ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടരുമ്പോൾ, ‘ഇന്ത്യ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ’ ഫലങ്ങൾ കാണിക്കുന്നത്, പ്രതികരിച്ചവരിൽ 69 ശതമാനം പേരും രാജ്യത്ത് ഈ നിയമനിർമ്മാണം നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നതാണ്. സർവേയിൽ മൊത്തം 1,40,917 പേരാണ് പ്രതികരിച്ചത്. സിവോട്ടർ റെഗുലർ ട്രാക്കറിൽ നിന്നുള്ള 1,05,008 അഭിമുഖങ്ങളും ഇതിനായി വിശകലനം ചെയ്‌തു.

ഏകീകൃത സിവിൽ കോഡ് എല്ലാ മത-സമുദായങ്ങൾക്കും ഒരു പൊതു നിയമം ഉറപ്പാക്കുകയും സ്വത്ത്, വിവാഹം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളിലും മറ്റും വ്യക്തിനിയമങ്ങൾ മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നതാണ്. ഭരണഘടനയിൽ സ്ഥാനം നൽകിയിട്ടും ഏകീകൃത സിവിൽ കോഡ് ഒരു തർക്കവിഷയമായി ഇപ്പോഴും തുടരുകയാണ്.
“ഇന്ത്യയുടെ എല്ലാ പ്രദേശത്തുടനീളമുള്ള പൗരന്മാർക്കും ഒരു ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ സ്‌റ്റേറ്റ് ശ്രമിക്കണം” ഇന്ത്യൻ ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിൽ പറയുന്നു. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുമെന്ന് വാഗ്‌ദാനം ചെയ്യുകയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ കാഴ്‌ചപ്പാടുകൾ പഠിക്കാൻ വിരമിച്ച ജഡ്‌ജിമാരുടെ നേതൃത്വത്തിൽ പാനലുകൾ രൂപീകരിക്കുകയും ചെയ്‌തിരുന്നു.
അതേസമയം, രാജ്യത്ത് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ എല്ലാ ജനാധിപത്യ പ്രക്രിയകളും അതിനെക്കുറിച്ചുള്ള ചർച്ചകളും പിന്തുടർന്ന് മാത്രമേ ഇത് നടപ്പിലാക്കുകയുള്ളൂവെന്നും കഴിഞ്ഞ വർഷം നവംബറിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
“ഒരു രാജ്യവും അവിടുത്തെ സംസ്ഥാനങ്ങളും മതേതരമാണെങ്കിൽ, എങ്ങനെയാണ് നിയമങ്ങൾ മതത്തെ അടിസ്ഥാനമാക്കിയാവുന്നത്? എല്ലാവർക്കുമായി പാർലമെന്റോ സംസ്ഥാന അസംബ്ലിയോ പാസാക്കുന്ന ഒരു നിയമം വേണം” അമിത് ഷാ പറഞ്ഞു.