ഇന്ത്യയിലെ വായു മലിനീകരണം, കുടിവെള്ള മലിനീകരണം, ഭക്ഷണ മലിനീകരണം പ്രത്യേകിച്ച് പ്രധാന നഗരങ്ങളിൽ, പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുക മാത്രമല്ല, വ്യക്തികൾക്കും , രാജ്യത്തിൻറെ സമ്പദ്വ്യവസ്ഥയ്ക്കും, അതുപോലെ സാധാരണ ജനങ്ങളുടെ സാമ്പത്തിക ചിലവുകൾ വർധിപ്പിക്കുകയും ചെയ്യുന്നു. ഓരോ പൗരനും, കുടുംബങ്ങളും, വ്യവസായികളും, ശ്രദ്ധിച്ചില്ലെങ്കിൽ, ഈ മലിനീകരണ അവസ്ഥ വ്യക്തികളെയും, കുടുംബങ്ങളെയും, മറഞ്ഞിരുന്ന് തള്ളിവിടുന്നത് വ്യക്തി ഹത്യയിലേക്കും, സാമ്പത്തിക ബാധ്യതയിലേക്കുമാണ്. കാരണം പലപ്പോഴും വർദ്ധിച്ചുവരുന്ന ചികിത്സാ ചെലവുകൾ സാധാരണ ജനങ്ങൾക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറത്താണ്.
മലിനീകരണത്തിൻ്റെ ആരോഗ്യ പ്രത്യാഘാതങ്ങൾ വിശാലവും, ചെലവേറിയതുമാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, വൈജ്ഞാനിക വൈകല്യങ്ങൾ എന്നിവയും, ദീർഘനേരം ഈ മാലിന്യ അന്തരീക്ഷത്തിൽ നിന്നാൽ ബാധിക്കുമെന്ന് തെളിയിച്ചിരിക്കുന്നു..
ഇന്നത്തെ കുട്ടികൾ പ്രത്യേകിച്ച് ആരോഗ്യത്തിൽ ദുർബലരും, പ്രതിരോധശേഷി കുറഞ്ഞവരുമാണ്. അവരാണ് വേഗത്തിൽ ഇതിന് ഇരയായി മാറുന്നത്. പലരും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നു, ശ്വാസകോശത്തിൻ്റെ പ്രവർത്തനം കുറയുന്നു, പല തരത്തിലുള്ള പനികൾ ബാധിക്കുന്നു, മലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം കുട്ടികളുടെ പഠനം, അവരുടെ സ്കൂൾ അറ്റന്റൻസ് തുടങ്ങിയവ തടസ്സപ്പെടുന്നു.
ഇന്ത്യയിലെ മലിനീകരണ അവസ്ഥയെ പരിഹരിക്കുന്നതിന് സമഗ്രമായ നടപടിയുടെ അടിയന്തിര ആവശ്യകതയെക്കുറിച്ച്, പ്രത്യേക പഠനത്തിൽക്കൂടിയുള്ള കണ്ടെത്തലുകളിൽ ഊന്നിപ്പറയുന്നു.
പൊതുജനാരോഗ്യ നടപടികൾ മെച്ചപ്പെടുത്തുന്നതും, മലിനീകരണ സ്രോതസ്സുകൾ ഇല്ലാതാക്കുന്നതുമായ സമീപനം വ്യക്തികളുടെ ജീവൻ രക്ഷിക്കുക മാത്രമല്ല, വ്യക്തികൾക്കും, ആരോഗ്യസംരക്ഷണ സംവിധാനത്തിനും മേലുള്ള സാമ്പത്തിക ബാധ്യത ലഘൂകരിക്കുകയും ചെയ്യും.
ഇന്ത്യയിൽ വൃത്തിയുള്ളതും, ആരോഗ്യകരവുമായ, നഗരങ്ങൾ സൃഷ്ടിക്കാൻ ആവശ്യമായ നിക്ഷേപത്തേക്കാൾ വളരെ കൂടുതലായിരിക്കും, മലിനീകരണത്തിനെതിരെ പ്രവൃത്തിച്ചില്ലെങ്കിൽ വരുന്ന ബാധ്യതയും, ഭീഷണിയുമെന്ന് എല്ലാവരും വളരെ ഗൗരവവുമായി എടുക്കേണ്ട കാര്യമാണെന്ന് പല പഠന റിപ്പോർട്ടുകളും തെളിയിക്കുന്നു.