തിരുവനന്തപുരം: ജയിലുകളിൽ മത ചടങ്ങുകൾക്ക് ഏർപ്പെടുത്തിയ വിലക്കിൽ താത്കാലിക ഇളവ്. പെസഹ ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ നടത്താൻ അനുമതി നൽകി. കെസിബിസി അധ്യക്ഷൻ മാർ ക്ലിമ്മിസ് കത്തോലിക്ക ബാവ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഇതോടെ, ക്രൈസ്തവ സഭകളുടെ കൂട്ടായ്മ വെള്ളിയാഴ്ച്ച നടത്താനിരുന്ന സമരം പിൻവലിച്ചു. ജയിലിൽ മത ചടങ്ങുകൾക്ക് അനുമതി തേടുന്ന സംഘടനകൾക്കെല്ലാം അനുവാദം നൽകുമെന്ന് ജയിൽ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ ജയിലുകളിൽ മതപഠന ക്ലാസുകളും ആധ്യാത്മിക ക്ലാസുകളും വേണ്ടെന്നായിരുന്നു ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയുടെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട എല്ലാ അനുമതികളും കഴിഞ്ഞ മാസം 30 ഓടെ അവസാനിച്ചതായും മേധാവി അറിയിച്ചിരുന്നു. സംഭവം വാർത്തയായതിന് പിന്നാലെ പ്രതിഷേധവും ഉയർന്നു.
ഇതോടെ, ആധ്യത്മിക ക്ലാസുകൾ പൂർണമായും നിർത്താൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ആദ്യാത്മിക ക്ലാസുകൾക്കൊപ്പം മോട്ടിവേഷൻ ക്ലാസുകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നാണ് നിർദ്ദേശിച്ചതെന്നും വ്യക്തമാക്കി ജയിൽ മേധാവി രംഗത്തെത്തി. കല, കായിക, സാംസ്കാരിക, മാധ്യമ രംഗങ്ങളിൽ നിന്നുള്ള കൂടുതൽ പേരെ പാനലിൽ ഉൾക്കൊള്ളിക്കണം എന്ന് ജയിൽ സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകിയതായും വ്യക്തമാക്കി.