കൊച്ചി: മട്ടാഞ്ചേരിയിലെ ഹോട്ടലിൽനിന്നു നൽകിയ ബിരിയാണിയിൽ ചത്ത പഴുതാരയെ കണ്ടെത്തി. മട്ടാഞ്ചേരി കായിയാസ് ഹോട്ടലിൽനിന്നു തൃശൂർ സ്വദേശികളായ കുടുംബം വാങ്ങിയ ബിരിയാണിയിലാണ് പഴുതാരയെ കണ്ടെത്തിയത്. പരാതിയെ തുടർന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചു. ഹോട്ടലിൻ്റെ അടുക്കളയിൽ നടത്തിയ പരിശോധനയിൽ എലികളെയും എലിക്കാഷ്ഠവും കണ്ടെത്തി. ഇതേ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്കു തൃശൂർ സ്വദേശികളായ കുടുംബം ഹോട്ടലിൽനിന്നു ബിരിയാണി കഴിച്ചപ്പോഴാണ് പഴുതാരയെ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഹോട്ടലിൻ്റെ അടുക്കളയിൽ എലികളെയും എലിക്കാഷ്ഠവും കണ്ടെത്തി. അതിനിടെ, ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചത് മട്ടാഞ്ചേരിയിൽ തന്നെയുള്ള ഹോട്ടൽ കായീസ് ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത് തെറ്റാണെന്നും തങ്ങളുടെ എതിർവശത്തുള്ള കായിയാസ് ഹോട്ടലിനെതിരെയാണ് നടപടിയെടുത്തതെന്നും കായീസ് ഹോട്ടലിൻ്റെ നടത്തിപ്പുകാർ അറിയിച്ചു.
അതേസമയം ജില്ലയിലെ പറവൂർ, കൊച്ചി, ഇരുമ്പനം, കാക്കനാട് എന്നിവിടങ്ങളിലെ 50 ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. നാല് സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. ഗുരുതരമായ വീഴ്ച കണ്ടെത്തിയ ഫോർട്ടുകൊച്ചി എ വൺ, മട്ടാഞ്ചേരി സിറ്റി സ്റ്റാർ, കാക്കനാട് ഷേബ ബിരിയാണി എന്നീ ഹോട്ടലുകളുടെയും ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഇരുമ്പനം ഗുലാൻ തട്ടുകട, നോർത്ത് പറവൂർ മജിലിസ് എന്നീ ഹോട്ടലുകളുടെയും പ്രവർത്തനം അവസാനിപ്പിച്ചു.