കൗമാര കാലഘട്ടങ്ങളെ ‘റോളർ കോസ്റ്റർ വർഷങ്ങൾ’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. കൗമാരക്കാരുടെ മാതാപിതാക്കള്‍ക്കും ഈ കാലഘട്ടം റോളർ കോസ്റ്റർ പോലെതന്നെയാണെന്നാണ് സൈക്കോളജിസ്റ്റുകള്‍ പറയുന്നത്. ഇന്നത്തെ കൗമാരക്കാർ അവരുടെ മാതാപിതാക്കൾ അനുഭവിച്ചതിൽ നിന്ന് വ്യത്യസ്‌തമായ പോരാട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സോഷ്യൽ മീഡിയയുടെ സ്വാധീനവും പ്രധാന പങ്ക് വഹിക്കുന്നു.
ഗുരുഗ്രാമിലെ മനേസറിലെ ഫോർട്ടിസ് അദായു & ഫോർട്ടിസ് ആശുപത്രിയിലെ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റ് ഡോ. നേഹ അഗർവാൾ, ജീവിതത്തിലെ ഉയർച്ച താഴ്‌ചകളെ നേരിടാൻ കൗമാരക്കാരെ സഹായിക്കുന്ന ഒരു സ്വഭാവം വൈകാരിക പ്രതിരോധശേഷിയാണെന്ന് കരുതുന്നു.
“സമ്മർദ്ദം, തിരിച്ചടികൾ, ബുദ്ധിമുട്ടുകൾ എന്നിവയെ നേരിടാനും അവയുമായി പൊരുത്തപ്പെടാനുമുള്ള കഴിവാണ് വൈകാരിക പ്രതിരോധശേഷി എന്നത്കൊണ്ട് അർഥമാക്കുന്നത്. പ്രതിരോധശേഷി പുലർത്തുക എന്നതിനർഥം കൗമാരക്കാർക്ക് സങ്കടമോ ഉത്കണ്‌ഠയോ പരാജയങ്ങളോ ഉണ്ടാകില്ല എന്നല്ല, മറിച്ച് അവർക്ക് അവയിൽ നിന്ന് തിരിച്ചുവരാൻ കഴിയും എന്നാണ്. അതിൽ മാതാപിതാക്കൾക്ക് പ്രധാന പങ്കുണ്ട്,” എന്ന് മാനസികാരോഗ്യ വിദഗ്‌ധൻ പറയുന്നു.
സുരക്ഷിതമായ വൈകാരിക അന്തരീക്ഷം
വീട്ടിൽ സുരക്ഷിതമായ ഒരു വൈകാരിക അന്തരീക്ഷം നൽകുക എന്നതാണ് മാതാപിതാക്കൾക്ക് കുട്ടികളോട് ചെയ്യാൻ കഴിയുന്ന വലിയ കാര്യം. പ്രതിരോധശേഷി വളർത്തിയെടുക്കാനുള്ള ഏറ്റവും ശക്തമായ മാർഗങ്ങളിലൊന്നാണിത്. കൗമാരക്കാർ പരിഹസിക്കപ്പെടാതെയോ മുൻവിധിയില്ലാതെ അവരുടെ അഭിപ്രായങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാനോ സുരക്ഷിമായ ഇടമായി വീട് മാറണമെന്ന് ഡോ. അഗർവാൾ പറയുന്നു.
”ഇതിൽ വലിയ കാര്യമൊന്നുമില്ല, അതിനെക്കുറിച്ച് വിഷമിക്കേണ്ട, നിങ്ങളുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക” എന്നിങ്ങനെയുള്ള ആശ്വാസ വാക്കുകള്‍ വളരെ പ്രധാനമാണ്. എന്നാൽ മാതാപിതാക്കൾ എല്ലായ്പ്പോഴും അവരുടെ കുട്ടികൾ നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്തേണ്ടതില്ല. ഉദാഹരണത്തിന്, കുട്ടി ഒരു പരീക്ഷയിൽ പരാജയപ്പെടുമ്പോഴോ സുഹൃത്തുക്കളുമായി വഴക്കിടുമ്പോഴോ, അതിൽ ഉടനടി ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കാം.
റോൾ മോഡലുകളായി പ്രവർത്തിക്കുക
മാതാപിതാക്കളും മാതൃകകളായി പ്രവർത്തിക്കുന്നുവെന്ന് ഡോ. അഗർവാൾ നമ്മോട് പറയുന്നു. “മുതിർന്നവർ സമ്മർദ്ദം, നിരാശ, സംഘർഷങ്ങൾ എന്നിവയെ എങ്ങനെ നേരിടുന്നുവെന്ന് കൗമാരക്കാർ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നു. അവരുടെ വികാരങ്ങൾ തിരിച്ചറിയാനും, തോൽവികൾ അംഗീകരിക്കാനും, ആവശ്യമുള്ളപ്പോൾ സഹായം തേടാനും കഴിയുന്ന ഒരു രക്ഷിതാവ്, കുട്ടികളെ പ്രധാനപ്പെട്ട പാഠങ്ങൾ പഠിക്കാൻ സഹായിക്കുന്നു,” എന്നും ഡോ. അഗർവാൾ പറയുന്നു.
ഇവിടെ പരിഗണിക്കേണ്ട മറ്റൊരു പ്രധാന കാര്യം ഉചിതമായ തലത്തിലുള്ള സ്വാതന്ത്ര്യം നൽകുക എന്നതാണ്. അമിതമായി സംരക്ഷണം നൽകുന്ന മാതാപിതാക്കൾ, കൗമാരക്കാർക്ക് നല്ലത് മാത്രം ചെയ്യാനാണ് ശ്രമിക്കുന്നത്, എന്നാലിത് ആത്മവിശ്വാസം വളർത്തിയെടുക്കാനുള്ള കഴിവ് നഷ്‌ടപ്പെടുത്തിയേക്കാം. പരാജയം അനിവാര്യമാണ്. കൂടാതെ കുട്ടികളും അവരുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും സുഹൃത്തുക്കളും തമ്മിലുള്ള താരതമ്യങ്ങളും മാതാപിതാക്കൾ ഒഴിവാക്കണം. ഒരുമിച്ച് ഭക്ഷണം കഴിക്കുക, സംസാരിക്കുക, പരസ്‌പരം സമയം ചെലവഴിക്കുക തുടങ്ങിയ കുടുംബ ശീലങ്ങൾ വൈകാരിക ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള മറ്റ് മാർഗങ്ങളാണ്.







