രാജ്യം ഉറ്റുനോക്കുന്ന ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഉടൻ;

0
31

എൻഡിഎ സ്ഥാനാര്‍ഥിയായ സിപി രാധാകൃഷ്‌ണനും ഇന്ത്യാ സഖ്യത്തിൻ്റെ സ്ഥാനാര്‍ഥിയായ മുൻ ചീഫ് ജസ്‌റ്റിസ് ബി സുദര്‍ശൻ റെഡ്ഡിയും തമ്മിലാണ് ഇത്തവണ മത്സരം.

ന്യൂഡല്‍ഹി: രാജ്യം ഇന്ന് ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കും. ജഗദീപ് ധൻഖർ രാജിവച്ചതിന് പിന്നാലെയാണ് സെപ്റ്റംബർ 9 ന് രാജ്യം വീണ്ടുമൊരു ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് സാക്ഷിയാകുന്നത്. എൻഡിഎ സ്ഥാനാര്‍ഥിയായ സിപി രാധാകൃഷ്‌ണനും ഇന്ത്യാ സഖ്യത്തിൻ്റെ സ്ഥാനാര്‍ഥിയായ മുൻ ചീഫ് ജസ്‌റ്റിസ് ബി സുദര്‍ശൻ റെഡ്ഡിയും തമ്മിലാണ് ഇത്തവണ മത്സരം.

തെരഞ്ഞെടുപ്പ് പ്രക്രിയ ഇങ്ങനെ

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള പോളിങ് രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ പുതിയ പാർലമെൻ്റ് മന്ദിരത്തിൽ നടക്കും, വോട്ടെണ്ണൽ വൈകുന്നേരം 6 മണിക്ക് ആരംഭിക്കും. രഹസ്യ ബാലറ്റിലൂടെ അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാം. അതുകൊണ്ട് തന്നെ ഓരോ വ്യക്തിക്കും ഇഷ്‌ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്.

പോളിങ്ങിന് മുന്നോടിയായി എംപിമാരുമായി എൻഡിഎ പ്രത്യേക യോഗങ്ങള്‍ നടത്തി. വോട്ടിങ് നടപടിക്രമങ്ങൾ പരിചയപ്പെടുത്തുന്നതിനും അസാധുവായ വോട്ടുകൾ തടയുന്നതിനുമായി മോക്ക് സെഷനുകൾ ഉൾപ്പെടെ നടത്തിയിരുന്നു. കൃത്യമായ വോട്ട് ചെയ്യണമെന്ന് എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിര്‍ദേശം നല്‍കി. അതേസമയം പാർട്ടിക്ക് അപ്പുറം മനസാക്ഷി മുൻഗണ നല്‍കി റെഡ്ഡിക്ക് വോട്ട് ചെയ്യാൻ പ്രതിപക്ഷ നേതാക്കൾ എംപിമാരോട് ആവശ്യപ്പെട്ടു.

രാജ്യസഭയിൽ നിന്നുള്ള 245 ഉം ലോക്‌സഭയിൽ നിന്നുള്ള 543 ഉം ഉൾപ്പെടെ 788 അംഗങ്ങളാണ് ഇലക്‌ടറൽ കോളേജിലുള്ളത്. നിലവിൽ, ചില ഒഴിവുള്ള സീറ്റുകൾ ഉള്ളതിനാൽ നിലവിലെ അംഗബലം 781 ആണ്, ഇത് ഭൂരിപക്ഷത്തിന് 391 ആക്കുന്നു. എൻ‌ഡി‌എയ്ക്ക് 425 എംപിമാരുണ്ട്, അതേസമയം പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന് 324 പേരുടെ പിന്തുണയുണ്ട്. ഇലക്‌ടറൽ കോളേജിലെ അംഗങ്ങളുടെ വോട്ട് എണ്ണിക്കഴിയുമ്പോള്‍ സെപ്‌റ്റംബര്‍ 9ന് ഇന്ത്യയുടെ പുതിയ ഉപരാഷ്‌ട്രപതിയെ അറിയാനാകും.

ഭരണഘടനയുടെ ആര്‍ട്ടിക്കിൾ 67 പ്രകാരം ഇന്ത്യൻ ഉപരാഷ്‌ട്രപതിയുടെ കാലാവധി അഞ്ച് വർഷമാണ്. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കാൻ കഴിയാതെ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊടുന്നനെയായിരുന്നു ജഗദീപിൻ്റെ രാജി. രാഷ്‌ട്രപതിക്കുശേഷമുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന പദവി കൂടിയുള്ള വ്യക്തിയാണ് ഉപരാഷ്ട്രപതി. പാർലമെൻ്റിൻ്റെ ഉപരിസഭയായ രാജ്യസഭയുടെ അധ്യക്ഷൻ എന്ന നിയമനിർമാണാധികാരവും ഉപരാഷ്ട്രപതിയിൽ നിക്ഷിപ്‌തമായിരിക്കുന്നു. രാഷ്ട്രപതിയുടെ സ്ഥാനത്ത് ഏതെങ്കിലും സാഹചര്യത്തിൽ ഒഴിവുവരുന്ന പക്ഷം താല്‍ക്കാലികമായി അദ്ദേഹത്തിൻ്റെ അധികാരങ്ങൾ വിനിയോഗിക്കാനുള്ള ഉത്തരവാദിത്തവും ഭരണഘടന പ്രകാരം ഉപരാഷ്ട്രപതിക്കുണ്ട്.

ആര് വിജയിക്കും?

എൻഡിഎ സ്ഥാനാര്‍ഥിയായി സിപി രാധാകൃഷ്‌ണനും ഇന്ത്യാ സഖ്യത്തിൻ്റെ സ്ഥാനാര്‍ഥിയായി മുൻ ചീഫ്‌ ജസ്‌റ്റിസ് സുദര്‍ശൻ റെഡ്ഡിയും അങ്കത്തിനെത്തിയതോടെ ആരാകും ഇത്തവണത്തെ വൈസ്‌ പ്രസിഡൻ്റ് എന്നറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളൂ. കണക്കുകള്‍ പ്രകാരം ഇലക്‌ടറൽ കോളജിൽ ഭരണകക്ഷിയായ എൻ‌ഡി‌എയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ലോക്‌സഭയിൽ ഒരു ഒഴിവ് ഉൾപ്പെടെ 542 അംഗങ്ങളും രാജ്യസഭയിൽ അഞ്ച് ഒഴിവ് ഉൾപ്പെടെ 240 അംഗങ്ങളുമാണ് നിലവിലുളളത്. ലോക്‌സഭയിൽ 293 അംഗങ്ങളും രാജ്യസഭയിൽ 134 അംഗങ്ങളുമുള്ള ബിജെപി നേതൃത്വത്തിലുള്ള എൻ‌ഡി‌എയ്ക്ക് 782 അംഗ ഇലക്‌ടറൽ കോളജിൽ 427 എംപിമാരുടെ പിന്തുണയുണ്ട്.

വിജയിക്കാൻ 392 വോട്ടുകള്‍ മാത്രം മതി. അംഗബലത്തില്‍ എന്‍ഡിഎ മുന്നിലായതിനാല്‍ ബിജെപിക്ക് തങ്ങളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുക്കാന്‍ എളുപ്പമാണ്. അതേസമയം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് പാര്‍ട്ടി വിപ്പ് ബാധകമാകില്ല. കൂറുമാറ്റ നിരോധനനിയമം ഇതിൻ്റെ പരിധിയില്‍ വരാത്തതിനാല്‍ അംഗങ്ങള്‍ക്ക് ഇഷ്‌ടമുള്ള മുള്ളയാള്‍ക്ക് വോട്ടുചെയ്യാം.

വിട്ടു നില്‍ക്കുന്ന പാര്‍ട്ടികള്‍

വൈ‌എസ്‌ആർ കോൺഗ്രസ്, എ‌ഐ‌എം‌ഐ‌എം ഉൾപ്പെടെയുള്ള പാര്‍ട്ടികള്‍ നിലവില്‍ ഏത് മുന്നണിയുടെയും ഭാഗമല്ല,വൈ‌എസ്‌ആർ കോൺഗ്രസ് എൻഡിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ബിജെഡി, ബി‌ആർ‌എസ്, എസ്‌എഡി എന്നിവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here