വിദ്യാർത്ഥിനിയെ തോർത്ത് ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് പിടിക്കാൻ ശ്രമം

0
50

ഇടുക്കിയിൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥിനിക്കു നേരേ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. ബിഹാർ സ്വദേശിയായ യുവാവാണ് പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചത്. യുവാവ് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി മരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

നെടുങ്കണ്ടം സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെയാണ് കഴിഞ്ഞ ദിവസം ബീഹാർ സ്വദേശിയായ യുവാവ് അതിക്രമം കാട്ടിയത്. നെടുങ്കണ്ടം തൂക്കുപാലം വെസ്റ്റുപാറയിൽ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം അരങ്ങേറിയത്. പത്താം ക്ലാസ് മോഡൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോയ പെൺകുട്ടിയെയാണ് ബിഹാർ സ്വദേശി ആക്രമിച്ചത്. പെൺകുട്ടിയെ വഴിയരുകിൽ കാത്തു നിന്ന പ്രതി കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കൂട്ടുകാരികളോടൊപ്പം സ്കൂളിൽ നിന്ന് വീട്ടിലേക്കു പോയ പെൺകുട്ടിയെ നെടുങ്കണ്ടം തൂക്കുപാലം വെസ്റ്റുപാറയിൽ കാത്തു നിന്ന പ്രതി പിടികൂടാൻ കശ്രമിക്കുകയായിരുന്നു. യുവാവ് പെൺകുട്ടിയെ ആക്രമിക്കുന്നത് കണ്ട് വിദ്യാർത്ഥിനിക്ക് ഒപ്പമുണ്ടായിരുന്ന സഹപാഠികൾ ഭയന്ന് നിലവിളിച്ചു. ബീഹാർ സ്വദേശി പെൺകുട്ടിയുടെ സമീപത്തേക്ക് ചെന്ന് കടന്നുപിടിക്കാൻ ശ്രമിച്ചതോടെ ഭയന്നുപോയ പെൺകുട്ടി നിലവിളിച്ചുകൊണ്ട് തിരിച്ചോടി. ഇതിനിടെ തൻ്റെ കെെയിലുള്ള തോർത്ത് ഉപയോഗിച്ച് പ്രതി പെൺകുട്ടിയുടെ കഴുത്തിൽ കുരുക്കിട്ട് പിടിക്കാൻ ശ്രമിക്കുകയായിരുന്നു.

ഇതിനിടെ പെൺകുട്ടിയുടെ നിലവിളി കേട്ട് സമീപത്തെ വീടുകളിൽ നിന്ന് ആളുകൾ ഓടിക്കൂടി. പെൺകുട്ടിയെ പിടികൂടി ഭീഷണി സൃഷ്ടിച്ച പ്രതിയെ നാട്ടുകാർ കൂട്ടം ചേർന്നാണ് കീഴ്പ്പെടുത്തിയത്. സ്ഥലകാലബോധമില്ലാത്തതു പോലെയാണ് പ്രതി പെരുമാറിയതെന്നും നാട്ടുകാർ പറയുന്നു. പെൺകുട്ടിയെ പ്രതിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനിടയിൽ ചില വ്യക്തികൾ പ്രതിയെ മർദ്ദിക്കാൻ ശ്രമിച്ചതായും പറയപ്പെടുന്നുണ്ട്. എന്നാൽ ലഹരി മരുന്ന് ഉപയോഗിച്ചതിനാൽ പ്രതി ആ സമയത്തും ചിരിച്ചുകൊണ്ടു നിൽക്കുകയായിരുന്നു എന്നാണ് വിവരം.

കഞ്ചാവ് ലഹരിയിലായിരുന്ന യുവാവിനെ പിടികൂടിയ ശേഷം നാട്ടുകാർ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ബീഹാർ സ്വദേശിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. അതിനുശേഷം തൊഴിലുടമയോട് ഇയാളെ തിരികെ നാട്ടിലേക്ക് അയക്കാൻ നിർദേശം നൽകുകയായിരുന്നു. ഇന്നുതന്നെ ഇയാളെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് പൊലീസ് നിർദ്ദേശം നൽകിയിരിക്കുന്നത്. യുവാവ് കഞ്ചാവിന് അടിമയാണെന്നും പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here