അട്ടപ്പാടി മധു കൊലക്കേസ്; വിധി ഈ മാസം 30ന്

0
57

തിരുവനന്തപുരം: മധു കേസിലെ വിധി ഈ മാസം 30ന്. കേസില്‍ വിചാരണ തുടങ്ങിയത് മുതല്‍ തുടര്‍ച്ചയായി സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.

സാക്ഷികളില്‍ പലരും കോടതിയില്‍ എത്തിയതു പോലും പ്രതികള്‍ക്കൊപ്പം. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെ കൂറുമാറ്റം ഒരു പരിധി വരെ തടയാന്‍ പ്രോസിക്യൂഷന് സാധിച്ചു. കോടതിയില്‍ കൂറുമാറിയ സാക്ഷി കക്കി മൂപ്പന്‍ പിന്നീട് കുറ്റബോധത്താല്‍ മൊഴി മാറ്റുന്ന കാഴ്ചയും വിചാരണയ്ക്കിടെ ഉണ്ടായി.

അട്ടപ്പാടി മധു കേസില്‍ കക്കി മൂപ്പന്‍ അടക്കം ആകെ 122 സാക്ഷികളാണുള്ളത്. ഇതില്‍ വിസ്തരിച്ചത് 103 പേരെ.10 മുതല്‍ 17 വരെയുള്ള സാക്ഷികളാണ് രഹസ്യമൊഴി നല്‍കിയത്. 2022 ഏപ്രില്‍ 28 നാണ് സാക്ഷി വിസ്താരം തുടങ്ങിയത്. ഇന്‍ക്വസ്റ്റ് സാക്ഷി വെള്ളങ്കരിയെ വിസ്തരിച്ചാണ് തുടക്കം. തൊട്ടടുത്ത ദിവസങ്ങളിലായി ദൃക്സാക്ഷികള്‍ അടക്കം കൂറുമാറി. രഹസ്യമൊഴി നല്‍കിയ 8 പേരില്‍ 13-ാം സാക്ഷി സുരേഷ് കുമാര്‍ മാത്രമാണ് മൊഴിയില്‍ ഉറച്ചു നിന്നത്. അഡ്വ. സി. രാജേന്ദ്രനെ മാറ്റി രാജേഷ് എം. മേനോനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടും കൂറുമാറ്റം തുടര്‍ന്നു. പ്രോസിക്യൂഷന് സാക്ഷികളെ കാണാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥ.

ജാമ്യം നേടി പുറത്തുള്ള പ്രതികളും സാക്ഷികളും ഒരേ നാട്ടുകാരാണ്. സാക്ഷികളിലേറെയും പ്രതികളെ ആശ്രയിച്ചു കഴിയുന്നവര്‍. വിചാരണ തുടങ്ങാന്‍ വൈകിയതും കൂറുമാറ്റം എളുപ്പത്തിലാക്കി. ഇതോടെയാണ് സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. പ്രതികളും സാക്ഷികളും പോലീസ് നിരീക്ഷണത്തിലായി. പ്രതികളുടെ ഫോണ്‍ കോളുകളും പണമിടപാടുകളും പൊലീസ് കൃത്യമായി പരിശോധിച്ചു. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയും സാക്ഷികളെ ഫോണില്‍ വിളിച്ചെന്ന് കണ്ടെത്തി. പ്രധാന ഇടനിലക്കാരന്‍ ആനവായി സ്വദേശി ആഞ്ചന്‍. ആസൂത്രിതമായ കൂറുമാറ്റം നടന്നെന്ന് വന്നതോടെ 12 പ്രതികളുടെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here