ഇംഫാല്‍: മണിപ്പുരില്‍ ഫുട്‌ബോള്‍ ലഹരി. തലസ്‌ഥാനമായ ഇംഫാലിലെ ഖുമന്‍ ലാംപാക് സ്‌റ്റേഡിയത്തില്‍ ത്രിരാഷ്‌ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്നു തുടക്കമാകും.
വൈകിട്ട് ആറ് മുതല്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ മ്യാന്‍മറിനെ നേരിടും. കിര്‍ഗിസ് റിപ്പബ്ലിക്കാണ് ടൂര്‍ണമെന്റിലെ മൂന്നാമന്‍. മ്യാന്‍മറും കിര്‍ഗിസ്‌ഥാനും തമ്മിലുള്ള മത്സരം 25 നാണ്. 28 നാണ് ഇന്ത്യയും കിര്‍ഗിസ് റിപ്പബ്ലിക്കും തമ്മില്‍ ഏറ്റുമുട്ടുക. ആദ്യമായാണ് മണിപ്പുര്‍ രാജ്യാന്തര ഫുട്‌ബോളിനു വേദിയാകുന്നത്.
അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യന്‍ കപ്പ് മുന്‍നിര്‍ത്തിയാണു ത്രിരാഷ്‌ട്ര ടൂര്‍ണമെന്റ് നടത്തുന്നത്. ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്‌റ്റിമാചിന് ടീമിന്റെ ശക്‌തി പരീക്ഷിക്കാനുള്ള വേദി കൂടിയാണിത്. കഴിഞ്ഞ 11 മത്സരങ്ങളില്‍ ഒന്‍പതിലും സ്‌റ്റിമാചിന്റെ ശിഷ്യന്‍മാര്‍ തോറ്റിരുന്നു. വെറ്ററന്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയാണ് ടീം ഇന്ത്യയെ നയിക്കുന്നത്.
ടീം ഇന്ത്യ: ഗോള്‍ കീപ്പര്‍മാര്‍ – ഗുര്‍പ്രീത് സിങ് സന്ധു, പൂര്‍ബ ലാചെന്‍പ തെംപ, അമരീന്ദര്‍ സിങ്. ഡിഫന്‍ഡര്‍മാര്‍- സന്ദേശ് ജിങ്കാന്‍, റോഷന്‍ സിങ്, അന്‍വര്‍ അലി, ആകാശ് മിശ്ര, ചിങ്‌ലെന്‍സാന കോണ്‍ഷാം, രാഹുല്‍ ഭെകെ, മെഹ്‌താബ് സിങ്, പ്രീതം കോടാല്‍. മിഡ്‌ഫീല്‍ഡര്‍മാര്‍- സുരേഷ് വാങ്‌ജം, രോഹിത് കുമാര്‍, അനിരുദ്ധ ഥാപ്പ, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, യാസിര്‍ മുഹമ്മദ്, റിത്വിക് ദാസ്, ജീക്‌സണ്‍ സിങ്, ലാലിയന്‍സുല ചാങ്‌തെ, ബിപിന്‍ സിങ്. സ്‌ട്രൈക്കര്‍മാര്‍- മന്‍വീര്‍ സിങ്, സുനില്‍ ഛേത്രി, നായ്‌റോം മഹേഷ് സിങ്.
വിശാല്‍ കെയ്‌ത്, പ്രഭുസുഖന്‍ ഗില്‍, സുഭാഷിഷ് ബോസ്, പ്രീതം കോടാല്‍, ആശിഷ് റായ്, നരേന്ദര്‍ ഗാലോട്ട്, ലിസ്‌റ്റണ്‍ കെളാകോ, നിഖില്‍ പൂജാരി, സഹല്‍ അബ്‌ദുള്‍ സമദ്, ഇഷാന്‍ പണ്ഡിത എന്നിവരാണു റിസര്‍വ് താരങ്ങള്‍.
ആറ് മാസത്തിനു ശേഷമാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങുന്നത്. കൊല്‍ക്കത്തയില്‍ അഞ്ചു ദിവസത്തെ പരിശീലന ക്യാമ്ബിനു ശേഷമാണ് ഇഗോര്‍ സ്‌റ്റിമാചും സംഘവും ഇംഫാലില്‍ കാലു കുത്തിയത്. ഇടവേളയുണ്ടായെങ്കിലും ടീമിന് ഒത്തൊരുമയുണ്ടെന്നു സ്‌റ്റിമാച് പറഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ താരങ്ങളുടെ പ്രകടനം വിലയിരുത്താന്‍ അവസരം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ബ ലാചെന്‍പ തെംപ, റിത്വിക് ദാസ്, രോഹിത് കുമാര്‍ തുടങ്ങിയ യുവ താരങ്ങള്‍ക്കു കൂടുതല്‍ അവസരം നല്‍കാനാണു സാധ്യത. ബംഗളുരു എഫ്.സിയുടെ ശിവശക്‌തി നാരായണന്‍, എ.ടി.കെ. മോഹന്‍ബഗാന്റെ ഗ്ലാന്‍ മാര്‍ട്ടിന്‍സ് എന്നിവര്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെങ്കിലും പരുക്കു കാരണം കളിക്കുന്നില്ല.
2022 സെപ്‌റ്റംബറിനാണ് ടീം ഇന്ത്യ അവസാനം കളിച്ചത്. സിംഗപ്പുരിനോട് സമനില വഴങ്ങിയ ഇന്ത്യ വിയറ്റനാമിനോട് 3-0 ത്തിനു തോറ്റു. കഴിഞ്ഞ വര്‍ഷം നടന്ന എ.എഫ്.സി. കപ്പ് യോഗ്യതാ റൗണ്ടില്‍ കമ്ബോഡിയ, അഫ്‌ഗാനിസ്‌ഥാന്‍, ഹോങ്കോങ് ടീമുകളെ തോല്‍പ്പിച്ച് ഫൈനല്‍സില്‍ കടക്കാന്‍ ഇന്ത്യക്കായി.
ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ 53 സ്‌ഥാനം താഴെയാണ് മ്യാന്‍മര്‍. എ.എഫ്.സി. ചാമ്ബ്യന്‍ഷിപ്പില്‍ നാലു തോല്‍വികള്‍ നേരിട്ട അവര്‍ക്ക് ഒരു സമനില മാത്രമാണു നേടാനായത്. വിയറ്റ്‌നാമിനോട് 3-0 ത്തിനു തോറ്റതാണ് ഏറ്റവും മോശം പ്രകടനം.
സിംഗപ്പുര്‍, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവരും മ്യാന്‍മറിനെ തോല്‍പ്പിച്ചു. ജര്‍മന്‍കാരനായ മിഷേല്‍ ഫെയ്‌ഷാന്‍ബീനര്‍ കോച്ചായതോടെ പ്രകടനം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് അവര്‍. ലോക റാങ്കിങ്ങില്‍ 94-ാം സ്‌ഥാനക്കാരാണ് കിര്‍ഗിസ് റിപ്പബ്ലിക്ക്‌്. എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്‌ഥാനക്കാരായിരുന്നു.