ആഗ്ര സ്വദേശിയായ അർവിന്ദർ അർവി സിങ് ബഹൽ ആണ് ബ്ലൂ ഒറിജിന്‍റെ ന്യൂ ഷെപ്പേഡ് പ്രോഗ്രാമിന്‍റെ ഭാഗമായി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്.
ബഹിരാകാശ ടൂറിസത്തിനായി അമേരിക്കൻ കമ്പനി ‘ബ്ലൂ ഒറിജിൻ’ നടത്തുന്ന ന്യൂ ഷെപ്പേഡ് പ്രോഗ്രാമിൽ ഭാഗമായി ഇന്ത്യൻ വംശജൻ. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയായ അർവിന്ദർ അർവി സിങ് ബഹൽ ആണ് ന്യൂ ഷെപ്പേഡ് പ്രോഗ്രാമിൽ ബഹിരാകാശത്തേക്ക് പോയ NS-34 എന്ന ബഹിരാകാശ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ (ഓഗസ്റ്റ് 3) ഇന്ത്യൻ സമയം വൈകുന്നേരം 6:13നാണ് ആറ് യാത്രികരുമായി പേടകം തിരിച്ചത്.
ജെഫ് ബെസോസിന്‍റെ ഉടമസ്ഥതയിലുള്ള എയ്‌റോസ്‌പേസ്, സ്‌പേസ് ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിനിന്‍റെ ന്യൂ ഷെപ്പേർഡ് ബഹിരാകാശ പേടകത്തിന്‍റെ 34-ാമത്തെ പറക്കലായിരുന്നു. അതിനാലാണ് NS-34 എന്ന് പേരിട്ടത്. ബ്ലൂ ഒറിജിനിന്‍റെ 34-ാമത്തെ യാത്രയും, ബഹിരാകാശ യാത്രികരുമായി പോയ 14-ാമത്തെ യാത്രയുമാണിത്.
80 വയസ്സുള്ള ഇന്ത്യൻ വംശജനായ അർവിന്ദർ അർവി സിങ് റിയൽ ബഹൽ റിയൽ എസ്റ്റേറ്റ് നിക്ഷേപകനാണ്. പ്രായം വെറും നമ്പർ മാത്രമെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. ഉത്തര, ദക്ഷിണ ധ്രുവങ്ങൾ ഉൾപ്പെടെ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലേക്കും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. എവറസ്റ്റ് കൊടുമുടിയിൽ നിന്നും ഗിസയിലെ പിരമിഡുകളിൽ നിന്നും സ്കൈഡൈവിങ് നടത്തിയിട്ടുണ്ട്. ഇങ്ങനെ പ്രായത്തെ ഭേദിക്കുന്ന സാഹസികതകൾ ഏറെ നടത്തിയിട്ടുണ്ട് അദ്ദേഹം. ഒരു സ്വകാര്യ പൈലറ്റ് ലൈസൻസും കയ്യിലുണ്ട്.
ആഗ്രക്കാരനായ ബഹൽ ഇപ്പോൾ യുഎസ് പൗരനാണ്. 1975 മുതൽ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ബഹൽ പ്രോപ്പർട്ടീസിന്‍റെ തലവനും കൂടെയാണ്. ബിസിനസ്സിലും യാത്രയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ് അദ്ദേഹത്തിന്‍റെ ജീവിതം. ന്യൂ ഷെപ്പേർഡ് റോക്കറ്റിലെ ബഹിരാകാശ യാത്ര അദ്ദേഹത്തിന്‍റെ സ്വപ്‌നങ്ങളെ അന്തരീക്ഷത്തിന് പുറത്തേക്കാണ് കൊണ്ടുപോയത്.
മറ്റ് യാത്രികർ: ന്യൂ ഷെപ്പേഡ് പ്രോഗ്രാമിൽ അർവിന്ദർ അർവി സിങ് ബഹലിന് പുറമെ മറ്റ് അഞ്ച് യാത്രികർ കൂടെയുണ്ടായിരുന്നു. തുർക്കി വ്യവസായി ഗോകഹാൻ എർഡെം, കാലാവസ്ഥാ നിരീക്ഷകയും എമ്മി അവാർഡ് ജേതാവുമായ പത്രപ്രവർത്തക ഡെബോറ മാർട്ടോറെൽ, ഇംഗ്ലീഷ് സാമൂഹിക പ്രവർത്തക ലയണൽ പിച്ച്ഫോർഡ്, വ്യവസായി ജെ.ഡി. റസ്സൽ, ലോക വ്യാപാര സംഘടന മുൻ ഗ്രെനഡ അംബാസഡർ ജസ്റ്റിൻ സൺ എന്നിവരാണ് മറ്റ് യാത്രികർ. റസ്സൽ മുമ്പ് NS-28 ദൗത്യത്തിലും പോയിരുന്നു.
സാധാരണ പൗരന്മാർക്ക് ബഹിരാകാശത്തേക്ക് യാത്ര ചെയ്യാനുള്ള അവസരം ഒരുക്കുന്ന ബ്ലൂ ഒറിജിനിന്‍റെ ശ്രമങ്ങളെയാണ് ഇത് എടുത്തുകാണിക്കുന്നത്. ഏകദേശം 10 മുതൽ 11 മിനിറ്റ് വരെ നീണ്ടുനിൽക്കുന്നതാണ് ഈ ദൗത്യം. സമുദ്രനിരപ്പിൽ നിന്ന് 100 കിലോമീറ്റർ (62 മൈൽ) ഉയരത്തിൽ ഭൂമിയുടെ അന്തരീക്ഷത്തെ ബഹിരാകാശത്ത് നിന്ന് വേർതിരിക്കുന്ന ഒരു സാങ്കൽപ്പിക അതിർത്തിയാണ് കാർമൻ രേഖ. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തിയാണ് ഇത്. ഈ രേഖ കടക്കാൻ സംഘത്തിന് കഴിഞ്ഞു. ഇതുവരെ 70 പേരെ കാർമൻ രേഖയ്‌ക്ക് മുകളിലെത്തിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.




