1989 ൽ കറാച്ചിയിൽ നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് മാച്ചിലായിരുന്നു ഇരുവരുടെയും തുടക്കം. രണ്ടാം ഇന്നിങ്സിൽ 19 ഓവറിൽ 80 റൺസ് വഴങ്ങിയ വഖാർ നാല് വിക്കറ്റുകൾ വീഴ്ത്തി ലോങ് ഫോർമാറ്റ് ക്രിക്കറ്റിലേക്ക് തന്റെ വരവറിയിച്ചു. വഖാർ വീഴ്ത്തിയ നാല് വിക്കറ്റുകളിൽ ഒന്ന് സച്ചിന്റേതായിരുന്നു.15 റൺസെടുത്ത് നിൽക്കുമ്പോഴാണ് സച്ചിനെ വഖാർ പുറത്താക്കിയത്. കപിൽ ദേവ്, സഞ്ജയ് മഞ്ചരേക്കർ, മനോജ് പ്രഭാകർ എന്നിവരുടേതാണ് വഖർ വീഴ്ത്തിയ മറ്റ് വിക്കറ്റുകൾ.പതിനഞ്ച് റൺസ് മാത്രമെടുത്ത് പുറത്തായി എങ്കിലും പാകിസ്ഥാൻ ബൗളിംഗ് നിരക്കെതിരെ പ്രതിരോധം തീർക്കാൻ 16 വയസ്സും 205 ദിവസവും മാത്രം പ്രായമുള്ള സച്ചിന് അരങ്ങേറ്റ മത്സരത്തിൽ തന്നെ കഴിഞ്ഞു. 41 റൺസിന് 4 വിക്കറ്റ് നഷ്‍ടമായി നിന്ന ഇന്ത്യയെ മുഹമ്മദ് അസറുദ്ദീനുമായുള്ള കൂട്ടുകെട്ടിലൂടെ 32 റൺസ് കൂട്ടിച്ചേർത്ത് പുനരുജ്ജീവിപ്പിക്കാനും ആറാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ ഇറങ്ങിയ സച്ചിന് കഴിഞ്ഞു.ടോസ് ജയിച്ച് ക്രിസ് ശ്രീകാന്തിന്റെ നേതൃത്വത്തിൽ ഇന്ത്യ ബൌളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യക്കെതിരെ 109 റൺസ് എടുത്ത ഇമ്രാൻ ഖാന്റെ പിൻബലത്തിൽ ആതിഥേയർ പത്ത് വിക്കറ്റ് നഷ്ടത്തിൽ 409 റൺസ് എടുത്തു.
പക്ഷെ പത്ത് വിക്കറ്റ് നഷ്ടത്തിൽ 262 ൽ ഇന്ത്യയുടെ റൺ വേട്ട അവസാനിച്ചു. കളിയിൽ ഇന്ത്യക്കെതിരെ വഖാറും വസിം അക്രമും നാല് വിക്കറ്റ് വീതവും ഇമ്രാനും അബ്ദുൽ ഖാദറും ഓരോ വിക്കറ്റും എടുത്തു.ആദ്യ ഇന്നിങ്സിൽ പാകിസ്ഥാന് 147 റൺസിന്റെ ലീഡ് ഉണ്ടായിരുന്നുവെങ്കിലും, രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് എടുത്ത് ഡിക്ലയർ ചെയ്ത പാകിസ്ഥാന് എതിരെ 453 റൺസിന്റെ വിജയ ലക്ഷ്യം പിൻതുടർന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 303 റൺസ് എടുത്ത് നിൽക്കുമ്പോൾ അമ്പയർ മത്സരം സമനിലയിലായതായി പ്രഖ്യാപിച്ചു. രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ സച്ചിന് അവസരം ലഭിച്ചില്ല. നാലാം ഇന്നിങ്സ് ബോൾ ചെയ്യാൻ ഇറങ്ങിയ വഖാറിന് വിക്കറ്റുകൾ ഒന്നും ലഭിച്ചിരുന്നില്ല.