പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചത്രം ‘ലാല’ പ്രദർശനം തുടങ്ങി. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധേയമായ ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസകൾ നേടിക്കൊണ്ട് ഒടിടി പ്ലാറ്റഫോമായ കൂടെയിലൂടെയാണ് പ്രദർശനം തുടരുന്നത്.
സംഭാഷങ്ങൾക്ക് പ്രാധാന്യം നൽകി വളരെ ചുരുങ്ങിയ മുതൽമുടക്കിൽ നിർമിച്ച ചിത്രത്തിലൂടെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തില്‍ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ് സംവിധായകൻ സതീഷ് പി ബാബു തുറന്നുകാട്ടുന്നത്. സതീഷ് തന്നെയാണ് ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത്. പതിവുശൈലികളില്‍ നിന്ന് മാറി സംഭാഷണത്തിലൂടെ കാര്യങ്ങള്‍ തുറന്നവതരിപ്പിക്കുന്ന വ്യത്യസ്തമായ രീതിയാണ് ചിത്രത്തിന്റേത്.
സ്ത്രീ സമത്വം, വിവാഹം, ജാതി-മത അധികാര ശ്രേണിയിൽ നിലനിൽക്കുന്ന വേർതിരിവുകൾ, മലയാളിയുടെ പുരോഗമന ചിന്തകൾക്ക് പിന്നിലെ യാഥാസ്ഥികത്വം എന്നിങ്ങനെ നിരവധി വിഷയങ്ങൾ ആക്ഷേപഹാസ്യ രൂപേണ ചിത്രത്തിൽ ചർച്ച ചെയ്യുന്നു. ഒളിവും മറവുമില്ലാതെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഒരു സിനിമയാണ് ലാല എന്ന് നിസംശയം പറയാം. കുടുംബത്തിനുള്ളിൽ നടക്കുന്ന തമാശകളെയും നാടകീയതയെയുമൊക്കെ തന്നെ ചിത്രത്തിൽ അതുപോലെ ഒപ്പിയെടുത്തിരിക്കുന്നു. മനോഹരമായ മൂന്ന് പാട്ടുകളും ചിത്രത്തിന്റെ ഭാഗമാണ്.
പ്രണവ് മോഹന്‍, യമുന ചുങ്കപ്പള്ളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗാര്‍ഗി ഗംഗന്‍, ശ്രീ ലക്ഷ്മി ഹരിദാസ്, നാസര്‍ ചെമ്മട്ട്, സിന്ധു ഷാജി ,അനു ഫറോക്ക്, അഞ്ജന എ എസ് ,നിധിന്യ പട്ടയില്‍, സതീഷ് അമ്പാടി, രശ്മി പൊതുവാള്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. റീൽ കാർണിവൽ പ്രൊഡക്ഷൻസിന്റെ ബാനറില്‍ കോഴിക്കോടുള്ള ന്യൂ വേവ് ഫിലിം സ്കൂളുമായി സഹകരിച്ച് സിദ്ധാര്‍ഥന്‍ ചെറുവണ്ണൂര്‍, ഷാബു ഫറോക്ക് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പ്രതാപ് ജോസഫാണ് ക്യാമറ. എഡിറ്റിങ് ഷിജു ബാലഗോപാലും സൗണ്ട് ഡിസൈന്‍ ദീപു ടി എസും നിര്‍വഹിക്കുന്നു. മിക്സിങ് ഷൈജു എം. സോണി സായിയുടേതാണ് സംഗീതം. ഷാബി പനങ്ങാട്ട് ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് സാജന്‍ കെ റാം ആണ്.