കോട്ടയം: അവര്‍ണ- സവര്‍ണ വ്യത്യാസമില്ലാതെ ദേശസ്നേഹികള്‍ എല്ലാവരും ഒരുമിച്ചുനിന്ന് അയിത്തത്തിനെതിരെ പോരാടിയ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേളയില്‍ സത്യഗ്രഹകാലത്തിന്റെ ഓര്‍മയുടെ ശേഷിപ്പായി വൈക്കം പഴയ ബോട്ട് ജെട്ടി ഒരു ചരിത്രസ്മാരകം പോലെ നിലകൊള്ളുന്നു.
വൈക്കം സത്യഗ്രഹത്തിന് പ്രചോദനവും ആവേശവുമായി മാറിയത് മഹാത്മാഗാന്ധിയുടെ വരവാണ്. 1925 മാര്‍ച്ച് ഒന്‍പതിന് സത്യഗ്രഹത്തില്‍ പങ്കെടുക്കാനായി എറണാകുളത്തുനിന്ന് കായല്‍മാര്‍ഗമെത്തിയ മഹാത്മാഗാന്ധി വൈക്കം ബോട്ട്ജെട്ടിയിലാണ് വന്നിറങ്ങിയത്. ഗാന്ധിജിയെ ഇവിടെവെച്ച് കെ. കേളപ്പന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ മംഗളപത്രം നല്‍കി സ്വീകരിച്ചു. അന്നേദിവസം മൗനവ്രതത്തില്‍ ആയതിനാല്‍ അദ്ദേഹം ആരോടും സംസാരിച്ചില്ല.
ഗാന്ധിജിയുടെ രണ്ടാം കേരള സന്ദര്‍ശനവുമായിരുന്നു ഇത്.ഒരു നാടിന്റെ ഐതിഹാസിക പോരാട്ടത്തിന്റെ ഭാഗമായ വൈക്കം പഴയ ബോട്ട് ജെട്ടി ജലഗതാഗതത്തിനും ടൂറിസത്തിനും ഉപയോഗിക്കപ്പെട്ടു. മറുകരയുമായും എറണാകുളമുള്‍പ്പെടെയുള്ള വലിയ പട്ടണങ്ങളിലേക്കും വൈക്കത്തുകാരുടെ എളുപ്പമാര്‍ഗമായി ബോട്ട് ജെട്ടി മാറി. പഴയ ബോട്ട് ജെട്ടിയ്ക്ക് സമീപമായി പണിപൂര്‍ത്തിയായ പുതിയ ബോട്ട് ജെട്ടിയില്‍ നിന്നാണ് ഇപ്പോള്‍ സര്‍വീസുകള്‍ നടക്കുന്നത്. 2021ല്‍ ഇറിഗേഷന്‍ വകുപ്പിന്റെ സഹായത്തോടെ 42 ലക്ഷം രൂപ ചെലവില്‍ പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തി. രാജഭരണത്തിന്റെ ശംഖമുദ്രയോടെ ഇന്നും പഴയ ബോട്ട് ജെട്ടി നിലകൊള്ളുന്നു.