കറാച്ചി: പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ പുതിയ പതിപ്പിൽ അച്ഛൻ പരിശീലിപ്പിക്കുന്ന ടീമിനെതിരെ ബാറ്റിങ് വെടിക്കെട്ടുമായി പാക്ക് യുവതാരം. പാക്കിസ്ഥാന്റ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരില്‍ ഒരാളായിരുന്ന മോയിൻ ഖാൻ പരിശീലിപ്പിക്കുന്ന ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരെ ഇസ്‍ലാമാബാദ് യുണൈറ്റഡിനായി മകൻ അസം ഖാനാണ് തകർപ്പൻ പ്രകടനം പുറത്തെടുത്തത്.
പിതാവിനെ സാക്ഷിയാക്കി തകർത്തടിച്ച അസം ഖാൻ മത്സരത്തിൽ 42 പന്തിൽ 97 റൺസ് നേടി. അവസാന പന്തിൽ സെഞ്ചറി തികയ്ക്കാൻ അവസരമുണ്ടായിരുന്നെങ്കിലും, ആ പന്തിൽ ക്ലീൻ ബൗൾഡായതോടെയാണ് അസം ഖാൻ 97 റൺസിൽ ഒതുങ്ങിയത്.
മത്സരത്തിൽ അർധസെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ സ്വന്തം നെഞ്ചിലിടിച്ച് എതിർ ടീം പരിശീലകനായ പിതാവിനു നേരെ വിരൽ ചൂണ്ടി ആഹ്ളാദം പങ്കുവച്ച അസം ഖാന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഒഡീൻ സ്മിത്ത് എറിഞ്ഞ 20ാം ഓവറിലെ നാലാം പന്തിൽ സിക്സും അഞ്ചാം പന്തിൽ ഫോറും കണ്ടെത്തി വ്യക്തിഗത സ്കോർ 97 റൺസിൽ എത്തിച്ച അസം ഖാൻ അവസാന പന്തിൽ ക്ലീൻ ബൗൾഡായി.
Azam Khan started his #HBlPSL with Quetta Gladiators
Initially many criticised him but being part of those few supporters who trusted in his talent from day1 u feel delightful & emotional to see his magnificent knock with fiery strike rate even though its for IU#QGvIU #IUvsQG pic.twitter.com/jNF00uSxmi— Khadija (@khadijadtweets) February 24, 2023
മത്സരത്തിലാകെ 42 പന്തിൽ 9 ഫോറും 9 കൂറ്റൻ സിക്സറുകളും സഹിതമാണ് അസം ഖാൻ 97 റൺസെടുത്തത്. നസിം ഷാ, മുഹമ്മദ് ഹസ്നയ്ൻ, ഒഡീൻ സ്മിത്ത്, മുഹമ്മദ് നവാസ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന ടീമിനെതിരെയായിരുന്നു അസം ഖാന്റെ ബാറ്റിങ് വെടിക്കെട്ട്.
അസം ഖാനു പുറമെ 24 പന്തിൽ 42 റൺസടിച്ച ആസിഫ് അലി, 22 പന്തിൽ 38 റൺസടിച്ച കോളിൻ മൺറോ എന്നിവർ കൂടി ചേർന്നതോടെ, ഇസ്‍ലാമാബാദ് യുണൈറ്റഡ് നിശ്ചിത 20 ഓവറിൽ നേടിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 220 റൺസ്.
സർഫറാസ് അഹമ്മദ് ക്യാപ്റ്റനും മോയിൻ ഖാൻ പരിശീലകനുമായ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ മറുപടിയാകട്ടെ, 19.1 ഓവറിൽ 157 റൺസിൽ അവസാനിച്ചു. ഗ്ലാഡിയേറ്റേഴ്സിന്റെ തോൽവി 63 റൺസിന്. 26 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 48 റൺസെടുത്ത മുഹമ്മദ് ഹഫീസാണ് അവരുടെ ടോപ് സ്കോറർ.