പാലക്കാട്: സേവനങ്ങളുടെ കാഴ്ചകളുടെ വിസ്മയങ്ങളുടെ പ്രഭാപൂരമൊരുക്കി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇന്‍ഫര്‍മേന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ‘എന്റെ കേരളം-പ്രദര്‍ശന വിപണന മേള-2023’ ഏപ്രില്‍ ഒന്‍പതിന് വൈകിട്ട് ആറിന് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി തിരിതെളിക്കും.
തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും. പൊതുജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കുന്ന മേളയില്‍ ഏഴ് ദിവസവും ആകര്‍ഷകമായ കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ‘യുവതയുടെ സന്തോഷം’ എന്ന വിഷയം അടിസ്ഥാനമാക്കി സജ്ജമാക്കുന്ന മേളയില്‍ യുവാക്കളെ കേന്ദ്രീകരിച്ച് ജോബ് ഡ്രൈവ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സേവനങ്ങള്‍, നവസംരംഭകര്‍ക്കായി ലോണ്‍ അപേക്ഷ സ്വീകരിക്കല്‍, പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ തുടങ്ങിയവയുണ്ടാകും. പ്രവേശനം സൗജന്യമാണ്. ശീതീകരിച്ച 200 സ്റ്റാളുകളില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ വിവിധ സേവനങ്ങളും പ്രദര്‍ശനങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്. ഉദ്ഘാടനത്തിന് മുന്നോടിയായി സൈക്കിള്‍ റാലിയും ഘോഷയാത്രയും നടക്കും.
ഉദ്ഘാടന പരിപാടിയില്‍ എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, രമ്യ ഹരിദാസ് എന്നിവര്‍ വിശിഷ്ടാതിഥികളാവും. എം.എല്‍.എമാരായ ഷാഫി പറമ്ബില്‍, അഡ്വ. കെ. ശാന്തകുമാരി, കെ. ബാബു, മുഹമ്മദ് മുഹ്‌സിന്‍, പി. മമ്മിക്കുട്ടി, അഡ്വ. എന്‍. ഷംസുദ്ദീന്‍, അഡ്വ. കെ. പ്രേംകുമാര്‍, കെ.ഡി പ്രസേനന്‍, പി.പി സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, വാര്‍ഡ് കൗണ്‍സിലര്‍ ബി. സുഭാഷ്, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഏപ്രില്‍ 15 ന് മേള സമാപിക്കും.