352 ദിവസംകൊണ്ട് ആഫ്രിക്ക മുഴുവൻ ഓടി തീർത്ത് യുകെ സ്വദേശിയായ 27കാരൻ.

0
55

352 ദിവസം കൊണ്ട് ആഫ്രിക്ക (Africa) മുഴുവൻ ഓടിത്തീർത്ത് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് യുകെ 27 കാരനായ റസ് കുക്ക് എന്ന യുവാവ്. ഹാർഡസ്റ്റ് ഗീസർ എന്നറിയപ്പെടുന്ന ഇദ്ദേഹം കഴിഞ്ഞ 352 ദിവസങ്ങളിലായി, 10,000 മൈലുകൾ താണ്ടിയാണ് ആഫ്രിക്കയിലെ 16 രാജ്യങ്ങളിലൂടെ സഞ്ചരിച്ചത്. യാത്രാമധ്യേ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും തന്റെ സ്വപ്നം പൂർത്തിയാക്കിയിരിക്കുകയാണ് ഇപ്പോൾ റസ് കുക്ക്. കാട്ടിൽ വഴിതെറ്റിയും പരിക്കുപറ്റിയും ഭക്ഷ്യ വിഷബാധയേറ്റും മറ്റും പലതരത്തിലുള്ള പ്രശ്നങ്ങൾ കുക്കിന് നേരിടേണ്ടി വന്നു. യാത്രക്കിടെ തോക്ക് ചൂണ്ടി തനിക്കെതിരെ കവർച്ചാ ശ്രമം വരെ നടന്നതായും യുവാവ് വെളിപ്പെടുത്തി.

എങ്കിലും ഈ പ്രതിസന്ധിയിൽ ഒന്നും തളരാതെ തന്റെ ദൗത്യം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു റസ് കുക്ക്. അദ്ദേഹത്തിന്റെ ഈ നേട്ടം പലർക്കും അവിശ്വസനീയമായ കാര്യം തന്നെയാണ്. അതും 10,000 മൈലുകൾ ഓടി തീർക്കുക എന്നത് നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ദൂരമാണ്. കൂടാതെ ഈ യാത്രയുടെ അവസാന ഘട്ടത്തിൽ എടുത്ത ചിത്രങ്ങള്‍ കുക്ക് സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ചിരുന്നു. ഇതിൽ ആളുകൾ അദ്ദേഹത്തെ അഭിനന്ദിക്കുന്ന ചിത്രങ്ങളും ഉൾപ്പെട്ടിരുന്നു. ” ആഫ്രിക്ക മുഴുവൻ ഓടി തീർക്കുന്ന ആദ്യത്തെ വ്യക്തി. ദൗത്യം പൂർത്തിയായി” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്.

അതികഠിനമായ ലക്ഷ്യത്തിലെത്താൻ കുക്ക് കാണിച്ച സ്ഥിരോത്സാഹത്തെയും നിശ്ചയദാർഢ്യത്തെയും അഭിനന്ദിച്ച് ഇപ്പോൾ നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിൽ കമൻറ് ചെയ്തിരിക്കുന്നത്. ” ഞാൻ ഒരിക്കലും ഇങ്ങനെ ഒരു മനുഷ്യനെ കണ്ടിട്ടില്ല. അവിശ്വസനീയമായ തന്റെ കഠിനാധ്വാനം കൊണ്ട് എന്തിനെയും തരണം ചെയ്യാനുള്ള ആത്മവിശ്വാസം റസ് കുക്ക് ഇതിലൂടെ എനിക്ക് നൽകുന്നു. നന്ദി, സുഹൃത്തേ. ”എന്നാണ് ഒരാൾ എക്‌സിൽ കുറിച്ചത്. നമീബിയ, അംഗോള, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, റിപ്പബ്ലിക് ഓഫ് കോംഗോ, കാമറൂൺ, നൈജീരിയ, ബെനിൻ, തോഗോ, ഘാന, ഐവറി കോസ്റ്റ്, ഗിനിയ, സെനെഗാള്‍, മൗറിറ്റാനിയ, അള്‍ജീരിയ, റാസ് ഏഞ്ചല എന്നീ രാജ്യങ്ങളിലൂടെയാണ് ഓടിയാണ് അദ്ദേഹം ഏപ്രിൽ ഏഴിന് തന്റെ പര്യടനം പൂർത്തിയാക്കിയത്.

തന്റെ മാരത്തണിലൂടെ 7.36 കോടി രൂപ റസ് കുക്ക് സമാഹരിക്കുകയും ചെയ്തു. ‘പ്രൊജക്റ്റ് ആഫ്രിക്ക’ എന്ന് വിളിക്കപ്പെടുന്ന ആഫ്രിക്കൻ മാരത്തണിന് ശേഷം കുക്ക് തന്റെ മറ്റൊരു ലക്ഷ്യം കൂടി നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. അതിൽ ഈ ഭൂഖണ്ഡം മുഴുവൻ സന്ദർശിക്കാനാണ് പദ്ധതി എന്നും അതിനായി അല്പം സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here