ഷാരൂഖ് ഖാൻ ആരാധകർക്കും രാജമൗലി ആരാധകർക്കും ഇത് ആഘോഷത്തിന്റെ ദിവസമാണ്. ലോകത്തെ സ്വാധിനീച്ച നൂറ് പേരുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ടൈം മാഗസിൻ. ലോകത്തെ സ്വാധീനിച്ച നൂറ് പേരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഷാരൂഖ് ഖാനും എസ്.എസ്. രാജമൗലിയും. വ്യാഴാഴ്ചയാണ് 2023-ലെ ലോകത്തെ സ്വാധീനിച്ച വ്യക്തികളുടെ പട്ടിക പുറത്തുവിട്ടത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ചാൾസ് രാജാവ്, ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്ക് എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
പന്ത്രണ്ട് ലക്ഷത്തിലധികം പേർ വോട്ട് രേഖപ്പെടുത്തുകയും ഷാരൂഖ് ഖാൻ അതിൽ നാല് ശതമാനം വോട്ട് നേടുകയും ചെയ്തു. ഷാരൂഖ് ഖാൻ എന്ന പ്രതിഭാസത്തെ കുറിച്ച് പറയാൻ തുടങ്ങിയാൽ വാക്കുകൾ മതിയാവില്ലെന്നാണ് നടി ദീപിക പദുകോൺ ടൈം മാഗസിൻ പ്രൊഫൈലിൽ കുറിച്ചത്. ഷാരൂഖ് ഖാൻ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായി അറിയപ്പെടുമെന്നും ധൈര്യവും ഉദാരമനസ്കതയും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വേറിട്ടുനിർത്തുന്നുവെന്നും ദീപിക കൂട്ടിച്ചേർത്തു.
പ്രേക്ഷകരെ അറിയുന്ന സംവിധായകനാണ് രാജമൗലിയെന്നാണ് ആലിയാ ഭട്ട് രാജമൗലിയുടെ പ്രൊഫൈലിൽ കുറിച്ചിരിക്കുന്നത്. അതിനാൽ അദ്ദേഹത്തെ താൻ മാസ്റ്റർ സ്റ്റോറി ടെല്ലർ എന്ന് വിളിക്കുമെന്നും ആലിയ കൂട്ടിച്ചേർത്തു. മൈക്കൽ ജോർദാൻ, സിറിയൻ വംശജരായ നീന്തൽ താരങ്ങളും ആക്ടിവിസ്റ്റുകളുമായ സാറ മർഡിനി, യുസ്ര മർഡിനി, ബെല്ലാ ഹാദിദ്, ഗായിക ബിയോൺസ്, എഴുത്തുകാരൻ സൽമാൻ റുഷ്ദി, ടെലിവിഷൻ അവതാരക പദ്മാ ലക്ഷ്മി, ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബാപ്പേ എന്നിവരും ലോകത്തെ സ്വാധീനിച്ച നൂറ് പേരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.