കല്പറ്റ: കുരുമുളക് തോട്ടങ്ങളില്‍ മഞ്ഞളിപ്പ് രോഗം വ്യാപകമാകുന്നു. കീടബാധയെ തുടര്‍ന്ന് നിരവധി കുരമുളക് തോട്ടങ്ങള്‍ നാശത്തിന്റെ വക്കിലാണ്.
നൂറുകണക്കിന് കര്‍ഷകരെയാണ് മഞ്ഞളിപ്പ് രോഗം ആശങ്കയിലാക്കുന്നത്. രണ്ടായിരത്തിന് ശേഷമാണ് ജില്ലയിലെ കുരുമുളക് തോട്ടങ്ങളില്‍ മഞ്ഞളിപ്പും ദ്രുത വാട്ടവും വ്യാപകമായത്.
ഹെക്ടര്‍ കണക്കിന് തോട്ടങ്ങള്‍ രോഗ ബാധയെ തുടര്‍ന്ന് നശിക്കുകയും കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാവുകയും ചെയ്തു. പിന്നീട് ചില തോട്ടങ്ങളില്‍ വീണ്ടും കുരുമുളക് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നു. വീണ്ടും ദ്രുതവാട്ടവും മഞ്ഞളിപ്പും വര്‍ധിച്ചതോടെ കര്‍ഷകര്‍ ആശങ്കയിലാണ്.
1990കളിലാണ് ദ്രുതവാട്ട രോഗം കുരുമുളകില്‍ കണ്ടു തുടങ്ങിയത്. രോഗം ബാധിച്ചാല്‍ ചെടിയുടെ ഇലയും തണ്ടും ദിവസങ്ങള്‍ക്കുള്ളില്‍ മഞ്ഞളിപ്പുണ്ടായി നശിക്കും. ഇപ്പോള്‍ വില ഉയര്‍ന്നിട്ടുണ്ടെങ്കിലും വിളവെടുപ്പ് വളരെ കുറഞ്ഞു.
കുരുമുളകിന്റെ നാശം തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്‌പൈസസ് ബോര്‍ഡ് മുഖേന നടപ്പാക്കിയ കുരുമുളക് ആവര്‍ത്തന കൃഷി ഫലം കണ്ടിരുന്നുവെങ്കിലും കീടബാധ കര്‍ഷകരെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പല മരുന്നുകളും നിര്‍ദേശിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലം ചെയ്യുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.