കീരിത്തോട്: ഇസ്രായേലില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട അടിമാലി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്‍റെ വീട് സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പ്രധാന മന്ത്രിയുടെ പ്രതിനിധിയായി കുടുംബാംഗങ്ങള്‍ക്ക് ആശ്വാസമേകാനും, കേന്ദ്രസര്‍ക്കാര്‍ എന്നും കൂടെയുണ്ടെന്ന ഉറപ്പ് കുടുംബാംഗങ്ങള്‍ക്ക് നല്‍കുവനാണെന്നുമാണ് തന്റെ സന്ദർശനമെന്ന് വി മുരളീധരന്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ സൗമ്യയുടെ വീട്ടിലെത്തിയ മന്ത്രി അവിടെ അരമണിക്കൂറോളം ചെലവഴിച്ചു.
ഇസ്രയേലില്‍ നിന്നും സൗമ്യയുടെ മൃതദേഹം ഇന്ത്യയിലേക്ക് വേഗത്തില്‍ നാട്ടിൽ എത്തിക്കുന്നതിന് നടപടിയെടുത്തതും, അത് ഡെല്‍ഹി വിമാനത്താവളത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധിയായി ഏറ്റുവാങ്ങിയതും വി. മുരളീധരന്‍ ആയിരുന്നു. ഭര്‍ത്താവ് സന്തോഷ് ഉള്‍പ്പെടെയുളളവരുമായി ബന്ധപ്പെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരും ആ വീട്ടിലെത്തിയില്ലെന്നത് ഖേദകരമാണെന്നും സൗമ്യയുടെ മകന്‍റെ വിദ്യാഭ്യാസ ചിലവ്, കുടുംബത്തിനുള്ള നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിലപാടിൽ വ്യക്തത പ്രതീക്ഷിക്കുന്നതായും വി. മുരളീധരന്‍ പറഞ്ഞു.