കേരളത്തിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചവരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യ രംഗത്ത് വലിയ ആശങ്ക സൃഷ്‌ടിക്കുകയാണ്. ഞായറാഴ്ച ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം പിടിപെട്ടതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം എട്ടായി. വയനാട് സ്വദേശിയായ 25-കാരനാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള മൂന്ന് പേർ വീതവും വയനാട് ജില്ലയിൽ നിന്നുള്ള രണ്ട് പേരുമാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
മലപ്പുറം പുല്ലിപ്പറമ്പ സ്വദേശിയായ 49-കാരൻ, കോഴിക്കോട് അന്നശ്ശേരി സ്വദേശിയായ 38-കാരൻ, മലപ്പുറം ചേലമ്പ്ര സ്വദേശിയായ 47-കാരൻ, വയനാട് ബത്തേരി സ്വദേശിയായ 45-കാരൻ എന്നിവരും നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം ചേളാരി സ്വദേശിയായ പതിനൊന്നുകാരി, താമരശ്ശേരിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരിയുടെ സഹോദരൻ എന്നിവർ മെഡിക്കൽ കോളജ് മാതൃശിശു വിഭാഗത്തിലും ചികിത്സയിലാണ്.
സാധാരണയായി 97 ശതമാനം മരണനിരക്കുള്ള ഈ രോഗത്തിനുള്ള നിലവിലെ ചികിത്സാരീതി പ്രതീക്ഷ നൽകുന്നതാണെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം മേധാവി ഡോ. ഗീത പി ഇ ടിവി ഭാരതിനോട് പറഞ്ഞു. അതേസമയം, ഒരേ സമയം എട്ട് പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ്.
ചികിത്സയിലുള്ളവരിലെ ലക്ഷണങ്ങള്‍ വ്യത്യസ്തം
കേരള സർക്കാരിൻ്റെ മാർഗ നിർദേശങ്ങൾ അനുസരിച്ചാണ് മരുന്നുകൾ നൽകുന്നതെന്ന് ഡോ. ഗീത വ്യക്തമാക്കി. രോഗം പിടിപെട്ട് ഐസിയുവിൽ കഴിയുന്നവർ പല തരത്തിലുള്ള ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. ചിലർക്ക് തലവേദനയും പനിയുമാണെങ്കിൽ മറ്റ് ചിലർക്ക് അപസ്മാരവും ബോധക്കേടും വരെ ഉണ്ടാകുന്നു. മെനിഞ്ചൈറ്റിസ് ബാധിച്ചാണ് ഈ രോഗികളെല്ലാം ആശുപത്രിയിൽ എത്തിയത്. അതിനുള്ള ചികിത്സ നൽകിയിട്ടും രോഗം ഭേദമാകാത്ത സാഹചര്യത്തിലാണ് സ്രവ പരിശോധന നടത്തുന്നത്. ഇതിലാണ് അമീബിക് മസ്തിക ജ്വരമാണെന്ന് വ്യക്തമാകുന്നത്. മെനിഞ്ചൈറ്റിസിനുള്ള മരുന്ന് കൊണ്ട് രോഗം ഭേദമാകാത്ത ഘട്ടത്തിലാണ് മറ്റ് പരിശോധനകളും ചികിത്സയും ആരംഭിക്കുന്നത്. കൂടുതൽ രോഗികളുടെ സ്രവ പരിശോധന നടത്തുന്നുണ്ട്. മികച്ച പരിചരണവും ചികിത്സയുമാണ് തുടർന്ന് പോരുന്നതെന്നും രോഗം വേഗത്തിൽ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നത് പ്രധാനമാണെന്നും ഡോ. ഗീത പറഞ്ഞു.
രോഗത്തിൻ്റെ ഉറവിടം ഇപ്പോഴും അവ്യക്തം
അമീബിക് ജനികത മാറ്റം കൂടി സംഭവിക്കുമ്പോൾ രോഗം പിടിപെടുന്നതിൻ്റെ വ്യാപ്തി വർധിക്കും. രോഗത്തിൻ്റെ ഉറവിടം കൃത്യമായി മനസിലാക്കാൻ ആരോഗ്യ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ചികിത്സയിൽ തുടരുന്നവർക്കുതന്നെ എവിടെ നിന്ന് അമീബ ബാധയുണ്ടായി എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയോ, പുഴയിലോ കുളത്തിലോ കുളിക്കുമ്പോഴോ മൂക്കിലൂടെ അമീബ ശരീരത്തിൽ പ്രവേശിച്ചാണ് രോഗമുണ്ടാകുന്നത്. എന്നാൽ, ചികിത്സയിലുള്ള ചിലർ കുളത്തിലോ പുഴയിലോ പോയിട്ടില്ലെന്നും, മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കിണറിലെ വെള്ളത്തിലാണ് കുളിപ്പിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ജാഗ്രത എന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. മൂക്കിലൂടെ വെള്ളം കയറുന്ന എല്ലാ സാഹചര്യങ്ങളെ പറ്റിയും നല്ല അവബോധമാണ് ഈ രോഗം പിടിപെടാതിരിക്കാനുള്ള മാർഗമെന്നും ഡോ. ഗീത പറഞ്ഞു.
മെനിഞ്ചൈറ്റിസ് രോഗം
തലച്ചോറിനെയും സുഷുമ്‌നാ നാഡിയെയും പൊതിയുന്ന നേരിയ സ്തരമായ മെനിഞ്ചെസിനുണ്ടാകുന്ന വീക്കമാണ് മെനിഞ്ചൈറ്റിസ്. ഇത് തലച്ചോറിന് കേടുപാടുകൾ വരുത്തുകയും ഗുരുതരമായ സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യും. ചില കേസുകളിൽ, ഇത് മരണകാരണമാകാനും സാധ്യതയുണ്ട്.
വിവിധ തരം മെനിഞ്ചൈറ്റിസുകളുണ്ട്.
വൈറൽ മെനിഞ്ചൈറ്റിസ്
സാധാരണയായി കാണപ്പെടുന്നതും വലിയ അപകടകാരിയല്ലാത്തതുമായ ഒന്നാണിത്. ചികിത്സയില്ലാതെ തന്നെ ഇത് ഭേദമാകാറുണ്ട്.
ബാക്ടീരിയൽ മെനിഞ്ചൈറ്റിസ്
ഇത് ഗുരുതരമായതും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളതുമായ ഒരു മെനിഞ്ചൈറ്റിസ് ആണ്. ചികിത്സ ലഭിച്ചില്ലെങ്കിൽ, തലച്ചോറിന് സ്ഥിരമായ കേടുപാടുകൾ വരുത്തുകയോ, പക്ഷാഘാതം, കേൾവിക്കുറവ്, അല്ലെങ്കിൽ മരണം പോലും സംഭവിക്കാൻ സാധ്യതയുണ്ട്.
ഫംഗൽ മെനിഞ്ചൈറ്റിസ്
അപൂർവമായി മാത്രം കാണപ്പെടുന്ന ഒന്നാണിത്. രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്.
മെനിഞ്ചൈറ്റിസിൻ്റെ പ്രധാന ലക്ഷണങ്ങൾ
മെനിഞ്ചൈറ്റിസിൻ്റെ ലക്ഷണങ്ങൾ പെട്ടെന്നുതന്നെ പ്രത്യക്ഷപ്പെടാറുണ്ട്. കുട്ടികളിലും മുതിർന്നവരിലും ലക്ഷണങ്ങൾ വ്യത്യസ്‌തമായിരിക്കും.
കടുത്ത തലവേദന, കഴുത്തു വേദന, പെട്ടെന്ന് വരുന്നതും വളരെ കൂടിയതുമായ പനി, ഛർദ്ദി അല്ലെങ്കിൽ ഓക്കാനം, വെളിച്ചം നോക്കാൻ ബുദ്ധിമുട്ട്, ചില തരം മെനിഞ്ചൈറ്റിസുകളിൽ ശരീരത്തിൽ ചുവന്ന ചെറിയ പാടുകൾ പ്രത്യക്ഷപ്പെടാം, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ അസാധാരണമായ ക്ഷീണം തോന്നുകയോ ചെയ്യാം.
കുട്ടികളിൽ കാണുന്ന ലക്ഷണങ്ങൾ
എളുപ്പത്തിൽ പ്രകോപിതരാകുകയും അസാധാരണമായി എപ്പോഴും കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യാം.
ഭക്ഷണം കഴിക്കാനോ പാൽ കുടിക്കാനോ മടി കാണിക്കുക. എപ്പോഴും ഉറങ്ങാൻ ശ്രമിക്കുകയോ ഉണർത്താൻ പ്രയാസപ്പെടുകയോ ചെയ്യാം. ശിശുക്കളുടെ തലയോട്ടിയുടെ മുകളിലെ മൃദുവായ ഭാഗം (ഫൊണ്ടനെൽ) മുഴച്ച് നിൽക്കാൻ സാധ്യതയുണ്ട്.
മെനിഞ്ചൈറ്റിസിൻ്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് തോന്നിയാൽ, ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. പ്രത്യേകിച്ച് ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് വേഗത്തിൽ വഷളാകാൻ സാധ്യതയുള്ളതിനാൽ കൃത്യ സമയത്തുള്ള ചികിത്സ അത്യാവശ്യമാണ്. അമീബയുടെ സാന്നിധ്യം കൂടി തലച്ചോറിൽ ഉണ്ടാകുമ്പോഴാണ് ആരോഗ്യസ്ഥിതി വഷളാകുന്നത്.






