തിരുവനന്തപുരം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഒരിടവേളയ്‍ക്ക് ശേഷം ഇക്കുറിയാണ് കേരള സ്‍ട്രൈക്കേഴ്‍സ് പങ്കെടുക്കുന്നത്. ടീമിന്‍റെ പ്രതീക്ഷകളെക്കുറിച്ചും. വിവാദങ്ങളെക്കുറിച്ചും പ്രതികരിക്കുകയാണ് ടീമിലെ പ്രധാന അംഗമായ ഉണ്ണി മുകുന്ദന്‍. തെലുഗ് വാരിയേര്‍സുമായുള്ള സിസിഎല്ലിലെ കേരള സ്‍ട്രൈക്കേഴ്‍സിന്‍റെ ആദ്യ മത്സരത്തില്‍ ടീമിനെ നയിച്ചതും ഉണ്ണി മുകുന്ദനായിരുന്നു.
അമ്മ സിസിഎല്‍ വിവാദം വലിയൊരു ഭയങ്കര സംഭവമായി കാണുന്നില്ലെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. എല്ലാവരും കളിയോട് ഇഷ്ടമുള്ളതിനാലാണ് മത്സരിക്കുന്നത് എന്ന് താരം പറഞ്ഞു. അതേ സമയം രണ്ട് കളികള്‍ അടുപ്പിച്ച് തോല്‍വി അറിഞ്ഞതില്‍ വളരെ ഗൌരവമായ വിലയിരുത്തലാണ് ഉണ്ണി നടത്തിയത്.
സിസിഎല്ലില്‍ മത്സരിക്കുന്ന കേരള സ്ട്രൈക്കേഴ്സിന് വലിയൊരു ഫാന്‍ ബേസ് കേരളത്തിലുണ്ട്. ആദ്യത്തെ രണ്ട് കളി തോറ്റപ്പോള്‍ തന്നെ അതിന്‍റെ ഒരു വ്യാപ്തി മനസിലായി. തോറ്റപ്പോള്‍ ആരാധകരുടെ സങ്കടവും ദേഷ്യവും ഒക്കെ ഓണ്‍ലൈനില്‍ കാണുന്നുണ്ട്. അടിസ്ഥാനപരമായി അത് ഈ ടീമിനോടുള്ള ഇഷ്ടമാണ്. ഞാന്‍ അടക്കം ഈ ടീമില്‍ വന്നു പോകുന്ന താരങ്ങളാണ്. ഞാന്‍ ഇപ്പോള്‍ ടീമിന്‍റെ പ്രശ്നമായി മനസിലാക്കുന്നത് സിസിഎല്ലിന്‍റെ പുതിയ ഫോര്‍മാറ്റാണ്. മികച്ച കളിക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഇറക്കാന്‍ നമ്മുടെ ടീമിന് സാധിച്ചിട്ടില്ല. ഒരു വര്‍ഷം മുഴുവന്‍ പ്രാക്ടീസ് ചെയ്യുന്നര്‍ അല്ലല്ലോ താരങ്ങള്‍ അതിനാല്‍ അവരെ ചില സ്ഥലത്ത് തന്ത്രപരമായി ഇറക്കുമ്പോള്‍ അത് വിജയിക്കുന്നില്ല – ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ചിലപ്പോള്‍ ഫോമിലായിരിക്കുന്ന ബൌളറെ ബോള്‍ ചെയ്യാന്‍ സാധിക്കാറില്ല, ചിലപ്പോള്‍ ബാറ്റിംഗിലും അത് പറ്റുന്നു. അത് ഇങ്ങനെ ചെയ്യാമായിരുന്നില്ലെ എന്ന് ഓണ്‍ലൈനില്‍ കാണുമ്പോള്‍ സങ്കടം തോന്നും. പക്ഷെ ചില റൂള്‍സ് ഫോളോ ചെയ്യണം. ഇതൊന്നും ഗെയിം തോറ്റതിന് ന്യായീകരണമല്ല. ചില വെല്ലുവിളികള്‍ ഉണ്ട്. ജെനുവിനായി ടീം ശ്രമം നടത്തുന്നുണ്ട്. അടുത്ത അഞ്ചാം തീയതി മുംബൈയുമായുള്ള കളിയില്‍ ഞങ്ങള്‍ വളരെ ഗൌരവമായാണ് എടുക്കുന്നത്. കഴിഞ്ഞ രണ്ട് കളിയിലും നമ്മള്‍ 200 മുകളില്‍ സ്കോര്‍ ചെയ്തിട്ടുണ്ട്. എതിര്‍ ടീം നന്നായി കളിച്ചു. അടുത്ത രണ്ട് കളിയിലും പരമാവധി പരിശ്രമം നടത്തും.
ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ടാണ് ക്രിക്കറ്റും അഭിനയവും ഒന്നിച്ച് കൊണ്ടു പോകുന്നത്. ഇപ്പോള്‍ തന്നെ ടീമിലെ നന്നായി കളിക്കുന്ന പലതാരങ്ങളും ഷൂട്ടിംഗിലാണ്. അതില്‍ നിന്നും സമയം കണ്ടെത്തി വരുക എന്നത് വലിയ വെല്ലുവിളിയാണ്. അത്തരത്തില്‍ പ്രാക്ടീസ് ഇല്ലാതെ പെട്ടെന്ന് കളത്തിലിറങ്ങുമ്പോള്‍ ഉള്ള പ്രതിസന്ധിയുണ്ട്. എന്നാലും കളിയോടുള്ള ഇഷ്ടത്തില്‍ എല്ലാവരും കളിക്കുന്നു, ജയിക്കാന്‍ തന്നെയാണ് കളിക്കുന്നത് – ഉണ്ണി പറയുന്നു.