ജീവനക്കാർക്ക് ഏറ്റവും മികച്ച തൊഴിലിടം വാഗ്ദാനം ചെയ്യുന്ന കമ്പനികളിലൊന്നാണ് ഗൂഗിൾ. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടുത്തിടെ കമ്പനി ലോകമെമ്പാടുമുള്ള 12,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചെലവ് ചുരുക്കൽ നടപടികൾ ഗൂഗിൾ പരിഗണിക്കുന്നത്. ഇതിന്റെ ഭാഗമായി എഞ്ചിനീയറിംഗ് ടീമിന് മാത്രം സൗജന്യ ആപ്പിൾ മാക്ബുക്കുകൾ നൽകാനാണ് കമ്പനിയുടെ നീക്കം. എഞ്ചിനീയറിംഗ് ഇതര വിഭാഗത്തിലെ ജീവനക്കാർക്ക് ക്രോംബുക്ക് ലഭിക്കുമെന്നാണ് സിഎൻബിസി റിപ്പോർട്ട്.
ഇതിന് പുറമെ ജീവനക്കാർക്കുള്ള ഭക്ഷണ ബജറ്റും ലോണ്ടറി സേവനങ്ങൾ പോലുള്ള ആനുകൂല്യങ്ങളും ഗൂഗിൾ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ ഫിറ്റ്നസ് ക്ലാസുകൾ, സ്റ്റേപ്ലറുകൾ, ടേപ്പ്, ജീവനക്കാരുടെ ലാപ്ടോപ്പ് ഇടക്കിടെ മാറ്റുന്നത് എന്നിവക്കായി പണം ചെലവഴിക്കുന്നത് വെട്ടിക്കുറയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ഹൈബ്രിഡ് വർക്ക് മോഡലിന് അനുയോജ്യമായ രീതിയിൽ ഓഫീസ് സേവനങ്ങൾ പുനഃക്രമീകരിക്കുകയാണെന്ന് ഗൂഗിളിന്റെ ഫിനാൻസ് മേധാവി റൂത്ത് പോരാറ്റിന്റെ ഇമെയിലിൽ പറയുന്നു. കമ്പനിയുടെ കോംപ്ലക്സ് കഫേ ഉപയോഗം ചില ദിവസങ്ങളിൽ വളരെ കുറവാണെന്നും ഇമെയിൽ പറയുന്നുണ്ട്.
‘ഫിറ്റ്‌നസ് ക്ലാസുകളുടെയും ഷട്ടിൽ സർവീസിന്റെ സമയവും അവ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ച് മാറ്റും’ ഇമെയിലിൽ പറയുന്നു. ജീവനക്കാർ ഉപയോഗിക്കുന്ന ലാപ്ടോപ്പുകൾ അപ്ഡേറ്റ് ചെയ്യുന്നതും സ്വാപ്പ് ചെയ്യുന്നതും കുറയ്ക്കും. പുതിയ തലമുറയിലുള്ള ഉപകരണങ്ങൾക്ക് കൂടുതൽ ആയുസ്സും മികച്ച പ്രകടനവും ഉണ്ടെന്നും പോരാറ്റിന്റെ ഇമെയിലിൽ പറയുന്നു.
നേരത്തെ സൂചിപ്പിച്ചതു പോലെ, പുതിയ ലാപ്ടോപ്പ് ആവശ്യമുള്ളതും എന്നാൽ എഞ്ചിനീയറിംഗ് തസ്തികകളിൽ അല്ലാത്തതുമായ ജീവനക്കാർക്ക് ക്രോംബുക്ക് നൽകുമെന്ന് കമ്പനി വ്യക്തമാക്കി. മാത്രമല്ല 1,000 ഡോളറിൽ കൂടുതൽ വിലയുള്ള ഒരു ഉപകരണം ഉപയോഗിക്കാൻ ജീവനക്കാർക്ക് ഡയറക്ടറുടെയോ അതിനു മുകളിലോ ഉള്ള മേലധികാരിയിൽ നിന്നുള്ള അനുമതി ആവശ്യമാണ്.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കമ്പനിയിലെ പ്രിന്റ് സ്റ്റേഷനുകളിൽ ഇനിമുതൽ സ്റ്റേപ്ലറുകളും ടേപ്പും പോലെയുള്ള ഓഫീസ് സപ്ലൈകൾ നൽകില്ലെന്നും കമ്പനി അറിയിച്ചു. ഇമെയിലിൽ 2008-ലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പോരാറ്റ് രണ്ടുതവണ പരാമർശിച്ചു.
ഇത്രയും വലിയൊരു കമ്പനിക്ക് ഉപകരണങ്ങൾ ഒരു പ്രധാന ചെലവായതിനാൽ ഇത്തരം ചെലവുകൾ ചുരുക്കേണ്ടതുണ്ടെന്നും ഇമെയിലിൽ വ്യക്തമാക്കി. ഗൂഗിളിന്റെ ഇന്ത്യയിലെ പ്രധാന ഓഫീസുകൾ ബെംഗളൂരു, ഗുരുഗ്രാം, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലാണ്. അതേസമയം, ഇന്ത്യൻ ഓഫീസുകളിൽ എന്തെല്ലാം മാറ്റങ്ങളാണ് നടപ്പിലാക്കുകയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
നേരത്തെ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബറ്റ് ലോകമെമ്പാടുമുള്ള 12,000 ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. റിക്രൂട്ടിംഗ് വിഭാഗം, കോർപ്പറേറ്റ് ഫംഗ്ഷനുകൾ കൈകാര്യം ചെയ്യുന്ന വിഭാഗം, എഞ്ചിനീയറിംഗ് വിഭാഗം, ഉല്പാദന വിഭാഗം എന്നിവയുൾപ്പെടെ കമ്പനിയിലുടനീളമുള്ള എല്ലാ മേഖലയിലും പിരിച്ചു വിടലിന്റെ ആഘാതം ഉണ്ടായിരുന്നു.