World Cup 2023: ന്യൂസിലാൻഡിന് 99 റൺസ് ജയം;

0
96

ഹൈദരാബാദ്: ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലാൻഡിന് തുടർച്ചയായ രണ്ടാം ജയം. നെതർലൻഡ്സിനെ 99 റൺസിനാണ് ന്യൂസിലാൻഡ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ഏഴിന് 322 റൺസ് നേടുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ നെതർലൻഡ്സ് മികച്ച പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും, 46.3 ഓവറിൽ 223 റൺസിന് അവരുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. ഇന്നത്തെ വിജയത്തോടെ ന്യൂസിലാൻഡിന് രണ്ട് മത്സരങ്ങളിൽനിന്ന് നാല് പോയിന്‍റായി. ഗ്രൂപ്പ് ഘട്ടത്തിൽ അവർ തന്നെയാണ് ഒന്നാമത്. ന്യൂസിലാൻഡ് ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തകർത്തിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ ഡെവൻ കോൺവെ 32 റൺസെടുത്ത് പുറത്തായി. എന്നാൽ മറ്റൊരു ഓപ്പണറായ വിൽ യങ് മികച്ച ബാറ്റിങ്ങാണ് പുറത്തെടത്തത്. അദ്ദേഹം 80 പന്തിൽ 70 റൺസ് നേടി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ രച്ചിൻ രവീന്ദ്ര ഇന്ന് 51 റൺസ് നേടി.കീവിസ് ക്യാപ്റ്റൻ ടോം ലഥാൻ 53 റൺസും ഡാരിൽ മിച്ചൽ 48 റൺസും നേടി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച മിച്ചൽ സാന്‍റ്നർ (17 പന്തിൽ പുറത്താകാതെ 36 റൺസ്) കീവിസ് സ്കോർ 300 കടത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.

നെതർലൻഡ്സിന് വേണ്ടി ആര്യൻ ദത്ത്, പോൾ വാൻ മീകേരൻ, റോളോഫ് വാൻ ഡെർ മെർവെ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ബാസ് ഡി ലീഡ് ഒരു വിക്കറ്റ് നേടി.മറുപടി ബാറ്റിങ്ങിൽ കീവിസ് ബോളിങ് കരുത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തി. കോളിൻ അക്കർമാൻ 69 റൺസ് നേടി. ഡച്ച് ഇംന്നിംഗ്സിൽ സ്കോട്ട് എഡ്വേർഡ്സ്, 30 റൺസും സൈബ്രാൻഡ് എംഗൽബ്രെച്ച്റ്റ് 29 റൺസും നേടി. ന്യൂസിലാൻഡിന് വേണ്ടി മിച്ചൽ സാന്‍റ്നർ അഞ്ച് വിക്കറ്റ് നേടി. 59 റൺസ് വഴങ്ങിയാണ് സാന്‍റ്നറുടെ അഞ്ച് വിക്കറ്റ് നേട്ടം. മാറ്റ് ഹെൻറി മൂന്നു വിക്കറ്റും രച്ചിൻ രവീന്ദ്ര ഒരു വിക്കറ്റും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here