പി.കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ്; വിധി ഇന്ന്

0
84

ആലപ്പുഴ: പി.കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ വിധി ഇന്ന്. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. വി.എസ് അച്യുതാനന്ദന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ചന്ദ്രൻ ഉൾപ്പടെ അഞ്ചുപ്രതികളാണ് കേസിൽ ഉള്ളത്.

2013 ഒക്ടോബർ 31നാണ് കഞ്ഞിക്കുഴി കണ്ണർക്കാട്ടെ പി.കൃഷ്ണപിള്ള സ്മാരകം ആക്രമിക്കപ്പെട്ടത്. പി. കൃഷ്ണപിള്ള അവസാനകാലത്ത് താമസിച്ചതും പാമ്പുകടിയേറ്റ് മരിച്ചതും ഇവിടെ വെച്ചായിരുന്നു. ആക്രമണത്തിൽ വീട് ഭാഗികമായി കത്തുകയും പ്രതിമയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു. മാരാരിക്കുളം പൊലീസ് ആദ്യമന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ലതീഷിന് പുറമെ സി.പി.എം കണ്ണർകോഡ് ലോക്കൽ സെക്രട്ടറി സാബു സിപിഎം അംഗങ്ങളായ ദീപു, രാജേഷ്, പ്രമോദ് എന്നിവരായിരുന്നു പ്രതികൾ.

സി.പി.എമ്മിലെ വിഭാഗീയതയാണ് സ്മാരകം തകർത്തതിന് പിന്നിലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. ഔദ്യോഗിക പക്ഷത്തിന് സ്മാരകം സംരക്ഷിക്കാൻ പോലും കഴിവില്ലെന്നു വരുത്തി തീർക്കാനുള്ള ശ്രമമെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. എന്നാൽ ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസ് മനഃപൂർവം കെട്ടിച്ചമച്ചതാണെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. 2016 ഏപ്രിൽ 28ന് ക്രൈംബ്രാഞ്ച് കേസിൽ കുറ്റപത്രം സമർപ്പിച്ചു. 56 സാക്ഷികളെയാണ് വിസ്തരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here