70 വയസ്സ് കഴിഞ്ഞവ‍ർക്ക് പ്രധാനമന്ത്രിയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി.

0
48

ഇടത്തരക്കാരുടെ വോട്ട് ബാങ്കിൽ നോട്ടമിട്ട് ആരോഗ്യമേഖലയിൽ പുത്തൻ പദ്ധതി വാഗ്ദാനവുമായി ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിൽ 70 വയസ്സ് കഴിഞ്ഞവർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏകദേശം ആറ് കോടി പേർക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ പ്രഖ്യാപിച്ചിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ഇപ്പോൾ കൂടുതൽ പേരിലേക്ക് എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ജനങ്ങളിൽ നിന്ന് കൂടി വന്ന അഭിപ്രായം പരിഗണിച്ചാണ് ബിജെപി ഇക്കാര്യം പ്രകടന പത്രികയിൽ ഉൾപ്പെടുത്തുന്നതെന്ന് ഒരു കേന്ദ്രമന്ത്രി ന്യൂസ് 18നോട് പറഞ്ഞു. “70 വയസ്സ് കഴിഞ്ഞവർക്ക് മിക്ക ആരോഗ്യ ഇൻഷുറൻസ് കമ്പനികളും പോളിസി നൽകുന്നില്ല. ഈ പ്രായത്തിലുള്ളവരിൽ നിന്ന് കൂടുതലായി ക്ലെയിം വരുമെന്നതാണ് ഇതിന് പ്രധാന കാരണം. ഇനി അഥവാ ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ തന്നെ 70 കഴിഞ്ഞവർക്ക് വൻതുക പ്രീമിയം അടയ്ക്കേണ്ടി വരും. ഇടത്തരക്കാരായ കുടുംബങ്ങൾക്ക് ഈ പ്രീമിയം തുക താങ്ങാൻ സാധിക്കില്ല,” മന്ത്രി പറഞ്ഞു.

“നിലവിലുള്ള അസുഖങ്ങൾ പോളിസിയിൽ ഉൾപ്പെടുത്തില്ലെന്ന നിയമങ്ങൾ കമ്പനികളും വെക്കാറുണ്ട്. മൂന്ന് വർഷം വരെ കാലാവധി കഴിഞ്ഞതിന് മാത്രമേ നിലവിലുള്ള അസുഖങ്ങൾക്ക് ക്ലെയിം ബാധകമാവുകയുള്ളൂ. അതിനിടയിൽ വലിയ തുക പ്രീമിയം അടയ്ക്കേണ്ടതായി വരും. അതിനാൽ 70 കഴിഞ്ഞവർക്കായി പോളിസി എടുത്താൽ പോലും തത്വത്തിൽ വലിയ ഗുണം ലഭിക്കാത്ത അവസ്ഥയാണ്,” മറ്റൊരു ബിജെപി നേതാവ് പറഞ്ഞു.

70 വയസ്സ് കഴിഞ്ഞവർക്ക് ആരോഗ്യ ഇൻഷുറൻസ് വലിയ ആവശ്യകതയാണ്. അവർക്കാണ് കൂടുതൽ അസുഖങ്ങൾ ഉണ്ടാവുന്നത്. മികച്ച ചികിത്സ ലഭിക്കണമെങ്കിൽ ഇൻഷുറൻസ് അനിവാര്യമാണ്. പലപ്പോഴും ഗുരുതരമായ അസുഖങ്ങൾ ഉള്ളവർ ഈ പ്രായത്തിൽ ഉൾപ്പെടുന്നവരാണെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.

“കോവിഡിന് ശേഷം നമ്മുടെ ആരോഗ്യകാര്യങ്ങൾ കൂടുതൽ മാറ്റം വന്നിരിക്കുകയാണ്. 70 വയസ്സ് കഴിഞ്ഞവരുടെ ആരോഗ്യത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അവർ വളരെ പെട്ടെന്ന് അസുഖബാധിതരായി മാറുന്നുണ്ട്,” കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. “70 വയസ്സിന് മുകളിൽ പ്രായമുള്ള പലരും ഗുരുതരമായ അസുഖങ്ങൾ ഉള്ളവരാണ്. അവരുടെ ചികിത്സയ്ക്ക് വൻതുക കണ്ടെത്തേണ്ടതായി വരാറുണ്ട്. ഇടത്തരക്കാരായ ആളുകൾക്ക് ഈ തുക കണ്ടെത്താൻ വലിയ പ്രയാസമാണ്. വൻതുക പ്രീമിയം അടച്ച് ഇൻഷുറൻസ് പോളിസി എടുക്കാനും ഇവർക്ക് സാധിക്കില്ല,” അവർ വ്യക്തമാക്കി.

“70 വയസ്സിന് മുകളിൽ പ്രായമുള്ള ഏകദേശം 6 കോടി പേരാണ് രാജ്യത്തുള്ളത്. ആ പ്രായ ഗ്രൂപ്പിൽ ഉള്ളവരും അവരുടെ കുടുംബങ്ങളുമെല്ലാം പ്രധാനമന്ത്രിയുടെ ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്,” മറ്റൊരു ബിജെപി നേതാവ് പറഞ്ഞു.

“പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്നെ പ്രായം 70 കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിൻെറ അതേ പ്രായത്തിലുള്ളവർക്ക് വേണ്ടി വലിയ ഒരു കാര്യമാണ് ചെയ്യാൻ പോവുന്നത്. ആയുഷ്മാൻ ഭാരത് യോജന പദ്ധതിപ്രകാരം പാവപ്പെട്ട കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെ സൌജന്യമായി ആരോഗ്യ ഇൻഷുറൻസ് നൽകുന്നുണ്ട്. 70 വയസ്സ് കഴിഞ്ഞവർക്ക് സൌജന്യ ചികിത്സയാണ് ഇനി ബിജെപി ലക്ഷ്യമിടുന്നത്,” ബിജെപി എംപി മനോജ് തിവാരി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here