ന്യൂഡൽഹി• മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിൽ പ്രതിഷേധം നടക്കുന്നതിനിടെ, ‘ജാഗ്രതയോടെ തയാറായിരിക്കുക’ എന്ന് മഹാരാഷ്ട്ര പൊലീസിന് നിർദേശം. സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കാൻ എല്ലാ നടപടികളും ഉണ്ടാകുമെന്ന് മഹാരാഷ്ട്ര ഡിജിപി രാജ്നിഷ് സേഠ് പറഞ്ഞു.
‘മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പ്രസിഡന്റ് രാജ് താക്കറെയുടെ പ്രസംഗം പരിശോധിക്കും. ആവശ്യമുണ്ടെങ്കിൽ നിയമനടപടികളെടുക്കും. ഏതു ക്രമസമാധാന സാഹചര്യത്തെയും നേരിടാൻ സേന സജ്ജമാണ്. സമാധാനം നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും.
പൊലീസുകാരുടെ അവധികളെല്ലാം റദ്ദാക്കി. സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സിന്റെ (എസ്ആർപിഎഫ്) 87 കമ്പനിയും 30,000 ഹോം ഗാർഡുകളെയും സംസ്ഥാനത്താകെ വിന്യസിച്ചിട്ടുണ്ട്. ആരും നിയമം കൈയിൽ എടുക്കരുത്. സമാധാനം നിലനിർത്തണം’ – രാജ്നിഷ് സേഠ് വ്യക്തമാക്കി.
ഔറംഗബാദിലെ റാലിക്കിടെ മുസ്‌ലിം പള്ളികൾക്കു മുകളിലുള്ള ഉച്ചഭാഷിണികൾ മേയ് മൂന്നിനകം നീക്കണമെന്ന് രാജ് താക്കറെ അന്ത്യശാസനം നൽകിയിരുന്നു. ഇല്ലെങ്കിൽ പിന്നീട് സംഭവിക്കുന്നതിന് താൻ ഉത്തരവാദിയല്ലെന്നും താക്കറെ വ്യക്തമാക്കിയിരുന്നു. മേയ് 4 മുതൽ മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണികളെക്കാൾ ഉച്ചത്തിൽ ഹിന്ദുക്കൾ ഹനുമാന്‍ ചാലിസ ചൊല്ലുമെന്നും എംഎൻഎസ് മേധാവി ഭീഷണിപ്പെടുത്തിയിരുന്നു.