സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് ജമ്മു കശ്മീരില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താല്‍കാലികമായി നിര്‍ത്തിവെച്ചു. കൂടുതല്‍ സുരക്ഷ ഒരുക്കുന്നത് വരെ യാത്ര ആരംഭിക്കില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പോലീസ് സംവിധാനം തകര്‍ന്നുവെന്നും സുരക്ഷാ ക്രമീകരണങ്ങളില്‍ തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തൃപ്തരായിരുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നടത്തം തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ സുരക്ഷാ വീഴ്ച വരുത്തിയെന്നാരോപിച്ച് ജമ്മു കശ്മീരിലെ ബനിഹാലിലെ ഖാസിഗണ്ടില്‍ 20 മിനിറ്റ് യാത്ര നിര്‍ത്തിവെച്ചിരുന്നു. പിന്നാലെ രാഹുല്‍ ഗാന്ധിയെ കാറില്‍ കയറ്റിവിടുകയായിരുന്നു. സുരക്ഷാ വീഴ്ചയുണ്ടായതായി കെസി വേണുഗോപാലാണ് ആരോപണം ഉന്നയിച്ചത്.
‘ഒരു സുരക്ഷയുമില്ല. സുരക്ഷയില്ലാതെ രാഹുല്‍ ഗാന്ധിയെ മുന്നോട്ട് പോകാന്‍ അനുവദിക്കാനാകില്ല. അദ്ദേഹം നടക്കാന്‍ ആഗ്രഹിച്ചാലും നമുക്ക് അത് അനുവദിക്കാനാവില്ല. മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തണം,” കെസി വേണുഗോപാല്‍ പറഞ്ഞു.