൊമ്മക്കൊലു ഒരുക്കേണ്ടതിങ്ങനെ: നവരാത്രിയുടെ ആദ്യ ദിനം ഗണപതി പൂജ നടത്തും അതിന് ശേഷം കുടുംബങ്ങളിലെ മുതിര്‍ന്ന വ്യക്തി ദേവിമാര്‍ക്കായി (സര്വതി, പാര്‍വ്വതി, ലക്ഷ്‌മി) കലശാവാഹനം പൂജാവിധി നടത്തും. അതിന് ശേഷം ബൊമ്മകള്‍ വയ്‌ക്കാനുള്ള പടികള്‍ തീര്‍ക്കും. മരത്തടികള്‍ കൊണ്ടാണ് പടികള്‍ അഥവാ കൊലു നിര്‍മിക്കുന്നത്.

സാധാരണയായി പടികളുടെ എണ്ണം 3,5,7,9 എന്നിങ്ങനെ ഒറ്റ സംഖ്യയിലാണ് ഒരുക്കുന്നത്. പടികള്‍ നിര്‍മിച്ചാല്‍ അതിന് മുകളില്‍ തുണി വിരിക്കും. ശേഷം അതിന് മുകളില്‍ ബൊമ്മകള്‍ ഓരോന്നായി വയ്‌ക്കും. ദാരിക നിഗ്രഹത്തിനായി ശക്തി സ്വരൂപിക്കാൻ തപസ് അനുഷ്ഠിക്കുന്ന ഭദ്രകാളിക്ക് പിന്തുണയുമായി എത്തിയ ദേവി ദേവന്മാരുടെ രൂപങ്ങളാണ് പലവിധ ബൊമ്മകളായി പ്രധാനമായും ബൊമ്മക്കൊലുവിൽ ഉൾപ്പെടുന്നത്. ആദ്യം രക്തചന്ദനത്തിൽ തീർത്ത അഷ്‌ട ലക്ഷ്‌മിയുടെ ബൊമ്മ വയ്‌ക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. അതിനുശേഷം മറ്റ് ബൊമ്മകൾ കൂടി ഓരോ പടികളിലും വയ്‌ക്കും.

വലുപ്പവും സ്ഥാനവുമെല്ലാം നോക്കിയാണ് ഓരോന്നും നിരത്തി വയ്‌ക്കുക. ആദ്യത്തെ മൂന്ന് ദിവസങ്ങള്‍ ദുര്‍ഗയ്‌ക്കും അടുത്ത മൂന്ന് ദിവസങ്ങള്‍ ലക്ഷ്‌മിക്കും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങള്‍ സരസ്വതിക്കുമാണ് പൂജകള്‍ ചെയ്യുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന വിവിധ ചടങ്ങുകളാണ് നവരാത്രി ബൊമ്മക്കൊലുവിൽ ഉൾപ്പെടുന്നത്. വിജയദശമി നാൾ വരെയുള്ള ഓരോ ദിവസവും പ്രത്യേകതയാർന്ന പല ചടങ്ങുകളും ബൊമ്മക്കൊലുവിന്‍റെ ഭാഗമായി ഉണ്ടാകും. സുമംഗലികളായി ഇവിടെയെത്തുന്ന ഭക്തർക്ക് ചന്ദനം, കുങ്കുമം, വെറ്റില, അടക്ക , മഞ്ഞൾ, പൂക്കൾ വിവിധതരം ധാന്യങ്ങൾ എന്നിവ അടങ്ങിയ ചുണ്ടെൽ എന്ന പ്രസാദം നൽകും. അവസാന ദിവസം പ്രധാന പാവയായ മരപ്പാച്ചിയെ കിടത്തുന്നതോടെ ബൊമ്മക്കൊലു നവരാത്രി ഉത്സവത്തിന് സമാപനം ആവും.

ബൊമ്മക്കൊലു കാണാനെത്തുന്നവര്‍ക്ക് പ്രസാദവും സമ്മാനങ്ങളും നല്‍കും. ബൊമ്മക്കൊലു പൂജ നടത്തുന്നതിലൂടെ ദേവി സാന്നിധ്യം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ദേവിയുടെ സാന്നിധ്യം ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം

LEAVE A REPLY

Please enter your comment!
Please enter your name here